Connect with us

Ongoing News

റിബറിയും ഇല്ല !

Published

|

Last Updated

പാരിസ്: ഫ്രാന്‍സിന്റെ ലോകകപ്പ് പ്രതീക്ഷകള്‍ അസ്തമിച്ചു ! സൂപ്പര്‍ പ്ലേ മേക്കറും വിംഗറുമായ ഫ്രാങ്ക് റിബറി പുറം വേദനയെ തുടര്‍ന്ന് ലോകകപ്പ് ടീമില്‍ നിന്ന് പുറത്ത്. റിബറിയെ കൂടാതെ അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ ക്ലെമെന്റ് ഗ്രെനിയറും ഫ്രഞ്ച് നിരയില്‍ നിന്ന് പുറത്തായെന്ന് കോച്ച് ദിദിയര്‍ ദെഷാംസ് അറിയിച്ചു. 23 അംഗ അന്തിമ സ്‌ക്വാഡ് പ്രഖ്യാപിച്ചതിന് ശേഷം മൂന്ന് പേരെയാണ് ഫ്രാന്‍സിന് നഷ്ടമായത്. നേരത്തെ രണ്ടാം ഗോളി സ്റ്റീവ് മന്‍ഡാന്‍ഡെക്കും പരിക്ക് ദുരന്തം സൃഷ്ടിച്ചിരുന്നു.
ഒരുമിച്ചുള്ള പരിശീലന സെഷനില്‍ റിബറിയും ഗ്രെനിയറും വേദന കാരണം വിട്ടു നിന്നതോടെയാണ് ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കാന്‍ കോച്ച് ദിദിയര്‍ ദെഷാംസ് നിര്‍ബന്ധിതനായത്.
ബയേണ്‍ മ്യൂണിക്കിന്റെ മിഡ്ഫീല്‍ഡിലെ നെടുംതൂണായ റിബറി ഫിഫ ലോകഫുട്‌ബോളര്‍ പട്ടത്തിനായി ക്രിസ്റ്റ്യാനോയോട് ഇഞ്ചോടിഞ്ച് മത്സരിച്ച താരമാണ്. സിനദിന്‍ സിദാന് ശേഷം ഫ്രാന്‍സിന് ലഭിച്ച പ്രതിഭാധനനായ താരം. രണ്ട് ലോകകപ്പ് കളിച്ച റിബറിക്ക് സിദാനെ പോലെ ടീമിനെ ഉയരങ്ങളിലെത്തിക്കാന്‍ സാധിച്ചിട്ടില്ല. അവസാന ലോകകപ്പാകുമെന്ന് കരുതുന്ന ബ്രസീലില്‍ റിബറി വലിയ സ്വപ്‌നനേട്ടങ്ങള്‍ മനസില്‍ നെയ്തിരുന്നു. വിടാതെ പിന്തുടര്‍ന്ന പുറം വേദനയില്‍ അതെല്ലാം ഇല്ലാതായി. റിബറിക്ക് പകരം മോര്‍ഗന്‍ ഷ്‌നീര്‍ഡര്‍ലിനെയും ഗ്രെനിയര്‍ക്ക് പകരം റെമി കാബെലയെയും ടീമിലുള്‍പ്പെടുത്തി. യോഗ്യതാ റൗണ്ടില്‍ ഫ്രാന്‍സിന്റെ തുരുപ്പ് ചീട്ടായിരുന്നു റിബറി. അഞ്ച് ഗോളുകള്‍ നേടിയ റിബറി ഫ്രാന്‍സ് നേടിയ മറ്റ് ഗോളുകളിലെല്ലാം തന്നെ തന്റെതായ ടച് നടത്തിയിരുന്നു. മെയ് പതിനേഴിന് ബയേണ്‍ മ്യൂണിക്കിനായി ജര്‍മന്‍ കപ്പ് ഫൈനല്‍ കളിക്കാനിറങ്ങിയതാണ് റിബറിയുടെ അവസാന മത്സരം. മത്സരത്തിനിടെ വേദന അനുഭവപ്പെട്ട റിബറി പിന്‍വാങ്ങിയിരുന്നു.
ലോകകപ്പ് സന്നാഹ മത്സരങ്ങളിലും റിബറിയെ കോച്ച് ദെഷാംസ് കളത്തിലിറക്കിയില്ല. 4-0ന് നോര്‍വെയെ തോല്‍പ്പിച്ചതും പരാഗ്വെയോട് 1-1ന് സമനിലയായതും റിബറിയില്ലാത്ത ഫ്രഞ്ച് ടീമാണ്. റിബറിയില്ലാതെയും ഫ്രാന്‍സിന് ബ്രസീലില്‍ മികച്ച പ്രകടനം സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് കോച്ച് ദെഷാംസ്. ഇടത് വിംഗില്‍ റയല്‍ സോസിഡാഡിന്റെ അന്റോണി ഗ്രീസ്മാനെയും ന്യൂകാസില്‍ യുനൈറ്റഡ് സ്‌ട്രൈക്കകര്‍ റെമിയെയും ഉപയോഗിച്ച് ദെഷാംസ് പരിഹാരം കണ്ടെത്തും. പരാഗ്വെക്കെതിരെ ഫ്രാന്‍സിനായി ലക്ഷ്യം കണ്ട ഗ്രിസ്മാന്‍ ലഭിച്ച അവസരം മുതലെടുത്തിരുന്നു.
