അനീഷയുടെ മരണം: കുറ്റിപ്പുറം എസ് ഐയെ സസ്‌പെന്‍ഡ് ചെയ്തു

Posted on: May 12, 2014 12:45 pm | Last updated: May 13, 2014 at 10:21 am
SHARE

aneeshaമലപ്പുറം: ചങ്ങരംകുളം പോലീസ് കസ്റ്റഡിയിലെടുത്ത യുവതിയെ സ്‌റ്റേഷനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുറ്റിപ്പുറം എസ് ഐ മനോഹരനെ സസ്‌പെന്‍ഡ് ചെയ്തു. ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശപ്രകാരം തൃശൂര്‍ റെയിഞ്ച് ഐ ജിയാണ് നടപടിയെടുത്തത്.

എസ് ഐ മനോഹരന്‍ ചട്ടം ലംഘിച്ച് ചങ്ങരംകുളം സ്‌റ്റേഷനിലെത്തി യുവതിയെ മാനിസികമായി പീഡിപ്പിച്ചുവെ് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇതാണ് യുവതിയെ തൂങ്ങിമരിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇക്കഴിഞ്ഞ ഏപ്രില്‍ 24നാണ് എടപ്പാള്‍ സ്വദേശിനിയായ അനഷീ(23)യെ ചങ്ങരംകുളം പോലീസ് സ്‌റ്റേഷനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഏപ്രില്‍ 19ന് കുറ്റിപ്പുറത്തിനും എടപ്പാളിനും ഇടയിലുള്ള യാത്രാ മധ്യേ പടിഞ്ഞാറങ്ങാടി സ്വദേശിനിയുടെ പത്ത് പവന്‍ സ്വര്‍ണവും എ ടി എം കാര്‍ഡും നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് അടുത്ത ദിവസം കുറ്റിപ്പുറത്തെ എ ടി എം കൗണ്ടറില്‍ നിന്ന് ഈ കാര്‍ഡ് ഉപയോഗിച്ച് 22,000 രൂപ പിന്‍വലിക്കുകയും ചെയ്തു. കൗണ്ടറിലെ ക്യാമറയില്‍ പതിഞ്ഞ വീഡിയോയില്‍ നിന്ന് തിരിച്ചറിഞ്ഞാണ് അനീഷയെ 23ന് രാത്രി പോലീസ് അറസ്റ്റ് ചെയ്തത്. പിറ്റേദിവസം രാവിലെ അനീഷയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഡ്യൂടിയിലുണ്ടായിരുന്ന വനിതാ പോലിസ് ഓഫീസര്‍ ബാത്ത്‌റൂമില്‍ കയറിയ സമയത്ത് അനീഷ ചുരിദാറിന്റെ ഷാള്‍ ഉപയോഗിച്ച് ഫാനില്‍ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്തുവെന്നാണ് പോലീസ് ഭാഷ്യം.