പരാതി കേള്‍ക്കാനുള്ള അവകാശം കേരളത്തില്‍ നടപ്പാക്കും: മുഖ്യമന്ത്രി

Posted on: May 8, 2014 8:31 pm | Last updated: May 9, 2014 at 11:15 am

oommen chandy press meetതിരുവനന്തപുരം: രാജസ്ഥാനില്‍ നടപ്പാക്കിയ റൈറ്റ് ടു ഹിയറിംഗ് (പരാതി കേള്‍ക്കാനുള്ള അവകാശം) കേരളത്തിലും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പരാതിക്കാരന് തന്റെ പരാതി കേള്‍ക്കപ്പെടുന്നു എന്ന് ഉറപ്പ് വരുത്തുന്ന നിയമം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. മിഷന്‍ 676 പദ്ധതിയുടെ വിശദാംശങ്ങള്‍ അറിയിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

റെയില്‍, റോഡ്, വിമാനത്താവളം, ജലഗതാഗതം എന്നീ മേഖലകളിലായി ഒന്‍പത് പദ്ധതികളാണ് മിഷന്‍ 676 പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്നത്. 30 വികസന ക്ഷേമ സേവന ദൗത്യങ്ങളും നടപ്പാക്കും. ഓരോ വകുപ്പിലും കുറഞ്ഞത് മൂന്ന് പദ്ധതികളെങ്കിലും സമയബന്ധിതമായി നടപ്പിലാക്കും. ഈ പദ്ധതികള്‍ ഏതൊക്കെയെന്ന് അതാത് മന്ത്രിമാര്‍ പ്രഖ്യാപിക്കും.

ഇ-ഗവേര്‍ണന്‍സിനാണ് സര്‍ക്കാര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെ 50 ഇ ജില്ലകളില്‍ 14ഉം കേരളത്തിലാണ്. 38 സേവനങ്ങള്‍ ഇപ്പോള്‍ ഓണ്‍ലൈനായി നല്‍കുന്നുണ്ട്. വൈകാതെ ഇത് 130 എണ്ണമാക്കി ഉയര്‍ത്തും. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ ഓണ്‍ലൈന്‍ സേവനങ്ങളുടെ എണ്ണം 400 ആയി വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.