Connect with us

Ongoing News

മതനിരപേക്ഷ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന അനാഥാലയങ്ങളെക്കുറിച്ച് ആലോചിക്കണം: പിണറായി

Published

|

Last Updated

തിരുവനന്തപുരം: മതനിരപേക്ഷ അടിസ്ഥാനത്തില്‍ അനാഥാലയങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ സമയമായെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. അനാഥരെ സംരക്ഷിക്കുന്ന നടപടികള്‍ സ്വാഗതാര്‍ഹമാണ്. വ്യത്യസ്ത ജാതി, മത അടിസ്ഥാനത്തില്‍ തന്നെ ഇത് വേണോ എന്ന് ചിന്തിക്കണം. ഡോ. എസ് രാജശേഖരന്‍ രചിച്ച പിന്‍ വിചാരങ്ങള്‍”എന്ന പുസ്തകം പ്രകാശനം ചെയ്ത് പ്രസ് ക്ലബ്ബില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതത് സംസ്ഥാന സര്‍ക്കാറുകള്‍ കുട്ടികളുടെ സാര്‍വത്രികവും സൗജന്യവുമായ വിദ്യാഭ്യാസത്തിന് ആവശ്യമായ നടപടിയെടുക്കാത്തതാണ് ദൂരസ്ഥലങ്ങളില്‍ കുട്ടികളെ അയക്കാന്‍ മാതാപിതാക്കളെ പ്രേരിപ്പിക്കുന്ന ഒരു ഘടകം. രാജ്യത്തെ പൊതുസ്ഥിതിയാണ് ഇത് കാട്ടുന്നത്. സ്‌കൂള്‍പടി ചവിട്ടാത്ത ധാരാളം കുട്ടികള്‍ രാജ്യത്തുണ്ട്. ഝാര്‍ഖണ്ഡില്‍ നിന്നാണ് കുട്ടികളെ അധികവും കൊണ്ടുവരുന്നതെന്നാണ് അറിയുന്നത്. കോണ്‍ഗ്രസും ബി ജെ പിയുമാണ് അവിടെ ഇത്തരമൊരു സാഹചര്യമുണ്ടാകാന്‍ കാരണം.
സൗജന്യവും സാര്‍വത്രികവുമായ വിദ്യാഭ്യാസം നല്‍കാന്‍ പൊതുവിദ്യാഭ്യാസ മേഖലയെ സംരക്ഷിച്ചു നിലനിര്‍ത്തുന്നതിനു പകരം അതിനെ തകര്‍ക്കുകയാണ് സര്‍ക്കാറുകള്‍ ചെയ്യുന്നത്.
കുട്ടികളെ കൊണ്ടുവരുന്നതില്‍ നിയമലംഘനമുണ്ടായെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. പരാമര്‍ശിക്കപ്പെട്ട യത്തീംഖാന നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്നതായാണ് കേട്ടിട്ടുള്ളത്. എന്നാല്‍ പ്രശ്‌നങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി സത്യം കണ്ടെത്തണം. കൃത്യമായ പരിശോധനയിലൂടെ ശരിതെറ്റ് കണ്ടെത്തണം. അന്വേഷണവുമായി എല്ലാവരും സഹകരിക്കണം. നിഷ്പക്ഷതയും നീതിബോധവുമുള്ള ഉദ്യോഗസ്ഥരായിരിക്കണം അന്വേഷിക്കേണ്ടത്. ആരും നിയമത്തിന് അതീതരല്ലെന്ന് യത്തീംഖാന നടത്തുന്നവരും മനസ്സിലാക്കണം.
മുമ്പ് ഈ യത്തീംഖാനയില്‍ വന്ന് പഠിച്ചവര്‍ ഇപ്പോള്‍ എവിടെയാണ്, എന്താണ് അവരുടെ സ്ഥിതി, ഏത് തലത്തില്‍ അവര്‍ പ്രവര്‍ത്തിക്കുന്നു എന്നീ കാര്യങ്ങള്‍ അന്വേഷിക്കുന്നത് നന്നാകും. കുട്ടികളുടെ പ്രശ്‌നം മനുഷ്യത്വപരമാണ്. എന്നാല്‍ ഈ പ്രശ്‌നം ഉപയോഗിച്ച് മതപരമായ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമിക്കരുത്. അനധികൃത കുടിയേറ്റം എന്നൊക്കെ ചില പ്രമുഖര്‍ പറഞ്ഞു. നിരവധി കേരളീയര്‍ കേരളത്തിന് പുറത്തുപോയി ജോലിചെയ്ത് ജീവിക്കുന്നു. അതൊക്കെ അനധികൃത കുടിയേറ്റം എന്ന് കരുതാനാകുമോ? നിയമപരമല്ലാത്ത കാര്യങ്ങള്‍ക്ക് ആരെങ്കിലും വരുന്നുണ്ടോ എന്നാണ് പരിശോധിക്കേണ്ടത്. മുഖ്യമന്ത്രി ഇക്കാര്യത്തെക്കുറിച്ച് മിണ്ടുന്നില്ല. അദ്ദേഹത്തിന്റെ അഭിപ്രായമറിയാന്‍ ജനങ്ങള്‍ക്ക് ആകാംക്ഷയുണ്ട്. അദ്ദേഹം നിലപാട് വ്യക്തമാക്കുന്നത് നന്നായിരിക്കുമെന്നും പിണറായി പറഞ്ഞു.

 

---- facebook comment plugin here -----