Connect with us

Ongoing News

സംസ്ഥാനത്ത് ഇത്രയധികം ബാറുകള്‍ എന്തിന്: ഹൈക്കോടതി

Published

|

Last Updated

കൊച്ചി: മദ്യ ഉപഭോഗം കുറക്കുകയെന്നതാണ് ലക്ഷ്യമെങ്കില്‍ സംസ്ഥാനത്ത് ഇത്രയധികം ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതെന്തിനെന്ന് സര്‍ക്കാറിനോട് ഹൈക്കോടതി. കേരളത്തിന്റെ മുക്കിലും മൂലയിലും വരെ ബാറുകളുണ്ടെന്നും ജസ്റ്റിസുമാരായ ഹാറൂണ്‍ അല്‍ റശീദും അനില്‍ കെ നരേന്ദ്രനും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് നിരീക്ഷിച്ചു. വിനോദസഞ്ചാര മേഖലകളില്‍ ബാറുകള്‍ അനുവദിക്കുന്നതില്‍ അപാകമില്ലെങ്കിലും എരുമേലി, കാഞ്ഞിരപ്പള്ളി തുടങ്ങിയ തീര്‍ഥാടന കേന്ദ്രങ്ങളില്‍ പോലും ബാറുകള്‍ക്ക് അനുമതി നല്‍കുന്നതെന്തിനെന്നും കോടതി ചോദിച്ചു.

ബാര്‍ ലൈസന്‍സ് അപേക്ഷകള്‍ പരിഗണിക്കാന്‍ വിസമ്മതിച്ച സിംഗിള്‍ ബഞ്ച് വിധിക്കെതിരെ ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ക്ലാസിഫിക്കേഷനുള്ള പത്ത് ബാര്‍ ഉടമകള്‍ സമര്‍പ്പിച്ച അപ്പീലുകളാണ് ഡിവിഷന്‍ ബഞ്ച് പരിഗണിച്ചത്.
സംസ്ഥാനത്തെ 792 ബാറുകളില്‍ 418 എണ്ണം പ്രവര്‍ത്തിക്കാത്തതുകൊണ്ട് ജനങ്ങള്‍ക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഇല്ലെന്നും ഇത്രയധികം ബാറുകളെന്തിന് വേണ്ടിയാണ് അനുവദിച്ചിട്ടുള്ളതെന്നും വാദത്തിനിടെ കോടതി ചോദിച്ചു. അപ്പീലുകളില്‍ വിശദീകരണ പത്രിക സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ സാവകാശം തേടിയതിനെ തുടര്‍ന്ന് കേസ് ഡിവിഷന്‍ ബഞ്ച് പതിനേഴിലേക്ക് മാറ്റി.
സംസ്ഥാനത്ത് ബാര്‍ ലൈസന്‍സുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഒരു മാസത്തിനകം നയം വ്യക്തമാക്കണമെന്ന് മറ്റൊരു ഹരജി പരിഗണിക്കവെ ഹൈക്കോടതി ആവശ്യപ്പെട്ടു. ലൈസന്‍സ് പുതുക്കാത്ത 418 ബാറുകളുടെയും ലൈസന്‍സുകള്‍ പുതുക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നയപരമായ തീരുമാനം കൈക്കൊള്ളണമെന്ന് ജസ്റ്റിസ് പി എന്‍ രവീന്ദ്രന്‍ നിര്‍ദേശിച്ചു.
സര്‍ക്കാര്‍ നിയോഗിച്ച ഏകാംഗ കമ്മീഷന്‍ മദ്യനയം സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കുകയും റിപ്പോര്‍ട്ട് പരിഗണിച്ച് നികുതി സെക്രട്ടറി സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്ത സാഹചര്യത്തിലാണ് നിര്‍ദേശമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി. മദ്യനയം സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും നികുതി സെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ടും പരിഗണനയിലാണെന്നും സര്‍ക്കാര്‍ അറിയിച്ചു.
ലൈസന്‍സ് പുതുക്കാന്‍ അപേക്ഷ നല്‍കിയിട്ടും സര്‍ക്കാര്‍ പരിഗണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഒരു കൂട്ടം ഹരജികളാണ് കോടതി തീര്‍പ്പാക്കിയത്. സ്റ്റാര്‍ ക്ലാസിഫിക്കേഷന്‍ ഇല്ലെങ്കിലും സമാനമായ സൗകര്യങ്ങള്‍ ഉണ്ടെന്നും പണം അടച്ചിട്ടും അപേക്ഷകള്‍ സര്‍ക്കാര്‍ പരിഗണിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹരജികള്‍.