Connect with us

Ongoing News

ബി ജെ പിക്ക് മെച്ചം; ഇക്കുറിയും താമര വിരിഞ്ഞില്ല

Published

|

Last Updated

തിരുവനന്തപുരം: കടുത്ത പോരാട്ടം കാഴ്ചവെച്ചെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് കേരളത്തില്‍ അക്കൗണ്ട് തുറക്കാനായില്ല. തിരുവനന്തപുരത്ത് ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ചങ്കിലും 15,470 വോട്ടിന്റെ വ്യത്യാസത്തില്‍ സിറ്റിംഗ് എം പി ശശി തരൂരിനോട് രാജഗോപാല്‍ അടിയറവ് പറഞ്ഞതോടെ കേരളത്തില്‍ നിന്നൊരു സീറ്റെന്ന ബി ജെ പിയുടെ ലക്ഷ്യം സ്വപ്‌നമായി ഇത്തവണയും മാറി. വോട്ടെണ്ണല്‍ തുടങ്ങി 75 ശതമാനത്തിലെത്തിയപ്പോഴും മുന്നിലായിരുന്ന രാജഗോപാല്‍ അന്തിമഘട്ടത്തില്‍ പിന്നിലേക്ക് പോകുകയായിരുന്നു. മോദി തരംഗത്തിന്റെ പിന്‍ബലത്തില്‍ ആദ്യമായി കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന് ആദ്യാവസാനം സൂചനകള്‍ നല്‍കിയ രാജഗോപാല്‍ അവസാനഘട്ടത്തില്‍ പിന്തള്ളപ്പെടുകയായിരുന്നു.

എന്നാല്‍ തരൂരിനെതിരെ നേടിയ 2,82,336 വോട്ടുകള്‍ ബി ജെ പിയുടെ മുന്‍ പ്രകടനവുമായി തട്ടിച്ചു നോക്കുമ്പോള്‍ ചരിത്ര നേട്ടമായി വിലയിരുത്താവുന്നതാണ്. കഴിഞ്ഞ ഒരു തിരഞ്ഞെടുപ്പിലും ഇത്ര മുന്നേറ്റം സംസ്ഥാനത്ത് നേടാന്‍ ബി ജെ പിക്കായിട്ടില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ഥിയായ പി കെ കൃഷ്ണദാസിന് നേടാനായത് 84,094 വോട്ടുകള്‍ മാത്രമാണ്. തിരുവനന്തപുരത്ത് മികച്ച പോരാട്ടം കാഴ്ചവെച്ച് രണ്ടാമതെത്തിയപ്പോള്‍ മറ്റ് 19 മണ്ഡലങ്ങളില്‍ ബി ജെ പി മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു. കാസര്‍ക്കോട്് മണ്ഡലത്തില്‍ 1,72,826 വോട്ടുകള്‍ നേടിയ കെ സുരേന്ദ്രനും പത്തനംതിട്ടയില്‍ 1,38,954 വോട്ടുകള്‍ നേടിയ എം ടി രമേശും പാലക്കാട് 1,36,587 വോട്ടുകള്‍ കരസ്ഥമാക്കിയ ശോഭാസുരേന്ദ്രനുമാണ് ബി ജെ പി തട്ടകത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തെത്തിയ പ്രമുഖര്‍.
കെ ജി മാരാരുടെ കാലം മുതല്‍ കേരളത്തില്‍ പാര്‍ലിമെന്റ് മത്സര രംഗത്തുള്ള ബി ജെ പി ഇക്കുറിയെങ്കിലും സംസ്ഥാനത്ത് താമരവിരിയുമെന്ന പ്രതീക്ഷയാണ് നിലനിര്‍ത്തിയിരുന്നത്. രാജഗോപാലിന്റെ വ്യക്തി വൈശിഷ്ട്യവും മോദി തരംഗവും ചേരുമ്പോള്‍ തിരുവനന്തപുരത്ത് വിജയം കുറിക്കാമെന്ന പ്രതീക്ഷ വോട്ടെണ്ണലിന്റെ അവസാന നിമിഷം മാറിമറിയുകയായിരുന്നു. സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ ആത്മവിശ്വാസത്തില്‍ പ്രവര്‍ത്തിച്ച രാജഗോപാലിന് പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ തരൂരിനെതിരെ ഉയര്‍ന്ന ആരോപണങ്ങളും ഗുണകരമായി.
ഇക്കുറി കേരളത്തില്‍ അക്കൗണ്ട് തുറക്കുവാന്‍ അനുകൂലമായ ഏല്ലാ സാഹചര്യങ്ങളും ഒത്തു വന്നിട്ടും പാര്‍ട്ടി അതിന് അനുസൃതമായ സംഘടനാ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും കേരളത്തില്‍ ബി ജെ പിക്ക് താമര വിരിയിക്കാനായില്ല. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വിഭിന്നമായി കേരളം പുലര്‍ത്തുന്ന രാഷ്ട്രീയ സ്വഭാവത്തിലൂന്നിയ വോട്ടിംഗ് രാജഗോപാലിന് തിരിച്ചടിയാകുകയായിരുന്നു.
സാമുദായിക വോട്ടുകളുടെ ക്രോഡീകരണത്തില്‍ വിജയം ഏറെക്കുറെ ഉറപ്പിച്ചിരുന്ന ഇടതുസ്ഥാനാര്‍ഥി ബെന്നറ്റ് എബ്രഹാം വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും ചിത്രത്തിലുണ്ടായിരുന്നില്ല. തിരുവനന്തപുരം മണ്ഡലത്തില്‍ നിര്‍ണായക സ്വാധീന ശക്തിയായ നാടാര്‍ വോട്ടുകളില്‍ സംഭവിച്ച വ്യതിചലനമാണ് ബെന്നറ്റിനെ തള്ളി തരൂരിനെ വിജയത്തിലേക്കെത്തിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. 2,48,941 വോട്ടുകള്‍ മാത്രമാണ് ബെന്നറ്റ് എബ്രഹാമിന് ലഭിച്ചത്. തരൂരിന് ലഭിക്കേണ്ട ഭൂരിപക്ഷ വിഭാഗത്തിലെ നിഷ്പക്ഷ വോട്ടുകള്‍ രാജഗോപാലിന് അനുകൂലമായതോടെയാണ് മത്സരത്തില്‍ അവസാനഘട്ടം വരെ മുന്‍തൂക്കം നിലനിര്‍ത്താന്‍ രാജഗോപാലിനായത്.
എന്നാല്‍ തീരദേശമടങ്ങുന്ന ന്യൂനപക്ഷ മേഖലയില്‍ നിന്നും അനുകൂലമായി വോട്ടുകള്‍ വീണതും ഇടതുമുന്നണിക്ക് അനുകൂലമായി നാടാര്‍ വോട്ടുകളുടെ ക്രോഡീകരണമുണ്ടാകാത്തതും തരൂരിന് ഗുണകരമായി മാറിയെന്നാണ് വിലയിരുത്തല്‍. തെക്ക് തോവാളയുടെ അതിര്‍ത്തി കഴിഞ്ഞാല്‍ നാഗര്‍കോവിലിലും കിഴക്ക് വാളയാറിനപ്പുറം കോയമ്പത്തൂരിലും വടക്ക് മഞ്ചേശ്വരം കഴിഞ്ഞ് മംഗലാപുരത്തും വിരിയുന്ന താമര കേരളത്തിനുള്ളില്‍ വിരിയാന്‍ ഇനിയും കാത്തിരിക്കണമെന്നാണ് രാഷ്ട്രീയ കേരളം വിലയിരുത്തുന്നത്.

 

Latest