പത്മനാഭപുരം കൊട്ടാരം ലോക പൈതൃക സ്മാരക കരട് പട്ടികയില്‍

Posted on: May 15, 2014 12:55 am | Last updated: May 14, 2014 at 11:56 pm

തിരുവനന്തപുരം: തക്കല പത്മനാഭപുരം കൊട്ടാരത്തെ യുനസ്‌കോയുടെ ലോകപൈതൃക സ്മാരകങ്ങളുടെ കരട് പട്ടികയില്‍ ഉള്‍പ്പെടുത്തി അറിയിപ്പ് ലഭിച്ചതായി സാംസ്‌കാരിക മന്ത്രി കെ സി ജോസഫ് അറിയിച്ചു. ഏപ്രില്‍ 15 ന് ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന ലോക പൈതൃക സ്മാരക ഉപദേശക സമിതിയാണ് തീരുമാനമെടുത്തത്. ശിലാ ലിഖിതങ്ങളും കൊത്തുചിത്രങ്ങളുമുള്ള വയനാട്ടിലെ എടയ്ക്കല്‍ ഗുഹയെ അടുത്ത ഘട്ടത്തില്‍ കരട് ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കുമെന്നും ഉപദേശക സമിതി അറിയിച്ചിട്ടുണ്ട്.
തക്കലയിലെ പത്മനാഭപുരം കൊട്ടാരത്തെയും വയനാട്ടിലെ എടയ്ക്കല്‍ ഗുഹയും ലോകപൈതൃക സ്മാരക പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് കേരളം പ്രത്യേകം റിപ്പോര്‍ട്ടുള്‍പ്പെടെ അപേക്ഷ സമര്‍പ്പിച്ചിരുന്നതായി മന്ത്രി പറഞ്ഞു. കേരള ശൈലിയില്‍ തനത് തച്ചുശാസ്ത്രത്തെ അടിസ്ഥാനമാക്കി പണിത 500 വര്‍ഷം പഴക്കമുള്ള കൊട്ടാരത്തിന്റെ ഭൂരിഭാഗവും തടികൊണ്ട് നിര്‍മ്മിച്ചതാണ്. എടയ്ക്കല്‍ ഗുഹയുടെ കലാസാംസ്‌കാരിക പ്രാധാന്യം പരിഗണിച്ചാണ് രണ്ടാം ഘട്ടത്തില്‍ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. കേരള ചരിത്ര പൈതൃക മ്യൂസിയത്തിന്റെ ആഭിമുഖ്യത്തില്‍ ലോക പൈതൃക സ്മാരക പട്ടികയിലേക്ക് ഇടം പിടിക്കുന്നതിനുള്ള ഗവേഷണ റിപ്പോര്‍ട്ട് കേരളം സമര്‍പ്പിച്ചുകഴിഞ്ഞു. പുരാവസ്തു ഗവേഷകയായ ഡോ.എലിസബത്ത് തോമസിന് പൈതൃക സ്മാരക സ്‌പെഷ്യല്‍ ഓഫീസറുടെ ചുമതല നല്‍കിയതായും മന്ത്രി അറിയിച്ചു.