Connect with us

Palakkad

കിഴക്കന്‍ മേഖലയിലെ കര്‍ഷകര്‍ ആശങ്കയില്‍

Published

|

Last Updated

പാലക്കാട്: ആളിയാര്‍ ജല വിഷയത്തില്‍ തമിഴ്‌നാട് പതിവു നയം ആവര്‍ത്തിച്ചതോടെ കിഴക്കന്‍ മേഖലയിലെ കര്‍ഷകര്‍ ആശങ്കയില്‍.—ആളിയാറില്‍ നിന്ന് കൂടുതല്‍ ജലം ലഭിച്ചില്ലെങ്കില്‍ ചിറ്റൂര്‍പ്പുഴ പദ്ധതി പ്രദേശത്ത് ഒന്നാം വിളയിറക്കം താറുമാറാകും.
ഹെക്ടര്‍ കണക്കിന് നെല്‍കൃഷിയിറക്കുന്ന മേഖലയാണിവിടം. ആളിയാറില്‍ നിന്നും കരാര്‍ പ്രകാരമുള്ള 7.25 ടി എം സി വെള്ളം എത്തി കഴിഞ്ഞാല്‍ ജല വിതരണം നിര്‍ത്തുമെന്നാണ് തമിഴ്‌നാട് നിലപാട്.—100 ദശലക്ഷം ഘനയടി വെള്ളം മാത്രമാണ് ഇനി ആളിയാറില്‍ നിന്നും ലഭിക്കാനുള്ളത്.—
ഒരു ജലവര്‍ഷ പ്രകാരം ജൂലൈ ഒന്ന് മുതല്‍ ജൂണ്‍30വരെയാണ് 7.25 ടി എം സി ജലം തമിഴ്‌നാട് കൊടുക്കേണ്ടത്.
നിലവില്‍ 7.1 ടി എം സിയലധികം കിട്ടിയെങ്കിലും അധികജലം നല്‍കില്ലെന്ന നിലപാടാണ് കര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നത്. വരും ദിവസങ്ങളില്‍ ഈ ജലത്തെ ആശ്രയിച്ചാണ് ചിറ്റൂര്‍പ്പുഴ പദ്ധതിപ്രദേശത്തെ വിളയിറക്കം.
കാലവര്‍ഷം വൈകുകകൂടി ചെയ്താല്‍ കൃഷി പാടെ പ്രതിസന്ധിയിലാകും.—സര്‍ക്കാര്‍ തലത്തില്‍ ഇടപെട്ട് ജലം ലഭ്യമാക്കാനുള്ള നടപടിക്രമങ്ങളാണ് ഉടന്‍ വേണ്ടതെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നു.—അധികജലം നല്‍കണമെന്നാവശ്യപ്പെട്ട് കേരളം തമിഴ്‌നാടിന് കത്തെഴുതാന്‍ തീരുമാനിച്ചിട്ടുണ്ട്. കരാറനുസരിച്ച് ഏപ്രില്‍ ഒന്ന് മുതല്‍ മെയ് 14വരെ ആളിയാറില്‍ നിന്ന് കേരളത്തിനു തമിഴ്‌നാട് വെള്ളം നല്‍കേണ്ടതില്ല. 15 മുതല്‍ പുന:രാരംഭിക്കുകയും വേണം. നിലവില്‍ ഈ വെള്ളം വിട്ടുകൊടുത്തുതുടങ്ങിയെങ്കിലും അടുത്ത ദിവസത്തിനുള്ളില്‍ കരാര്‍ പ്രകാരമുള്ള ജലം പൂര്‍ണമാകും. ആളിയാറില്‍ നിലവില്‍ ഒരു ടി എം സിയിലധികം ജലം നിലവിലുണ്ട്.
ഇതിനാലാണ് അധികജലം വിട്ടുതരണമെന്ന് കേരളം ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യമാണ് തമിഴ്‌നാട് നിരസിച്ചിട്ടുള്ളത്.
കഴിഞ്ഞ വര്‍ഷവും കരാര്‍ പ്രകാരമുള്ളതും അധിക ജലവും തമിഴ്‌നാട് അവശ്യസമയത്ത് വിട്ടുകൊടുത്തിരുന്നില്ല. ഇതിനാല്‍ 30 ഹെക്ടറോളം സ്ഥലത്തെ നെല്‍കൃഷിയാണ് ഉണക്കുഭീഷണിയില്‍പ്പെട്ടത്.
തുടര്‍ന്ന് ഇറിഗേഷന്‍ ഉദ്യോഗസ്ഥരും മന്ത്രിമാരും തമിഴ്‌നാട് ഉദ്യോഗസ്ഥരുമായി നിരന്തരം ചര്‍ച്ച നടത്തിയാണ് കുറച്ചുവെള്ളം ലഭിച്ചത്. കര്‍ഷകര്‍ ഇറിഗേഷന്‍ ഓഫീസ് ഉപരോധമുള്‍പ്പെടെ നിരന്തര സമരങ്ങളും നടത്തിയിരുന്നു.
വര്‍ഷക്കാലത്തിന് ഇനിയും ഒരു മാസം കഴിയണമെന്നിരിക്കെ ജല ദൗര്‍ലഭ്യം കര്‍ഷകരെ ആശങ്കയിലാക്കി കഴിഞ്ഞു. പ്രശ്‌നം എങ്ങനെ അവതരിപ്പിക്കണമെന്നും ജലം എങ്ങനെ നേടിയെടുക്കുമെന്നുമുള്ള പ്രതിസന്ധിയിലാണ് ഉദ്യോഗസ്ഥര്‍.

 

Latest