Connect with us

Palakkad

ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം: ജില്ലയിലെ വിജയശതമാനം വീണ്ടും കുറഞ്ഞു

Published

|

Last Updated

പാലക്കാട്: ഹയര്‍സെക്കന്ററി പരീക്ഷാഫലത്തില്‍ ജില്ലയിലെ വിജയശതമാനം വീണ്ടും കുറഞ്ഞു. 73.92 ശതമാനമാണ് ഇത്തവണത്തെ വിജയം.
കഴിഞ്ഞതവണ 75.92 ശതമാനമായിരുന്നതാണ് ഈ വര്‍ഷം രണ്ടു ശതമാനം കുറഞ്ഞ് 73.92ലേക്ക എത്തിയിരിക്കുന്നത്. ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ മൂന്നുശതമാനത്തോളം കുറഞ്ഞ് 28ശതമാനത്തിലെത്തി. വിജയശതമാനം കുറഞ്ഞെങ്കിലും സമ്പൂര്‍ണ എ പ്ലസ് നേടിയവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി.
339 വിദ്യാര്‍ത്ഥികളാണ് കഴിഞ്ഞ വര്‍ഷം സമ്പൂര്‍ണ എ പ്ലസ് നേടിയത്. എന്നാല്‍ ഈ വര്‍ഷം 386 സമ്പൂര്‍ണ എ പ്ലസ് ആയി ഉയര്‍ന്നു. കഴിഞ്ഞ തവണ സമ്പൂര്‍ണ എ പ്ലസ്സില്ലാതിരുന്ന ഓപ്പണ്‍ വിഭാഗത്തില്‍ ഇത്തവണ ഒരു വിദ്യാര്‍ത്ഥി മുഴുവന്‍ വിഷയങ്ങളിലും എ.പ്ലസ് നേടി. ഹയര്‍സെക്കന്ററി വിഭാഗത്തില്‍ സര്‍ക്കാര്‍,എയ്ഡഡ്,അണ്‍ എയ്ഡഡ് മേഖലകളിലെ 140 സ്‌കൂളുകളില്‍ നിന്നായി ഈ വര്‍ഷം 26,398 വിദ്യാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്തു. 26,131 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയതില്‍ 19,315 വിദ്യാര്‍ത്ഥികള്‍ ഉപരി പഠനത്തിന് അര്‍ഹത നേടി (73.92ശതമാനം).
ഓപ്പണ്‍ സ്‌കൂളില്‍ 7,028 പേര്‍ രജിസ്റ്റര്‍ ചെയ്തതില്‍ 6,821 വിദ്യാര്‍ത്ഥികള്‍ പരീക്ഷക്കിരുന്നു. 1,959 പേര്‍ ഉപരിപഠനത്തിനര്‍ഹരായി. 28ശതമാനമാണ് ഓപ്പണ്‍ സ്‌കൂളിലെ വിജയം. കഴിഞ്ഞ തവണ 30.99 ശതമാനമുണ്ടായിരുന്നതാണ് 28ലേക്ക് കുറഞ്ഞിരിക്കുന്നത്. വി എച്ച് എസ് ഇ വിഭാഗത്തില്‍ 1712 പേര്‍ പരീക്ഷയെഴുതി പാര്‍ട്ട് ഒന്നിലും രണ്ടിലും 1553 വിദ്യാര്‍ത്ഥികള്‍ യോഗ്യത നേടി (90.71).
പാര്‍ട്ട് ഒന്ന്, രണ്ട്, മൂന്ന് വിഷയങ്ങളില്‍ 1312 പേരും വിജയിച്ചു (76.64). കഴിഞ്ഞതവണ യഥാക്രമം 91.84, 84.48 എന്നിങ്ങിനെയായിരുന്നു വിജയശതമാനം. ഏഴു സ്‌കൂളുകള്‍ നൂറുശതമാനം വിജയം നേടിയിട്ടുണ്ട്. മൂന്നുവര്‍ഷങ്ങളായി ജില്ലയിലെ വിജയശതമാനം കുറഞ്ഞുവരികയാണ്. 2012ല്‍ 82.65 ശതമാനമായിരുന്നത് 2013ല്‍ 75.92ലേക്ക് കുറഞ്ഞിരുന്നു. 2014 ആയപ്പോഴേക്കും വീണ്ടും ശതമാനത്തില്‍ കുറവു വന്നിരിക്കുന്നത് ജില്ലയുടെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥക്ക് ആക്കംകൂട്ടുകയാണ്. കഴിഞ്ഞ തവണ 13ാം സ്ഥാനത്തായിരുന്നത് ഇത്തവണ 12 ആയി ഒരു പടി മുന്നിലേക്കെത്തിയത് ആശ്വസിക്കാം.

നൂറ് മേനി വിജയം
ഒറ്റപ്പാലം: ജീവിതത്തിലെ പ്രതിസന്ധികളെയും വൈകല്യങ്ങളെയും പിന്നിട്ടു ഒറ്റപ്പാലം ബധിര വിദ്യാലയം ജൈത്രയാത്ര നടത്തുന്നു.
ഇന്നലെ പ്ലസ്ടു ഫലം പ്രഖ്യാപിച്ചപ്പോള്‍ നൂറില്‍ നൂറുമേനി അവര്‍ കരസ്ഥമാക്കി. തുടര്‍ച്ചയായ രണ്ടാംതവണയാണ് നൂറുമേനി കൊയ്യുന്നത്. 12 കുട്ടികള്‍ എഴുതിയതില്‍ മുഴുവന്‍ പേരും വിജയിച്ചു.
ഇക്കഴിഞ്ഞ എസ് എസ് എല്‍ സി പരീക്ഷയിലും അവര്‍ നൂറുമേനി കൊയ്തിരുന്നു.

Latest