ചെക്ക് ഡാം പ്രദേശം വിദഗ്ധ സംഘം സന്ദര്‍ശിച്ചു

Posted on: May 30, 2014 10:46 am | Last updated: May 30, 2014 at 6:46 pm
SHARE

പട്ടാമ്പി: പുലാമന്തോള്‍ പാലത്തിന് താഴെ ജില്ലാ പഞ്ചായത്ത് നിര്‍മിക്കുന്ന ചെക്ക്ഡാം പ്രദേശം വിദഗ്ധ സംഘം സന്ദര്‍ശിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈദ ഇസ്ഹാഖിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ, ജനപ്രതിനിധി സംഘം ഇന്നലെ രാവിലെയാണ് സ്ഥലം സന്ദര്‍ശിച്ചത്. ചെക്ക് ഡാമിന്റെ ബലത്തെക്കുറിച്ച് ആശങ്ക ഉയര്‍ന്ന സാഹചര്യത്തിലാണ് സംഘത്തിന്റെ സന്ദര്‍ശനം.
കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ ചെക്ക് ഡാമിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നിരുന്നു. പുഴയിലെ ബണ്ടിന്റെ ഒരു ഭാഗമാണ് മഴവെള്ളത്തില്‍ ഒലിച്ചുപോയി. ഇതേ തുടര്‍ന്ന് ബി ജെ പി, കോണ്‍ഗ്രസ് കക്ഷികള്‍ പ്രദേശത്തേക്ക് മാര്‍ച്ചും ധര്‍ണയും നടത്തിയിരുന്നു. ചെക്ക്ഡാം സര്‍ക്കാറിന്റെ ജലവിഭവ വകുപ്പിലെ വിദഗ്ധരെ കൊണ്ട് പരിശോധിപ്പിക്കണമെന്ന് യു ഡി എഫ് വിളയൂര്‍ പഞ്ചായത്ത് കമ്മിറ്റിയും ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് വിദഗ്ധ സംഘം സന്ദര്‍ശിച്ചത്. ചെക്കഡാമിന്റെ നിര്‍മാണത്തില്‍ യാതൊരു വിധത്തിലുള്ള ആശങ്കകളും വേണ്ടെന്ന് സംഘം അറിയിച്ചു. തടയണയുടെ അരിക് ഭിത്തിയുടെ ചോര്‍ച്ച അടച്ചതായും ബണ്ട് തകര്‍ന്ന ഭാഗം നന്നാക്കിയതായും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈദ ഇസ്ഹാഖ് പറഞ്ഞു.
പദ്ധതി അടുത്ത മാസം ഒന്നിന് നാടിന് സമര്‍പ്പിക്കുമെന്നും സുബൈദാ ഇസ്ഹാഖ് അറിയിച്ചു. പാലക്കാട് എന്‍ജിനീയറിംഗ്് കോളജ് പ്രൊഫസറും തടയണയുടെ ഡിസൈനറുമായ പ്രതാപ് വര്‍മ തമ്പാന്‍, പ്രൊഫസര്‍ സുധ, പട്ടാമ്പി അസി. എന്‍ജീനീയര്‍ സോമന്‍, വിളയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ കൃഷ്ണകുമാരി, പഞ്ചാത്തംഗം ബേബി ഗിരിജ, മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ കൃഷ്ണന്‍കുട്ടി, ടി ഗോപാസകൃഷ്ണന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.