ശിരുവാണിയില്‍ നിന്ന് അധികജലം കെണ്ടുപോകുന്ന ടണല്‍ കേരളം അടക്കുന്നു

Posted on: May 30, 2014 6:48 pm | Last updated: May 30, 2014 at 6:48 pm

പാലക്കാട്: ശിരുവാണി ഡാമില്‍ നിന്ന് തമിഴ്‌നാട് അധികമായി വെള്ളം കെണ്ടുപോകുന്ന ടണല്‍ കേരളം അടക്കുന്നു. മുങ്ങല്‍ വിദഗ്ധരാണ് ടണല്‍ അടക്കുന്ന പണികള്‍ ചെയ്യുന്നത്. അതെ സമയം കേരളത്തിന്റെ നീക്കം തമിഴ്‌നാട്ടില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.—
1973 ലെ കരാര്‍ പ്രകാരം ശിരുവാണി ഡാമില്‍ നിന്ന് 1.3 ടി എം സി ജലമാണ് കേരളം കുടിവെള്ളത്തിനായി തമിഴ്‌നാടിന് നല്‍കുന്നത്. എന്നാല്‍ ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മിച്ച പഴയ ടണല്‍ വഴിയാണ് തമിഴ്‌നാട്ടിലേക്ക് വെള്ളം അനധികൃതമായി ഒഴുകുന്നത്. കഴിഞ്ഞ വര്‍ഷം ഇത് കേരളം കണ്ടെത്തിയിരുന്നെങ്കിലും ഇപ്പോഴാണ് ടണല്‍ അടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. രണ്ട് ടണലുകള്‍ വഴിയാണ് വെള്ളം തമിഴ്‌നാട്ടിലേക്ക് ഒഴുകുന്നത്. 3.5 അടി വെള്ളത്തിന് താഴെയാണ് ടണല്‍. ടണലിന് മുന്‍‘ഭാഗത്തുള്ള കല്ലും ചെളിയും മാറ്റുക എന്ന ശ്രമകരമായ ജോലിയാണ് ഇപ്പോള്‍ തുടരുന്നത്.—
എന്നാല്‍ കേരളം ശിരുവാണിയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് നല്‍കുന്ന വെള്ളം തടസ്സപ്പെടുത്തുന്നു എന്ന പ്രചരണമാണ് തമിഴ്‌നാട്ടില്‍ വ്യാപിക്കുന്നത്. കഴിഞ്ഞ ദിവസം പെരിയാര്‍ ദ്രാവിഡ കഴകം പ്രവര്‍ത്തകര്‍ കോയമ്പത്തൂരില്‍ കെ എസ് ആര്‍ ടി സി ബസ്സുകള്‍ തടഞ്ഞിരുന്നു. തമിഴ്‌നാട് സര്‍ക്കാറിന്റെ അറിവോടെയാണ് പഴയ ടണല്‍ വഴി വെള്ളം ചോര്‍ത്തിയിരുന്നത്. കേരളം ഇപ്പോള്‍ ചെയ്യുന്ന പണികള്‍ നിരീക്ഷിക്കാന്‍ തമിഴ്‌നാട് ഉദ്യോഗസ്ഥരും ശിരുവാണിയിലുണ്ട്.