സുധാകരന്റെ പരാതി; രാമകൃഷ്ണനെ എ വിഭാഗവും കൈയൊഴിയുന്നു

Posted on: May 31, 2014 7:53 am | Last updated: May 31, 2014 at 7:53 am

കണ്ണൂര്‍: കെ സുധാകരന്റെ പരാതിയുമായി ബന്ധപ്പെട്ട് കെ പി സി സി ജനറല്‍ സെക്രട്ടറി പി രാമകൃഷ്ണനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനെ എ വിഭാഗം എതിര്‍ക്കില്ലെന്ന് സൂചന. സുധാകരനെതിരെ നിരന്തരമായി പി രാമകൃഷ്ണന്‍ നടത്തുന്ന വ്യക്തിഹത്യയില്‍ എ വിഭാഗത്തിനും എതിര്‍പ്പുണ്ട്. വിഷയത്തില്‍ പി രാമകൃഷ്ണനെ സംരക്ഷിക്കേണ്ടതില്ലെന്നാണ് എ വിഭാഗത്തിന്റെ നിലപാട്. ഈ സാഹചര്യത്തില്‍ പി രാമകൃഷ്ണനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.

കഴിഞ്ഞ ദിവസം ചേര്‍ന്ന കെ പി സി സി യോഗത്തില്‍ പി രാമകൃഷ്ണനെതിരെ രൂക്ഷമായ വിമര്‍ശമാണ് കെ സുധാകരന്‍ ഉന്നയിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ സീറ്റ് നഷ്ടപ്പെടാന്‍ കാരണം രാമകൃഷ്ണന്റെ നിലപാടുകളായിരുന്നുവെന്ന് കെ സുധാകരന്‍ പരാതി ഉന്നയിച്ചിരുന്നു. രാമകൃഷ്ണന്റെ ആരോപണങ്ങള്‍ സംബന്ധിച്ച് നേരത്തെ തന്നെ സുധാകരന്‍ കെ പി സി സിക്ക് പരാതി നല്‍കിയിരുന്നു.
ഈ പരാതിയുമായി ബന്ധപ്പെട്ട് പി രാമകൃഷ്ണനെതിരെ അച്ചടക്ക നടപടി വേണമെന്നാണ് സുധാകരന്റെ ആവശ്യം. നടപടി സ്വീകരിച്ചില്ലെങ്കില്‍ ഇനി മുതല്‍ കെ പി സി സി യോഗങ്ങളില്‍ പങ്കെടുക്കുകയില്ലെന്ന ഭീഷണിയും സുധാകരന്‍ മുഴക്കിയിരുന്നു. കണ്ണൂരില്‍ കെ സുധാകരനെ അവഗണിച്ച് പാര്‍ട്ടിക്ക് മുന്നോട്ട് പോകാനാകില്ലെന്ന് നേതൃത്വത്തിന് നന്നായറിയാവുന്നത് കൊണ്ട് രാമകൃഷ്ണനെതിരെ വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ നടപടി സ്വീകരിക്കാനാണ് സാധ്യത.
പി രാമകൃഷ്ണന്റെ അനവസരത്തിലുള്ള പരാമര്‍ശങ്ങളോട് എ വിഭാഗത്തിന് യോജിപ്പില്ലെന്ന് പ്രമുഖ എ ഗ്രൂപ്പ് നേതാവ് സിറാജിനോട് പറഞ്ഞു. രാമകൃഷ്ണന്‍ സുധാകരനോടുള്ള വ്യക്തിവിരോധം തീര്‍ക്കുന്നതിനാണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത്.
എ വിഭാഗത്തോട് ആലോചിച്ചിട്ടല്ല നടപടികളെന്നതുകൊണ്ട് തന്നെ വിവാദവുമായി ബന്ധപ്പെട്ട് പി രാമകൃഷ്ണനെ സംരക്ഷിക്കേണ്ട ആവശ്യവും എ ഗ്രൂപ്പിനില്ലെന്ന് അദ്ദേഹം പറഞ്ഞു. എ വിഭാഗത്തിന്റെ മേല്‍വിലാസത്തിലല്ല പി രാമകൃഷ്ണന്റെ ആരോപണങ്ങള്‍. പാര്‍ട്ടി ഫോറങ്ങളിലുമല്ല പരാതികള്‍ ഉന്നയിച്ചത്. പലപ്പോഴും പരസ്യമായാണ് രാമകൃഷ്ണന്‍ പ്രതികരണങ്ങള്‍ നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
