Connect with us

International

ദ. കൊറിയയിലെ ബോട്ടപകടത്തില്‍ മരിച്ചവരുടെ എണ്ണം 281 ആയി

Published

|

Last Updated

സിയോള്‍: ദക്ഷിണ കൊറിയയിലെ ബോട്ടപകടത്തില്‍ മരിച്ചവരുടെ എണ്ണം 281 ആയി. ഇന്നലെ അഞ്ച് മൃതദേഹങ്ങള്‍കൂടി കണ്ടെടുത്തു. 23 പേരെ ഇപ്പോഴും കണ്ടെത്തിയിട്ടില്ല. ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ നടന്നുകൊണ്ടിരിക്കുകയാണ്. 6,825 ടണ്‍ ഭാരമുള്ള യാത്രാ ബോട്ട് ജിന്‍ഡോ ദീപിന്റെ തീരത്താണ് തകര്‍ന്നത്. 476 യാത്രക്കാരുണ്ടായിരുന്നു. ഇതില്‍ 325 വിദ്യാര്‍ഥികളും 14 അധ്യാപകരുമുണ്ടായിരുന്നു. അന്‍സാനിലെ ഡാന്‍വോണ്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളും അധ്യാപകരുമാണ് ദുരന്തത്തില്‍പ്പെട്ടത്. അഞ്ച് നിലകളുള്ള മുങ്ങിയ ബോട്ടില്‍ 125 മുങ്ങല്‍ വിദഗ്ധരാണ് തിരച്ചില്‍ നടത്തുന്നത്. മൂന്ന്, നാല് അഞ്ച് നിലകളിലാണ് ഇപ്പോള്‍ തിരച്ചില്‍ നടന്നുകൊണ്ടിരിക്കുന്നത്. 139 സൈനിക കപ്പലുകളും 36 വിമാനങ്ങളും 42 സിവിലിയന്‍ കപ്പലുകളും മൃതദേഹം കണ്ടെത്തുന്നതിനായി രംഗത്തുണ്ട്. തകര്‍ന്ന ബോട്ടിന്റെ ഉടമയായ യൂ ബിയൂംഗ് എണ്‍ നാളെ കോടതിയില്‍ ഹാജരാകണമെന്ന് പ്രോസ്യുക്യൂട്ടര്‍ ആവശ്യപ്പെട്ടു. യൂവിനും അദ്ദേഹത്തിന്റെ കുടുംബത്തിനുമെതിരെ പണം അപഹരിക്കല്‍, നികുതി വെട്ടിപ്പ്, ജോലിയിലെ കൃത്യവിലോപം, അഴിമതി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സമന്‍സ് അംഗീകരിക്കാത്ത യൂവിന്റെ മൂത്ത മകനായ യൂ ഡീ ഗിയുണിന് എതിരെ നേരത്തെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.