Connect with us

National

തുളസീറാം പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കേസ്: വിചാരണ 23ന് തുടങ്ങും

Published

|

Last Updated

മുംബൈ: തുളസീറാം പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത അനുയായിയും മുന്‍ ആഭ്യന്തര മന്ത്രിയുമായ അമിത് ഷാക്ക് സി ബി ഐയുടെ സമന്‍സ്. അമിത് ഷാ ഉള്‍പ്പെടെ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ക്കാണ് സി ബി ഐ സമന്‍സ് അയച്ചത്. ഈ മാസം 23ന് നടപടിക്രമങ്ങള്‍ക്കായി ഹാജരാകണമെന്നാവശ്യപ്പെട്ടാണ് സമന്‍സ് അയച്ചത്.
അമിത് ഷാ ഉള്‍പ്പെടെ പത്തൊമ്പത് പേരെ പ്രതിചേര്‍ത്ത് 2012 സെപ്തംബര്‍ 29ന് തുളസീറാം പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇവരില്‍ ഭൂരിഭാഗവും പോലീസ് ഉദ്യോഗസ്ഥരാണ്. കേസിന്റെ രേഖകള്‍ ഗുജറാത്തില്‍ നിന്ന് മുംബൈയിലെ സി ബി ഐ കോടതിയിലേക്ക് കഴിഞ്ഞ മാസം മാറ്റിയിരുന്നു. കേസില്‍ വിചാരണ ആരംഭിക്കുന്നതിനായാണ് സമന്‍സ് അയച്ചത്.
കേസില്‍ പ്രതികളായ ഐ പി എസ് ഉദ്യോഗസ്ഥനായ ഒ പി മാഥുര്‍, ഗുജറാത്തിലെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടായ ആര്‍ കെ പട്ടേല്‍ എന്നിവര്‍ സെഷന്‍സ് കോടതി മുമ്പാകെ ഹാജരായിരുന്നു. കീഴടങ്ങിയ ഇവര്‍ക്ക് കോടതി നടപടികള്‍ക്കായി വിളിപ്പിക്കുമ്പോള്‍ ഹാജരാകണമെന്ന ഉപാധിയോടെ ജാമ്യം നല്‍കുകയായിരുന്നു.
ഐ പി എസ് ഉദ്യോഗസ്ഥനായിരുന്ന ഡി ജി വന്‍സാരയുടെ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയിട്ടുണ്ട്. കഴിഞ്ഞ ഏഴ് വര്‍ഷമായി വന്‍സാര ജയിലില്‍ കഴിയുകയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യാപേക്ഷ നല്‍കിയത്. സബര്‍മതി സെന്‍ട്രല്‍ ജയിലിലാണ് ഡി ജി വന്‍സാരയുള്ളത്.
ഇശ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലും വന്‍സാരയെ പ്രതിചേര്‍ത്തിട്ടുണ്ട്. സുഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലും ഡി ജി വന്‍സാര ഒന്നാം പ്രതിയാണ്. ഹൈദരാബാദില്‍ നിന്ന് ഗുജറാത്ത് തീവ്രവാദവിരുദ്ധ വിഭാഗം കസ്റ്റഡിയിലെടുത്ത സുഹാറാബുദ്ദീന്‍, ഭാര്യ കൗസര്‍ബി എന്നിവരെ 2005 നവംബറിലാണ് ഗാന്ധിനഗറില്‍ വെച്ച് വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയത്.
ഇക്കാര്യങ്ങള്‍ കുറ്റപത്രത്തില്‍ സി ബി ഐ രേഖപ്പെടുത്തിയിട്ടുണ്ട്. സുഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടലിന്റെ ദൃക്‌സാക്ഷിയായ തുളസീറാം പ്രജാപതിയെ 2006 ഡിസംബറിലാണ് കൊലപ്പെടുത്തിയത്.

 

Latest