മഹല്ല് കമ്മിറ്റി സെക്രട്ടറിയെ വീട്ടില്‍ കയറി ആക്രമിച്ചതായി പരാതി

Posted on: May 31, 2014 10:29 am | Last updated: May 31, 2014 at 10:29 am

അരീക്കോട്: വഖ്ഫ് ബോര്‍ഡ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ സംഘടിച്ചെത്തിയ വിഘടിതര്‍ മഹല്ല് കമ്മിറ്റി സെക്രട്ടറിയെ വീട്ടില്‍ കയറി ആക്രമിച്ചതായി പരാതി.
ഇന്നലെ നാലരയോടെ ഊര്‍ങ്ങാട്ടീരി തച്ചണ്ണ വലിയ ജുമുഅത്ത് പള്ളി മഹല്ല് കമ്മിറ്റി സെക്രട്ടറി ഉഴുന്നന്‍ ഐത്തുട്ടി ഹാജിയുടെ വീട്ടിലെത്തിയ ഇന്‍സ്‌പെക്ടറും അറുപതോളം ആളുകളും വീട്ടിലേക്ക് ഇരച്ച് കയറുകയും പള്ളിക്കമ്മിറ്റിയുടെ ആധാരം പരിശോധിക്കാണമെന്നാവശ്യപ്പെടുകയും ചെയ്തു. ഇന്‍സ്‌പെക്ടര്‍ക്ക് ആധാരം പരിശോധിക്കാമെന്നും കൂടെയുള്ള വിഘടിതരുടെ സാന്നിധ്യത്തില്‍ ആധാരം കൈമാറാന്‍ സാധ്യമല്ലെന്നും സെക്രട്ടറി അറിയിച്ചു. എന്നാല്‍ ഇന്‍സ്‌പെക്ടര്‍ ഇതിനു കൂട്ടാക്കിയില്ല. ആധാരം ഇപ്പോള്‍ തന്നെ പരിശോധിക്കണമെന്ന് വാശി പിടിച്ചു. ഇത്രയും ആളുകളൊന്നിച്ച് വീട്ടില്‍ കയറിയത് ശരിയായില്ലെന്നും ആധാരങ്ങള്‍ ഓഫീസിലെത്തിക്കാമെന്നും പറഞ്ഞെങ്കിലും അദ്ദേഹം സമ്മതിച്ചില്ല.
ഇതോടെ അപമര്യാദയായി പെരുമാറാന്‍ തുടങ്ങിയ ഇന്‍സ്‌പെക്ടര്‍ മേലുദ്യോഗസ്ഥനെ വിളിച്ച് സെക്രട്ടറിക്കെതിരെ പരാതിപ്പെടുകയും അക്രമിക്കുകയാണെന്ന് കള്ളം പറയുകയും ചെയ്തു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ ഐത്തുട്ടിഹാജിയുടെ മകന്‍ ഇന്‍സ്‌പെക്ടര്‍ ഒഴിച്ചുള്ളവര്‍ വീട്ടില്‍ നിന്ന് ഇറങ്ങണമെന്നാവശ്യപ്പെട്ടതോടെ ഇന്‍സ്‌പെക്ടറും സംഘവും അക്രമം അഴിച്ചു വിടുകയായിരുന്നുവെന്ന് മഹല്ല് കമ്മിറ്റി അംഗങ്ങള്‍ പറഞ്ഞു. സ്ഥലത്തെത്തിയ മഹല്ല് കമ്മിറ്റി അംഗങ്ങളോട് ധിക്കാര മായി പെരുമാറുകയും അധിക്ഷേപിച്ച് സംസാരിച്ചതായും പരാതിയുണ്ട്. പരുക്കേറ്റ സെക്രട്ടറി ഐത്തുട്ടി ഹാജിയും കുടുംബാംഗങ്ങളും മഞ്ചേരി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
വിഘടിത നേതാവിന്റെ വീട്ടില്‍ മണിക്കുറുകള്‍ക്ക് മുമ്പേ എത്തുകയും ആളുകളെ സംഘടിപ്പിച്ച് ആധാരങ്ങള്‍ പിടിച്ചെടുത്ത് വിഘടിതരുടെ കയ്യിലേല്‍പ്പിക്കാന്‍ ഇന്‍സ്‌പെക്ടറും സംഘവും ഗൂഢാലോചന നടത്തിയെന്ന് കമ്മിറ്റി അംഗങ്ങള്‍ ആരോപിച്ചു. തച്ചണ്ണ മഹല്ല് കമ്മിറ്റിക്ക് കീഴിലുള്ള കെട്ടിടത്തിലാണ് സുന്നി മദ്‌റസയും വിഘടിത മദ്‌റസയും പ്രവര്‍ത്തിക്കുന്നത്. ഇരു വിഭാഗത്തിനും തുല്യപ്രാധാന്യമുള്ള മഹല്ല് കമ്മിറ്റിക്കു കീഴിലുള്ള കെട്ടിടം ഈയിടെ വിഘടിതര്‍ വ്യാജമായി രജിസ്റ്റര്‍ ചെയ്ത് തട്ടിയെടുത്തതിനെ തുടര്‍ന്ന് മഹല്ല് സെക്രട്ടറി വഖ്ഫ് ബോര്‍ഡിനെ സമീപിച്ചിരുന്നു.
ഇത്തരത്തില്‍ മഹല്ല് സ്വത്തുക്കള്‍ തട്ടിയെടുക്കുന്നത് ഒഴിവാക്കാന്‍ സ്വത്തുക്കള്‍ വഖ്ഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും പേരു മാറാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ബോര്‍ഡിനെ സമീപിച്ചത്. എന്നാല്‍ ഒരു വിഭാഗത്തോടൊപ്പം ചേര്‍ന്ന് നാട്ടില്‍ കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിച്ച വഖ്ഫ് ബോര്‍ഡ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മഹല്ല് കമ്മിറ്റി അംഗങ്ങള്‍ പറഞ്ഞു.