Connect with us

Kerala

രാമലു കൊലപാതകം: ആറംഗ സംഘത്തെ നാളെ ആന്ധ്രയിലേക്ക് കൊണ്ടു പോകും

Published

|

Last Updated

തിരുവനന്തപുരം: ടി ആര്‍ എസ് നേതാവ് രാമലുവിനെ കൊലപ്പെടുത്തിയ കേസില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മാവോയിസ്റ്റുകളെ നാളെ ആന്ധ്രാപ്രദേശിലേക്ക് കൊണ്ടു പോകും. തിരുവനന്തപുരം സി ജെ എം കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി. പ്രതികളെ ആന്ധ്രയിലെ നല്‍ഗോണ്ട കോടതിയില്‍ ഹാജരാക്കണമെന്ന കോടതിയുടെ പ്രൊഡക്ഷന്‍ വാറണ്ട് ആന്ധ്ര പോലീസ് ഇന്നലെ പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന് കൈമാറി. മാവോയിസ്റ്റുകളെ നാളെ ട്രെയിന്‍ മാര്‍ഗം കനത്ത സുരക്ഷാ സന്നാഹങ്ങളോടെ കേരള പോലീസ് ആന്ധ്രയിലേക്ക് കൊണ്ടു പോകും. തിരുവനന്തപുരത്ത് ക്യാമ്പ് ചെയ്യുന്ന ആന്ധ്രാപ്രദേശ് പോലീസിലെ സംഘവും കേരള പോലീസിനെ അനുഗമിക്കും.

ആന്ധ്രയിലെ നല്‍ഗോണ്ടയില്‍ വെച്ച് ടി ആര്‍ എസ് നേതാവ് രാമലുവിനെ ഒരു വിവാഹ പാര്‍ട്ടിക്കിടെയാണ് പട്ടാപ്പകല്‍ മാവോയിസ്റ്റ് ബന്ധമുള്ള വാടക കൊലയാളികള്‍ വെടിവെച്ചു കൊന്നത്. പ്രതികള്‍ കേരള പോലീസിന്റെ പിടിയിലായ വിവരവും റിമാന്‍ഡ് റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള വിവരങ്ങളും നല്‍ഗുണ്ട കോടതിയെ ആന്ധ്രയിലെ നല്‍ഗോണ്ട ജില്ലാ അഡീഷനല്‍ എസ് പി രമാരാജേശ്വരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കഴിഞ്ഞ ദിവസം രേഖാമൂലം അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പ്രൊഡക്ഷന്‍ വാറണ്ട് കോടതി പുറപ്പെടുവിച്ചത്.

ലൈസന്‍സില്ലാതെ തോക്ക് കൈവശം വെച്ച കേസിലാണ് ഇപ്പോള്‍ ഇവര്‍ റിമാന്‍ഡില്‍ കഴിയുന്നത്. കൊലപാതകം നടത്തിയ ശേഷം സുരക്ഷിതമായി ഒളിവില്‍ കഴിയാനെത്തിയ ആറ് പേരും തമ്പാനൂര്‍ പോലീസിന്റെ പിടിയിലായ വിവരം തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ എച്ച് വെങ്കിടേഷ് ആന്ധ്ര പോലീസിനെ അറിയിച്ചിരുന്നു. പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ പതിനഞ്ച് ലക്ഷം രൂപ പ്രതിഫലം വാങ്ങിയാണ് തങ്ങള്‍ രാമലുവിനെ കൊലപ്പെടുത്തിയതെന്ന് പ്രതികള്‍ മൊഴി നല്‍കിയിരുന്നു. രാമലുവിനെ കൂടാതെ ഇദ്ദേഹത്തിന്റെ സഹോദരന്‍ സാംബശിവിഡുവിനെ കൊലപ്പെടുത്തിയതും തങ്ങളാണെന്നും പ്രതികള്‍ സമ്മതിച്ചിരുന്നു. വാറങ്കല്‍ സ്വദേശികളായ സുരേഷ് മാജി, എല്ലേഷ്, സോമയ്യ, കുമാരസ്വാമി, രവി, അജേഷ് എന്നിവരാണ് ഇപ്പോള്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്നത്.

 

Latest