അഫ്ഗാന്‍ പ്രസിഡന്റ് തിര. ഫലത്തിന് കാത്തിരിപ്പ്

Posted on: May 16, 2014 12:31 am | Last updated: May 15, 2014 at 11:32 pm

കാബൂള്‍: അഫ്ഗാന്‍ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പ് ഫലം വൈകുമെന്ന് ഉദ്യോഗസ്ഥര്‍. തിരഞ്ഞെടുപ്പില്‍ ഉയര്‍ന്ന പരാതികള്‍ പരിഹരിക്കാന്‍ കഴിയാത്തതിനാലാണ് ഫലം വൈകുന്നത്. ഏപ്രില്‍ അഞ്ചിന് നടന്ന തിരഞ്ഞെടുപ്പ് ഫലം കഴിഞ്ഞ മാസം പ്രഖ്യാപിച്ചെങ്കിലും ആത്യന്തിക ഫലമാണ് വൈകുന്നത്. ആദ്യഘട്ട വോട്ടെടുപ്പില്‍ 44.9 ശതമാനം വോട്ട് നേടി മുന്‍ വിദേശ കാര്യ മന്ത്രി അബ്ദുല്ല അബ്ദുല്ല മൂന്നില്‍ നില്‍ക്കുകയാണ്. മുന്‍ ലോക ബേങ്ക് സാമ്പത്തിക വിദഗ്ധന്‍ അശ്‌റഫ് ഘാനി 31.5 ശതമാനം വോട്ട് നേടി രണ്ടാം സ്ഥാനത്തുമാണ്. എട്ട് സ്ഥാനാര്‍ഥികളില്‍ ആരും 50 ശതമാനത്തിന് മുകളില്‍ വോട്ട് നേടിയിട്ടില്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിച്ച ഉടനെ ഫലം ഔദ്യോഗികമായി പഖ്യാപിക്കുമെന്നാണ് കരുതുന്നത്.
എന്നാല്‍ നാളെ തന്നെ ആത്യന്തിക തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ സാധ്യതയുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വതന്ത്ര വക്താവ് നൂര്‍ മുഹമ്മദ് നൂര്‍ പറഞ്ഞു. പരാതികള്‍ ഉടനെ പരിഹരിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
അഫ്ഗാന്‍ പ്രസിഡന്റ് ഹാമിദ് കര്‍സായിയുടെ ഭരണ കാലം നിയമപരമായി അവസാനിച്ചതിനാല്‍ അദ്ദേഹം തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല.