Connect with us

Kannur

അബ്ദുല്ലക്കുട്ടി മുഖ്യമന്ത്രിയെ കണ്ടു; രാജിവെക്കേണ്ടതില്ലെന്ന് നിര്‍ദേശം

Published

|

Last Updated

കണ്ണൂര്‍: ബലാത്സംഗം ചെയ്തുവെന്ന പരാതിയില്‍ അബ്ദുല്ലക്കുട്ടിക്കെതിരെ സരിതാ എസ് നായര്‍ കോടതിയില്‍ മൊഴി നല്‍കിയതിനെ തുടര്‍ന്ന് രാജിവച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയില്‍ എ പി അബ്ദുല്ലക്കുട്ടി എം എല്‍ എ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ രാവിലെ 7.30 ഓടെ ഓട്ടോറിക്ഷയില്‍ തനിച്ച് ഗസ്റ്റ് ഹൗസിലെത്തിയ അബ്ദുല്ലക്കുട്ടിയുമായി ഉമ്മന്‍ ചാണ്ടി ഏതാനും മിനിറ്റ് നേരം മാത്രമാണ് സംസാരിച്ചത്. ഇരുവരും കൂടിക്കാഴ്ച നടത്തുമ്പോള്‍ മുറിയില്‍ മറ്റു നേതാക്കളുമുണ്ടായിരുന്നു. അബ്ദുല്ലക്കുട്ടിയെ മുറിയുടെ അരികില്‍ മാറ്റിനിര്‍ത്തിയാണ് മുഖ്യമന്ത്രി സംസാരിച്ചത്. എം എല്‍ എ രാജി സന്നദ്ധത അറിയിച്ചുവെന്ന പ്രചാരണം നടന്നെങ്കിലും രാജി സന്നദ്ധത അറിയിച്ചില്ലെന്നാണ് മുഖ്യമന്ത്രി പിന്നീട് പറഞ്ഞത്. ദുഃഖഭാവത്തോടെ മുഖ്യമന്ത്രിയെ കാണാനെത്തിയ അബ്ദുല്ലക്കുട്ടി മറ്റു നേതാക്കള്‍ക്കൊന്നും മുഖംകൊടുത്തില്ല. കുശലം പറയാന്‍ ശ്രമിച്ചവരെ അവഗണിച്ചുകൊണ്ടുതന്നെ ഗസ്റ്റ്ഹൗസില്‍ നിന്ന് മടങ്ങി. കണ്ണൂര്‍ ഡി സി സിയുടെ ഭാഗത്തുനിന്ന് തനിക്ക് പിന്തുണ ലഭിക്കുന്നില്ലെന്ന പരാതി അബ്ദുല്ലക്കുട്ടി പലരോടും പങ്ക്‌വെച്ചതായി സൂചനയുണ്ട്. കണ്ണൂരില്‍ കെ പി സി സി പ്രസിഡന്റ് വി എം സുധീരനെത്തിയിരുന്നെങ്കിലും ഇരുവരും തമ്മില്‍ കൂടിക്കാഴ്ച ഉണ്ടായില്ല. അബ്ദുല്ലക്കുട്ടിക്കെതിരെ സരിത നല്‍കിയ മൊഴിയുടെ വിശദാംശങ്ങള്‍ ലഭ്യമാകാതെ പാര്‍ട്ടി തലത്തില്‍ നടപടിയെടുക്കാനാകില്ലെന്നാണ് സുധീരന്‍ വ്യക്തമാക്കിയത്. അതേസമയം അബ്ദുല്ലക്കുട്ടിയുടെ രാജി കോണ്‍ഗ്രസ് നേതൃത്വമോ മുഖ്യമന്ത്രിയോ തത്കാലം ആവശ്യപ്പെടാനിടയില്ലെന്നാണ് സൂചന. ആരോപണവിധേയനായതിന്റെ പേരില്‍ മാത്രം എ പി അബ്ദുല്ലക്കുട്ടി എം എല്‍ എയെ കുറ്റക്കാരനായി കാണാനാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കുറ്റാരോപിതനും കുറ്റവാളിയും രണ്ടാണ്. കുറ്റം ആരോപിക്കപ്പെട്ടതിന്റെ പേരില്‍ അബ്ദുല്ലക്കുട്ടിയോട് എം എല്‍ എ സ്ഥാനം രാജിവെക്കാന്‍ ആവശ്യപ്പെടാനാകില്ല. നിയമം നിയമത്തിന്റെ വഴിക്കും അന്വേഷണം അന്വേഷണത്തിന്റെ വഴിക്കും പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.