Connect with us

International

ഉക്രൈന്‍ പ്രതിസന്ധി പരിഹരിക്കാന്‍ ആഹ്വാനം

Published

|

Last Updated

പാരീസ്: കിഴക്കന്‍ ഉക്രൈനിലെ രക്തച്ചൊരിച്ചില്‍ എത്രയും പെട്ടെന്ന് അവസാനിപ്പിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വഌദിമര്‍ പുടിനും ഉക്രൈന്‍ പ്രസിഡന്റ് പെട്രോ പൊറോഷെങ്കോയും ആഹ്വാനം ചെയ്തു. ഫ്രാന്‍സിലെ പാരീസില്‍ നടന്ന ഡി- ഡേ ആഘോഷ പരിപാടിയിലാണ് ഇരുവരും അനൗപചാരിക കൂടിക്കാഴ്ച നടത്തിയത്. യു എസ് പ്രസിഡന്റ് ബരാക് ഒബാമയുമായും പുടിന്‍ ഹ്രസ്വ സംഭാഷണം നടത്തിയതായി വൈറ്റ് ഹൗസ് അറിയിച്ചു. അതേസമയം, കിഴക്കന്‍ ഉക്രൈനിലെ സ്ലോവ്യാന്‍സ്‌കില്‍ കവചിത വാഹനങ്ങള്‍ ഉപയോഗിച്ച് സര്‍ക്കാര്‍ സൈന്യം വിമതര്‍ക്കെതിരെ ശക്തമായ ആക്രമണം നടത്തുകയാണ്.
ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹൊളാന്‍ദെയുടെ ഉച്ചവിരുന്നിന് മുമ്പ് നടന്ന ഫോട്ടോ സെഷനിലാണ് ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍, പൊറോഷെങ്കോ എന്നിവരുമായി പുടിന്‍ 15 മിനിട്ട് നേരം സംഭാഷണം നടത്തിയത്. കിഴക്കന്‍ ഉക്രൈനില്‍ രക്തച്ചൊരിച്ചിലും സൈനിക നടപടിയും അവസാനിപ്പിക്കാനാണ് പുടിനും പൊറോഷെങ്കോയും ആവശ്യപ്പെട്ടത്. രാഷ്ട്രീയ മാര്‍ഗങ്ങളിലൂടെ പ്രശ്‌നം സമാധാനപരമായി പരിഹരിക്കാനുള്ള ബദല്‍ മാര്‍ഗങ്ങളൊന്നും സംഭാഷണത്തില്‍ ഉയര്‍ന്നുവന്നിട്ടില്ല. പ്രതിസന്ധി ഒഴിവാക്കുക, ഉക്രൈനിലെ തിരഞ്ഞെടുപ്പ് റഷ്യ എങ്ങനെയാണ് പരിഗണിച്ചത് തുടങ്ങിയവയാണ് ചര്‍ച്ചയില്‍ പ്രധാനമായും ഉണ്ടായത്. വെടിനിര്‍ത്തലിനെ സംബന്ധിച്ച വിശദ ചര്‍ച്ച വരും ദിവസങ്ങളില്‍ ഉണ്ടാകും. ഒബാമയും പുടിനും തമ്മിലുള്ള സംസാരം 10- 15 മിനിട്ട് നീണ്ടുനിന്നു. റഷ്യക്കെതിരെ ഉപരോധം നീട്ടുന്നതില്‍ ജര്‍മനിക്ക് അതൃപ്തിയുണ്ട്. ഉക്രൈന്‍ പ്രതിസന്ധിയില്‍ യാതൊരു ആശാവഹ പുരോഗതിയും ഉണ്ടായില്ലെങ്കില്‍ മാത്രമേ ഉപരോധം നീട്ടാവൂ എന്ന് ബ്രസല്‍സില്‍ നടന്ന ജി 7 ഉച്ചകോടിയില്‍ ജര്‍മനി അഭിപ്രായപ്പെട്ടിരുന്നു.
സ്ലോവ്യാന്‍സ്‌കില്‍ നടക്കുന്ന രൂക്ഷ പോരാട്ടത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടതായി ഉക്രൈന്‍ അറിയിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വന്‍ ആയുധ സന്നാഹങ്ങളുമായി നഗരം ഉക്രൈന്‍ സൈനികര്‍ വളഞ്ഞിട്ടുണ്ട്.

Latest