Connect with us

Kasargod

കാഞ്ഞങ്ങാട്ടെ ബാറിന്റെ അനുമതി: ലൈസന്‍സ് റദ്ദാക്കാനുള്ള തീരുമാനം അസാധുവായി

Published

|

Last Updated

കാഞ്ഞങ്ങാട് : അലാമി പ്പള്ളിയിലെ ഫോര്‍ സ്റ്റാര്‍ ഹോട്ടലായ രാജ് റസിഡന്‍സിക്ക് ബാര്‍ തുടങ്ങുന്നതിന് കാഞ്ഞങ്ങാട് നഗരസഭ നല്‍കിയ അനുമതി റദ്ദാക്കി സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനം നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഭൂരിപക്ഷത്തിന്റെ അംഗീകാരമില്ലാത്തതിനാല്‍ അസാധുവായി.
സര്‍ക്കാര്‍ തീരുമാനം നടപ്പാക്കുന്നത് സംബന്ധിച്ച് ഇന്നലെ വൈകീട്ട് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ബാര്‍ ലൈസന്‍സിന് അനുമതി നല്‍കിയതിനെതിരെ നിലപാടെടുക്കാന്‍ ഭൂരിപക്ഷം അംഗങ്ങളും തയ്യാറായില്ല.
കൗണ്‍സില്‍ യോഗത്തില്‍ നിന്ന് സി പി എം, ബി ജെ പി അംഗങ്ങള്‍ ഇറങ്ങിപ്പോയി. ഐ എന്‍ എല്‍ ബഹിഷ്‌കരിച്ചു. ഇതോടെ ബാര്‍ ലൈസന്‍സിനെതിരെ തീരുമാനം കൈക്കൊള്ളാന്‍ മതിയായ അംഗങ്ങള്‍ യോഗത്തില്‍ ഇല്ലായിരുന്നു. ബാര്‍ ലൈസന്‍സിന് എതിരായ തീരുമാനം നടപ്പാകണമെങ്കില്‍ 22 അംഗങ്ങളുടെ പിന്തുണ വേണം. കോണ്‍ഗ്രസും മുസ്‌ലിം ലീഗും സോഷ്യലിസ്റ്റ് ജനതയും ഉള്‍പ്പെടെ 20 അംഗങ്ങള്‍ മാത്രമേ ഭരണപക്ഷത്തുണ്ടായിരുന്നുള്ളൂ. സി പി എമ്മും ബി ജെ പിയും ഐ എന്‍ എല്ലും ഉള്‍പ്പെടുന്ന പ്രതിപക്ഷത്തെ 23 അംഗങ്ങളും ലൈസന്‍സിന്റെ കാര്യത്തിലുള്ള സര്‍ക്കാര്‍ ശിപാര്‍ശയോട് സഹകരിക്കാതിരുന്നത് ഭരണപക്ഷത്തിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടിയായി. ഇതോടെ ബാര്‍ ലൈസന്‍സിന് നഗരസഭ നല്‍കിയ അനുമതി തുടരുമെന്ന് ഉറപ്പായിട്ടുണ്ട്.