Connect with us

Kasargod

പട്ടികവര്‍ഗ കോളനികളില്‍ അടിസ്ഥാന സൗകര്യ വികസനം ത്വരിതപ്പെടുത്തും

Published

|

Last Updated

കാസര്‍കോട്: ജില്ലയിലെ മുഴുവന്‍ പട്ടികവര്‍ഗകോളനികളിലും എല്ലാ കുടുംബങ്ങള്‍ക്കും വീടുകളും കുടിവെള്ളവും റോഡും ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് നടപടികള്‍ ഊര്‍ജിതപ്പെടുത്തും. കാറഡുക്ക, പരപ്പ ബ്ലോക്കുകള്‍ രൂപവത്കരിച്ചതിനെതുടര്‍ന്ന് ഐ എ വൈ പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് വീട് നിര്‍മിക്കാന്‍ തുക അനുവദിക്കാത്തത് സംബന്ധിച്ച പരാതി സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തും.
കോളനികളിലെ തീവ്രവാദ സംഘടനകളുടെ സാന്നിദ്ധ്യം വിലയിരുത്തുന്നതിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തിലാണ് തീരുമാനം.
ഊരുകൂട്ടങ്ങള്‍ കൃത്യമായി ചേരുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വികസനപദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനും യോഗം തീരുമാനിച്ചു. എല്ലാ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും വീട്, യാത്രാസൗകര്യം, കുടിവെള്ളം, കക്കൂസ് എന്നിവ ഉറപ്പ് വരുത്തും. കോളനികളില്‍ വര്‍ഷങ്ങളായി താമസിക്കുന്ന പട്ടികവര്‍ഗ കുടുംബങ്ങളുടെ ഭൂമിക്ക് പട്ടയം ലഭിക്കാത്ത പരാതികള്‍ പരിശോധിച്ച് അര്‍ഹരായവര്‍ക്ക് പട്ടയം ലഭ്യമാക്കും. അര്‍ഹരായ മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും വിവിധ ക്ഷേമപദ്ധതികള്‍ ലഭ്യമാക്കുന്നതിന് സത്വരനടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
എ ഡി എം. ഒ മുഹമ്മദ് അസ്‌ലം അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ശ്യാമളാദേവി, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി എം പ്രദീപ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ ലക്ഷ്മണന്‍(കിനാനൂര്‍-കരിന്തളം), പി ഗോപാലന്‍ മാസ്റ്റര്‍(കുറ്റിക്കോല്‍), സി ബി അബ്ദുല്ല ഹാജി(ചെങ്കള), സി കാര്‍ത്ത്യായനി(ബേഡഡുക്ക), എം ഗീത(ദേലംപാടി), എ വി രമണി(പിലിക്കോട്), പി എച്ച് റംല(കുമ്പള), ഹുസൈന്‍(കുമ്പഡാജെ), സി ബി സുധ(ബദിയടുക്ക), ബളാല്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സിബിച്ചന്‍, ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ ജാക്വിലിന്‍ ഷൈനി ഫെര്‍ണ്ണാണ്ടസ്, അസി. പട്ടികവര്‍ഗ വികസന ഓഫീസര്‍ കെ കൃഷ്ണപ്രകാശ് പ്രസംഗിച്ചു.
പട്ടികവര്‍ഗ വികസനവകുപ്പ് ഉദ്യോഗസ്ഥരും ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരും യോഗത്തില്‍ സംബന്ധിച്ചു.

 

Latest