വെളിച്ചെണ്ണയില്‍ മായം ചേര്‍ക്കല്‍ വ്യാപകം

Posted on: May 26, 2014 4:36 pm | Last updated: May 26, 2014 at 8:48 pm

cocunut oilകൊല്ലം: വെളിച്ചെണ്ണ വില കുതിച്ചുയരുന്നു. ഇതോടെ മായം ചേര്‍ത്ത വെളിച്ചെണ്ണ വ്യാപകമായി. ശുദ്ധമായ വെളിച്ചെണ്ണ എന്ന പേരില്‍ സംസ്ഥാനത്ത് വിറ്റഴിക്കുന്നതില്‍ ഭൂരിഭാഗവും പാംഓയില്‍ ചേര്‍ത്തതാണെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നു.

സോപ്പ് നിര്‍മാണത്തിനെന്ന വ്യാജേന ദിവസവും നൂറുകണക്കിന് പാം ഓയില്‍ ടാങ്കര്‍ ലോറികളാണ് അതിര്‍ത്തി ചെക്ക്‌പോസ്റ്റുകള്‍ കടന്ന് കേരളത്തില്‍ എത്തുന്നത്. ഇത്രയും സോപ്പ് ഉത്പ്പാദക കമ്പനികള്‍ സംസ്ഥാനത്ത് നിലവിലില്ലെന്ന് അറിയുമ്പോഴാണ് മായം ചേര്‍ക്കലിന്റെ വ്യാപ്തി വെളിച്ചത്താകുക.
രണ്ട് മാസം മുമ്പ് കിലോഗ്രാമിന് 100-120 രൂപ വിലയുണ്ടായിരുന്ന വെളിച്ചെണ്ണക്ക് ഇപ്പോള്‍ 175- 180 രൂപ വരെയാണ് വില ഈടാക്കുന്നത്. മില്ലില്‍ ശുദ്ധമായ വെളിച്ചെണ്ണ ലഭിക്കണമെങ്കില്‍ കിലോഗ്രാമിന് 200 രൂപയെങ്കിലും നല്‍കണമെന്ന് ചെറുകിട കച്ചവടക്കാര്‍ പറയുന്നു. സംസ്ഥാന സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള കേരഫെഡിന്റെ പോപ്പുലര്‍ ബ്രാന്‍ഡായ കേര കിലോഗ്രാമിന് 170 രൂപയാണ് വില.
വെളിച്ചെണ്ണയുടെ ഗന്ധവും മറ്റ് സവിശേഷതകളുമെല്ലാം ഉണ്ടെന്നതാണ് മായം ചേര്‍ക്കലിന് പാം ഓയില്‍ അനുയോജ്യമാക്കുന്ന ഘടകം. ഒരു ലിറ്റര്‍ പാംഓയിലിന് 40.65 രൂപ മാത്രമാണ് വില. ഇത് വെളിച്ചെണ്ണയില്‍ കലര്‍ത്തിയാലും പെട്ടെന്ന് കണ്ടുപിടിക്കുക അസാധ്യമാണ്. ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന ഊര്‍ജിതമാക്കിയിട്ടുണ്ടെങ്കിലും മായം കലര്‍ന്ന വെളിച്ചെണ്ണ വന്‍ തോതില്‍ വിപണികളിലെത്തുന്നുണ്ട്. ചെക്ക്‌പോസ്റ്റുകളില്‍ സാമ്പിള്‍ ശേഖരിച്ച് നടത്തിയ പരിശോധനയില്‍ തന്നെ ഇക്കാര്യം വ്യക്തമായിരുന്നു.
മിക്ക രാജ്യങ്ങളിലും പാംഓയില്‍ ഇറക്കുമതി നിരോധിച്ചിട്ടുണ്ടെങ്കിലും വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് മൂലം ഇന്ത്യയില്‍ ഇത് സുലഭമായി വിറ്റഴിയുകയാണ്. വെളിച്ചെണ്ണയില്‍ പാംഓയില്‍ കലര്‍ത്തിയിട്ടുണ്ടെന്ന് ശാസ്ത്രീയപരീക്ഷണത്തിലൂടെ തെളിയിച്ചാല്‍ മാത്രമേ കുറ്റക്കാര്‍ക്കെതിരെ മായം ചേര്‍ക്കല്‍ നിരോധ നിയമപ്രകാരം കേസെടുക്കാനാകൂ. പാംഓയില്‍ വെളിച്ചെണ്ണയില്‍ കലര്‍ത്തി വില്‍ക്കുന്നതിനെതിരെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ കേസെടുക്കുമ്പോള്‍ ഇതിനെതിരെ വമ്പന്‍ സ്രാവുകള്‍ രംഗത്തെത്തുന്നത് അവിശുദ്ധ ബന്ധത്തിന് തെളിവാണ്.
പാംഓയിലിന് പുറമെ പാരഫിന്‍ ഓയില്‍, പെട്രോളിയം ഉത്പന്നങ്ങള്‍ എന്നിവയും വെളിച്ചെണ്ണയില്‍ മായം ചേര്‍ക്കുന്നതിനായി ഉപയോഗിക്കുന്നുണ്ടെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നു. മായം ചേര്‍ത്ത വെളിച്ചെണ്ണ വന്‍ തോതില്‍ വിറ്റഴിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് റെയ്ഡുകള്‍ വ്യാപകമാക്കിയിട്ടുണ്ട്. കൊല്ലം ജില്ലയിലെ വിവിധ ഹോട്ടലുകളില്‍ നിന്ന് മായം കലര്‍ന്ന വെളിച്ചെണ്ണ വ്യാപകമായ രീതിയില്‍ അധികൃതര്‍ സമീപ നാളില്‍ പിടിച്ചെടുത്തിരുന്നു.