രാമകൃഷ്ണന്‍ കെ സുധാകരനെതിരെ നടത്തുന്ന ആരോപണങ്ങള്‍ സംബന്ധിച്ച് എ ഗ്രൂപ്പുതല യോഗങ്ങളിലും ശക്തമായ വിമര്‍ശമുയര്‍ന്നിരുന്നു. ഇത്തരം നടപടികള്‍ അവസാനിപ്പിക്കണമെന്ന് എ വിഭാഗം നേതൃത്വം പി രാമകൃഷ്ണനോടാവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിലപാടില്‍ മാറ്റം വരുത്താന്‍ രാമകൃഷ്ണന്‍ തയ്യാറായില്ല. ഈ സാഹചര്യത്തില്‍ എ ഗ്രൂപ്പില്‍ നിന്ന് അദ്ദേഹത്തിന് സഹായമുണ്ടാകില്ലെന്ന് വ്യക്തമായിക്കഴിഞ്ഞു.
കണ്ണൂര്‍ കോണ്‍ഗ്രസില്‍ കെ സുധാകരന്‍-പി രാമകൃഷ്ണന്‍ പോരിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. രാമകൃഷ്ണന്‍ ഡി സി സി പ്രസിഡന്റായിരിക്കെ, ഇത് പലപ്പോഴും ഏറ്റുമുട്ടലിന്റെ വക്കത്തുമെത്തിയിരുന്നു. രക്തസാക്ഷി സജിത്‌ലാലിന്റെ കുടുംബ സഹായ ഫണ്ട് കെ സുധാകരന്‍ സ്വന്തമാക്കിയെന്ന രാമകൃഷ്ണന്റെ ആരോപണം പാര്‍ട്ടിയില്‍ തമ്മിലടി രൂക്ഷമാക്കുകയും ചെയ്തു. ചിറക്കല്‍ രാജാസ് ഹൈസ്‌കൂള്‍ വില്‍പ്പനയുമായി ബന്ധപ്പെട്ട് രജിസ്‌ട്രേഷന് കെ സുധാകരന്‍ പണം ആവശ്യപ്പെട്ടുവെന്നും കണ്ണൂരില്‍ എ പി അബ്ദുല്ലക്കുട്ടിക്കെതിരെ മത്സരിച്ചപ്പോള്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പരാജയപ്പെട്ടത് കെ സുധാകരന്‍ പിന്നില്‍ നിന്ന് കുത്തിയതുകൊണ്ടാണെന്നും രാമകൃഷ്ണന്‍ പരസ്യമായി പരാതി പറഞ്ഞിരുന്നു.
അക്രമത്തിന് നേതൃത്വം നല്‍കുന്നത് കെ സുധാകരനാണെന്ന തരത്തിലുള്ള ആരോപണവും നേരത്തെ ഉന്നയിച്ചിരുന്നു. ഇതുസംബന്ധിച്ച് സുധാകരന്‍ കെ പി സി സിക്ക് പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടിയൊന്നും സ്വീകരിക്കാത്തതില്‍ സുധാകരന് അമര്‍ഷമുണ്ട്. ഇതാണ് കഴിഞ്ഞ കെ പി സി സി യോഗത്തില്‍ സുധാകരന്‍ പൊട്ടിത്തെറിക്കാന്‍ കാരണം. കണ്ണൂര്‍ സീറ്റ് നഷ്ടപ്പെടാനിടയാക്കിയതിന് പിന്നില്‍ പി രാമകൃഷ്ണനാണെന്ന് വരുത്തിത്തീര്‍ത്ത് നടപടിയെടുപ്പിക്കാനാണ് സുധാകര പക്ഷത്തിന്റെ നിലപാട്.
നടപടിയുണ്ടായില്ലെങ്കില്‍ പരസ്യ പ്രതികരണമുയര്‍ത്താനും സുധാകരപക്ഷം ആലോചിക്കുന്നു. പി രാമകൃഷ്ണന്‍ എ വിഭാഗത്തിലും ഒറ്റപ്പെട്ട സാഹചര്യത്തില്‍ നടപടി എളുപ്പമാകുമെന്നാണ് വിലയിരുത്തല്‍.