ക്രിസ്റ്റ്യാനോ സന്നാഹത്തില്‍ കളിക്കില്ല
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പരിക്ക് സംബന്ധമായ അഭ്യൂഹം തുടരുകയാണ്. ഏതായാലും ഇന്ന് മെക്‌സിക്കോക്കെതിരായ ലോകകപ്പ് സന്നാഹ മത്സരത്തില്‍ പോര്‍ച്ചുഗല്‍ നിരയില്‍ ക്രിസ്റ്റ്യാനോ കളിക്കുന്നില്ല. ഫിറ്റ്‌നെസ് വീണ്ടെടുത്തിട്ടില്ലെന്നത് തന്നെ കാരണം. ഡിഫന്‍ഡര്‍ പെപെ, മിഡ്ഫീല്‍ഡര്‍ റൗള്‍ മിയര്‍ലെസ് എന്നിവരും ഇന്ന് കളിക്കില്ല.
പ്രധാന താരങ്ങളുടെ പരിക്ക് പോര്‍ച്ചുഗല്‍ കോച്ച് പോളോ ബെന്റോയുടെ ഉറക്കം കെടുത്തുന്നുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ ക്രിസ്റ്റ്യാനോയുടെ ഭാവി അറിയാന്‍ ശ്രമിക്കുമ്പോഴെല്ലാം ബെന്റോ പതറുന്നു. ടീമിലെ മറ്റേതൊരു താരത്തെയും പോലെയാണ് ക്രിസ്റ്റ്യാനോ. കളത്തിലിറങ്ങാന്‍ സാധിക്കുമെങ്കില്‍ അക്കാര്യം അറിയിക്കും.
സന്നാഹ മത്സരമല്ല, ജര്‍മനിക്കെതിരായ ഗ്രൂപ്പ് മത്സരമാണ് പ്രധാനമെന്ന് കോച്ച് പറയുന്നു. ഒരു പക്ഷേ, ജര്‍മനിക്കെതിരായ നിര്‍ണായക മത്സരം വരെ ക്രിസ്റ്റ്യാനോ പരിക്ക് മാറുവാന്‍ വിശ്രമിച്ചേക്കും.
പോര്‍ച്ചുഗല്‍ ലോകകപ്പ് ഫേവറിറ്റല്ലെന്ന് ക്രിസ്റ്റ്യാനോയും വ്യക്തമാക്കി. ജര്‍മനി, ഘാന, അമേരിക്ക ഉള്‍പ്പെട്ട ഗ്രൂപ്പില്‍ കടുത്ത പോരാട്ടമാണ് കാത്തിരിക്കുന്നത്. ദേശീയ ടീമിനൊപ്പം ഒരു നാള്‍ താന്‍ ലോകകിരീടം ജയിക്കുമെന്ന് ക്രിസ്റ്റ്യാനോ പറഞ്ഞു. അത് പക്ഷേ, ബ്രസീലില്‍ ആയിരിക്കില്ലെന്ന സൂചനയും സൂപ്പര്‍ താരം നല്‍കുന്നു.
ഞാന്‍ റെഡി: വാന്‍ പഴ്‌സി
ലോകകപ്പില്‍ കളിക്കാനുള്ള ഫിറ്റ്‌നെസ് വീണ്ടെടുത്തുവെന്ന് ഡച്ച് സ്‌ട്രൈക്കര്‍ റോബിന്‍ വാന്‍ പഴ്‌സി.
ആംസ്റ്റര്‍ഡാമില്‍ വെയില്‍സിനെതിരായ അവസാന സന്നാഹ മത്സരത്തില്‍ ഹാഫ് ടൈമില്‍ വാന്‍ പഴ്‌സി കളം വിട്ടിരുന്നു. ഇത് പരിക്ക് അലട്ടുന്നതു കൊണ്ടാണെന്ന രീതിയില്‍ അഭ്യൂഹത്തിന് ഇടയാക്കി.
ഡച്ച് ആ രാധകരുടെ ആശങ്കയകറ്റാനാണ് നായകന്‍ കൂടിയായ വാന്‍ പഴ്‌സി രംഗത്തെത്തിയത്. നൂറ് ശതമാനം ഫിറ്റ്‌നെസ് വീണ്ടെടുത്തു.
ലോകകപ്പില്‍ ആദ്യ കളി മുതല്‍ക്ക് താനുണ്ടാകുമെന്നും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സ്‌ട്രൈക്കര്‍ പറയുന്നു. വെയില്‍സിനെതിരെ പകുതി വെച്ച് നിര്‍ത്തിയത് പുതിയ പരിക്കേല്‍ക്കാതെ നോക്കാനാണ്. ലോകകപ്പിലെ ആദ്യ കളി സ്‌പെയ്‌നിനെതിരെയാണ്.
ഹോളണ്ടിന് ഏറ്റവും പ്രധാനം ആ മത്സരം തന്നെയാണ്. ആ മത്സരത്തിന് വേണ്ടിയാണ് താന്‍ കാത്തിരിക്കുന്നത് – വാന്‍ പഴ്‌സി പറഞ്ഞു.

Latest