ലൈസന്‍സില്ലാതെ രോഗികളെ ചികിത്സിച്ച വനിതാ ഡോക്ടര്‍ പിടിയില്‍

Posted on: May 13, 2014 10:13 pm | Last updated: May 13, 2014 at 10:13 pm

ദുബൈ: ലൈസന്‍സില്ലാതെ ചികിത്സ നടത്തിയ വനിതാ ഡോക്ടറെ അധികൃതര്‍ പിടികൂടി. ഹോട്ടലില്‍ മുറിയെടുത്ത് രോഗികളെ ചികിത്സിക്കുന്നതിനിടെയാണ് വനിതാ ‘ഡോക്ടര്‍’പിടിയിലാകുന്നത്. ആരോഗ്യമന്ത്രാലയം, ഇക്കണോമിക് ഡവലപ്‌മെന്റ്, പോലീസ് എന്നിവയിലെ ഉദ്യോഗസ്ഥരുടെ സംയുക്ത നീക്കത്തിലാണ് ഹോട്ടല്‍ മുറിയില്‍ വെച്ച് ഏഷ്യന്‍ വംശജയായ സ്ത്രീ പിടിയിലായത്.
ഏതു രാജ്യക്കാരായാലും പുറം രാജ്യങ്ങളില്‍ നിന്ന് മെഡിക്കല്‍ ബിരുദമെടുത്തവര്‍ യു എ ഇയില്‍ വൈദ്യസഹായ സേവനങ്ങള്‍ നടത്തണമെങ്കില്‍ ആരോഗ്യമന്ത്രാലയത്തിന്റെ പ്രത്യേക ലൈസന്‍സ് എടുക്കേണ്ടതുണ്ട്. ഇത്തരം ലൈസന്‍സില്ലാതെ ചികിത്സിക്കുന്നതും മറ്റു വൈദ്യസഹായ സംബന്ധമായ സേവനങ്ങള്‍ നടത്തുന്നതും അനധികൃതവും കുറ്റകരവുമാണ്.
ഹോട്ടലില്‍ മുറിയെടുത്ത് അനധികൃതമായി ചികിത്സ നടത്തുന്ന വിവരമറിഞ്ഞ ആരോഗ്യമന്ത്രാലയം, ഇക്കണോമിക് ഡവലപ്‌മെന്റിലെയും പോലീസിലെയും ഉദ്യോഗസ്ഥരുമായെത്തിയാണ് പ്രതിയെ പിടികൂടിയത്. സംഘത്തിലൊരാള്‍ രോഗിയായി അഭിനയിച്ച് ചികിത്സ തേടുകയും ചികിത്സാ നടപടികള്‍ ആരംഭിച്ചപ്പോള്‍ സ്ത്രീയെ പിടികൂടുകയുമായിരുന്നു.
പ്രാഥമിക ചോദ്യം ചെയ്യലില്‍ തന്റെ കയ്യില്‍ ആരോഗ്യമന്ത്രാലയത്തിന്റെ ലൈസന്‍സ് ഇല്ലെന്ന് ഇവര്‍ അധികൃതരോട് സമ്മതിക്കുകയുണ്ടായി. ഫെഡറല്‍ നിയമം 7/1975 രാജ്യത്തെ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലോ, ക്ലിനിക്കുകളിലോ അല്ലെങ്കില്‍ സ്വകാര്യമായോ ചികിത്സ നല്‍കുന്നതിന് മന്ത്രാലയത്തിന്റെ രേഖാമൂലമുള്ള ലൈസന്‍സ് വാങ്ങിയിരിക്കണമെന്ന് അനുശാസിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ സ്വദേശികളും വിദേശികളും വിത്യാസമില്ല.
പൊതു ജനാരോഗ്യത്തെ ബാധിക്കുന്ന കാര്യമാണ് ഇത്തരം അനധികൃത ചികിത്സകളെന്നതിനാല്‍ ആരോഗ്യമന്ത്രാലയം ഇതിനെ ഗൗരവമായി കാണുമെന്നും വിട്ടുവീഴ്ചയില്ലാത്ത നിയമനടപടി ഇവര്‍ക്കെതിരെ കൈക്കൊള്ളുമെന്നും ആരോഗ്യ മന്ത്രാലയ അധികൃതര്‍ അറിയിച്ചു.