Connect with us

Ongoing News

കെ എസ് ആര്‍ ടി സി ബസുകള്‍ കര്‍ണാടക പിടിച്ചെടുത്ത പ്രശ്‌നം: പരിഹരിക്കുമെന്ന് മന്ത്രി

Published

|

Last Updated

തിരുവനന്തപുരം കെ എസ് ആര്‍ ടി സിയുടെ പുതിയ ബംഗലൂരു ബസുകള്‍ സുരക്ഷാ വാതിലുകള്‍ ഇല്ലെന്ന കാരണത്താല്‍ കര്‍ണാടക മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട പ്രശ്‌നം രമ്യമായി പരിഹരിക്കുമെന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
കര്‍ണാടക മന്ത്രിയുമായി വിഷയം ചര്‍ച്ച ചെയ്തിട്ടുള്ളതായും തിരുവഞ്ചൂര്‍ പറഞ്ഞു. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്ക് കേരളത്തിലെ നിയമമാണു ബാധകമാകുന്നതെന്ന് അദ്ദേഹം അറിയിച്ചു. കേരളത്തില്‍ ബസിന്റെ പിന്‍‘ഭാഗത്തെ ചില്ലുകളാണു സുരക്ഷാ വാതിലായി ഉപയോഗിക്കുന്നത്. പ്രത്യേക വാതിലുകള്‍ വേണമെന്നു കേരളത്തിലെ നിയമത്തില്‍ പറയുന്നില്ല. കര്‍ണാടകയിലെ നിയമം കേരളത്തിനു ബാധകമാകുകയുമില്ലെന്നുമാണ് കെ എസ് ആര്‍ ടി സി അറിയിച്ചിരിക്കുന്നത്. കേന്ദ്ര മോട്ടോര്‍ വാഹന നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യുന്നത് ഏതു സംസ്ഥാനത്താണോ അവിടത്തെ നിയമങ്ങളായിരിക്കും വാഹനത്തിനു ബാധകമാകുക.
കേരളത്തില്‍ വേഗപ്പൂട്ട് നിര്‍ബന്ധമാണെങ്കിലും കര്‍ണാടകയില്‍ നിന്നു വരുന്ന വാഹനങ്ങള്‍ക്ക് ഇതു ബാധകമാകുന്നില്ല. കര്‍ണാടകയിലെ നിയമത്തില്‍ വേഗപ്പൂട്ടിന്റെ കാര്യം പറയുന്നില്ലെന്നതാണു കാരണം.
സുരക്ഷാ വാതിലുകള്‍ ഇല്ലെന്ന കാരണം പറഞ്ഞു കേരളത്തിന്റെ വാഹനങ്ങള്‍ പിടിച്ചെടുക്കുകയാണെങ്കില്‍ വേഗപ്പൂട്ടില്ലെന്ന കാരണം പറഞ്ഞു കര്‍ണാടക വാഹനങ്ങളും കേരളത്തിനു തടയേണ്ടിവരുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാനാണ് ഉദ്ദേശിക്കുന്നത്.
10 പുതിയ വോള്‍വോ ബസുകളാണു ബാംഗലൂരുവിലേക്ക് കേരളത്തില്‍ നിന്നു സര്‍വീസ് ആരംഭിച്ചത്. കുറച്ചുദിവസം മുമ്പ് തൃശൂരില്‍ നിന്നു ബംഗലൂരുവിലേക്കു പോയ ഡീലക്‌സ് ബസാണു സുരക്ഷാ വാതില്‍ ഇല്ലെന്ന കാരണത്താല്‍ തടഞ്ഞിട്ടത്. വാഹനത്തിന്റെ പിന്‍‘ഭാഗത്ത് വലതുവശത്തായി രണ്ടു സീറ്റുകള്‍ ഇളക്കിക്കളഞ്ഞു വാതിലുകള്‍ സ്ഥാപിക്കണമെന്നാണു കര്‍ണാടക അധികൃതര്‍ ആവശ്യപ്പെട്ടത്. തല്‍ക്കാലം ബസ് വിട്ടുകൊടുത്തെങ്കിലും വാതില്‍ നിര്‍ബന്ധമാണെന്ന സന്ദേശം കൈമാറിയിരുന്നു.
ബസിന്റെ മറ്റു രേഖകളെല്ലാം കൈവശം കരുതിയാല്‍ മതിയെന്നും സുരക്ഷാ വാതിലിന്റെ കാര്യം പിന്നീടു ചര്‍ച്ച ചെയ്തു തീരുമാനിക്കാമെന്നുമാണു അധികൃതര്‍ നല്‍കിയ നിര്‍ദേശം..

---- facebook comment plugin here -----

Latest