International
ലബനാനിലും ജോര്‍ദാനിലും അഭയാര്‍ഥികളുടെ വോട്ടെടുപ്പ് തുടങ്ങി

ഡമസ്‌കസ്: ലബനാനിലെയും ജോര്‍ദാനിലെയും സിറിയന്‍ അഭയാര്‍ഥികള്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം ലഭിച്ചു. അടുത്തയാഴ്ച നടക്കുന്ന പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിന്റെ ആദ്യത്തിലാണ് ഇവര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം നല്‍കിയത്. ബൈറൂത്തിലെയും അമ്മാനിലെയും സിറിയന്‍ എംബസികളില്‍ ഇതിനുള്ള ബൂത്തുകള്‍ തുറന്നുകഴിഞ്ഞു.
ബൈറൂത്തിലെ എംബസിയിലേക്ക് ആളുകള്‍ വോട്ട് ചെയ്യാനായി എത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ലബനാനില്‍ അഞ്ച് ലക്ഷം വോട്ടര്‍മാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. എന്നാല്‍ ഇവിടെ ആകെയുള്ളത് ഒരു പോളിംഗ് സ്റ്റേഷന്‍ മാത്രമാണ്. സൗകര്യങ്ങളും വേണ്ട വിധത്തിലില്ലെന്ന് ആക്ഷേപമുണ്ട്. കൂടുതല്‍ ആളുകള്‍ എത്തിപ്പെട്ടാല്‍ വോട്ടെടുപ്പ് ദിവസം നീട്ടി എല്ലാവര്‍ക്കും വോട്ട് ചെയ്യാനുള്ള അവസരം സൃഷ്ടിക്കുമെന്ന് എംബസി അധികൃതര്‍ പറഞ്ഞു. 28 ലക്ഷം സിറിയന്‍ അഭയാര്‍ഥികള്‍ അയല്‍ രാജ്യങ്ങളില്‍ പാര്‍ക്കുന്നുണ്ടെന്നാണ് യു എന്‍ കണക്ക്.
ജൂണ്‍ മൂന്നിന് നടക്കുന്ന പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ബശര്‍ അല്‍ അസദ് തന്നെ തിരഞ്ഞെടുക്കപ്പെടുമെന്നാണ് കരുതുന്നത്. അസദിന്റെ എതിരാളികളായ രണ്ട് പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ഥികളും അസദിനോട് മത്സരത്തിന് യോഗ്യരല്ലെന്നും അതിനാല്‍ അസദ് തന്നെ വീണ്ടും വിജയം നേടുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നുണ്ട്. മൂന്നാം തവണയാണ് അസദ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ഏഴ് വര്‍ഷമാണ് ഭാരണ കാലം. 2011 മാര്‍ച്ചില്‍ ആരംഭിച്ച പ്രക്ഷോഭത്തില്‍ ഇതുവരെ 1.6 ലക്ഷം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.