Connect with us

International

ചൈനയും റഷ്യയും 30 വര്‍ഷത്തെ വാതക കരാറില്‍

Published

|

Last Updated

ബീജിംഗ്: ചൈനയുമായി റഷ്യ വന്‍ വാതക കരാറില്‍ ഒപ്പുവെച്ചു. 30 വര്‍ഷത്തെ കരാറിലാണ് റഷ്യന്‍ പ്രസിഡന്റ് വഌദിമര്‍ പുടിന്‍ ഒപ്പുവെച്ചത്. റഷ്യയുടെ ഗ്യാസ്‌പ്രോമും ചൈന നാഷനല്‍ പെട്രോളിയം കോര്‍പ്പും തമ്മിലാണ് ഇടപാട്. ഉക്രൈനില്‍ ഇടപെട്ടത് കാരണം പാശ്ചാത്യ ശക്തികള്‍ ഉപരോധം ശക്തമാക്കിയതിനെ തുടര്‍ന്ന് ഊര്‍ജ വ്യാപാരത്തിന് സമാന്തര മാര്‍ക്കറ്റ് തേടിയിരിക്കുകയാണ് ഇതോടെ റഷ്യ.
ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും 40,000 കോടി ഡോളറിന്റെതാണ് ഇടപാടെന്നാണ് സൂചന. ഷാംഗ്ഹായില്‍ നടന്ന ഉച്ചകോടിയിലാണ് കരാര്‍ ഒപ്പുവെച്ചത്. കരാര്‍ 2018ഓടെ പ്രാബല്യത്തില്‍ വന്നാല്‍ പ്രതിവര്‍ഷം 3800 ക്യൂബിക് മീറ്റര്‍ പ്രകൃതി വാതകം ചൈനയിലെത്തും. പത്ത് വര്‍ഷത്തിന് ശേഷമാണ് പുതിയ വാതക വിതരണക്കാരനെ ചൈനക്ക് ലഭിച്ചത്. തുര്‍ക്ക്‌മെനിസ്ഥാനാണ് ചൈനയുടെ വലിയ വിദേശ വാതക വിതരണക്കാരന്‍. കഴിഞ്ഞ വര്‍ഷം മുതല്‍ മ്യാന്‍മറില്‍ നിന്ന് പൈപ്പ് വഴി വാതകം ഇറക്കുമതി ചെയ്യുന്നുണ്ട്. ചൈനയിലേക്ക് പൈപ്പ് നിര്‍മാണവും കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. “ദ പവര്‍ ഓഫ് സൈബീരിയ” എന്ന പേരില്‍ റഷ്യയില്‍ നിന്ന് ചൈനീസ് അതിര്‍ത്തിയിലേക്ക് പൈപ്പ് ലൈന്‍ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. റഷ്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ചൈന. കഴിഞ്ഞ വര്‍ഷം 9000 കോടി ഡോളറിന്റെ വ്യാപാരം നടന്നിരുന്നു. പത്ത് വര്‍ഷത്തിനുള്ളില്‍ ഇത് ഇരട്ടിയാക്കാനാണ് ഇരു രാഷ്ട്രങ്ങളും ലക്ഷ്യം വെക്കുന്നത്.