ഉക്രൈനിലെ തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കും: പുടിന്‍

Posted on: May 24, 2014 12:23 am | Last updated: May 24, 2014 at 12:23 am

കീവ്/ മോസ്‌കോ: ഉക്രൈനില്‍ നാളെ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലം അംഗീകരിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വഌദമീര്‍ പുടിന്‍. ഉക്രൈനില്‍ പ്രസിഡന്റായി ആര് വന്നാലും അദ്ദേഹവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ റഷ്യ ഒരുക്കമാണെന്ന് അദ്ദേഹം സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ പറഞ്ഞു. ഉക്രൈനുമായി നയതന്ത്ര പ്രതിസന്ധി രൂപപ്പെട്ട ശേഷം ഇതാദ്യമായാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുമെന്ന് പുടിന്‍ വ്യക്തമാക്കുന്നത്.
പ്രതിസന്ധിയില്‍ നിന്ന് കര കയറാന്‍ ഉക്രൈന്‍ ജനത ആഗ്രഹിക്കുന്നുവെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. അവരുടെ ശബ്ദത്തെ ഞങ്ങള്‍ മാനിക്കും. യാനുക്കോവിച്ച് തന്നെയാണ് ഇപ്പോഴും പ്രസിഡന്റ് എന്നതിനാല്‍ ഹിതപരിശോധന നടത്തി പുതിയ ഭരണഘടന രൂപവത്കരിക്കുകയാണ് വേണ്ടിയിരുന്നത്. എന്നാല്‍ അവര്‍ തിരഞ്ഞെടുപ്പിലേക്കാണ് പോയത്’- പുടിന്‍ പറഞ്ഞു.
ഡൊണറ്റ്‌സ്‌കിലും ലുഹാന്‍സ്‌കിലും നടക്കുന്ന റഷ്യന്‍ അനുകൂല പ്രക്ഷോഭവും ഏറ്റുമുട്ടലും തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇവിടെ വിമതര്‍ ഹിതപരിശോധന നടത്തി ‘സ്വാതന്ത്ര്യം’ പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ വിമത ഗ്രൂപ്പുകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.
റഷ്യന്‍ അനുകൂല പ്രസിഡന്റ് വിക്ടര്‍ യാനുക്കോവിച്ചിനെ പാശ്ചാത്യ സഹായത്തോടെ പുറത്താക്കിയതിനു ശേഷം നടക്കുന്ന തിരഞ്ഞെടുപ്പിന് വലിയ അന്താരാഷ്ട്ര പ്രാധാന്യമുണ്ട്. യൂറോപ്യന്‍ യൂനിയനും അമേരിക്കയും ഉക്രൈനിന് ശക്തമായ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്.