Connect with us

Malappuram

എടരിക്കോട് 'കെല്ലി'ന് മരണമണി മുഴങ്ങുന്നു

Published

|

Last Updated

കോട്ടക്കല്‍: പൊതുമേഖലാ സ്ഥാപനമായ എടരിക്കോട് “കെല്ലി”ന് വീണ്ടും മരണമണി മുഴങ്ങുന്നു. 1986ല്‍ തുടങ്ങിയ കമ്പനി നീണ്ട പോരാട്ടങ്ങള്‍ക്ക് ശേഷം തിരിച്ചു കിട്ടിയ ഊര്‍ജ്ജം സ്വകാര്യ ലോബിയുടെ കൈകടത്തലിലാണ് ചക്ര ശ്വാസം വലിക്കാനൊരുങ്ങുന്നത്.
നിന്നും നിരങ്ങിയും നീങ്ങിയ സ്ഥാപനം ഇപ്പോള്‍ പൂര്‍ണമായും സ്വകാര്യ ലോബി കൈയടക്കിയിരിക്കുകയാണ്. ജീവനക്കാരുടെ നിയമനമുള്‍പ്പെടെ കമ്പനിയിലേക്ക് ചരക്കുകള്‍ കൊണ്ട് വരുന്നത് വരെ സ്വകാര്യ ലോബിയുടെ താത്പര്യത്തിന് അനുസരിച്ചാണ്. തെക്കന്‍ മേഖലയില്‍ നിന്നുള്ള വന്‍ സംഘമാണ് കമ്പനി നിയന്ത്രിക്കുന്നത്. 35 ജീവനക്കാരില്‍ 33പേരും ഇവിടെ നിന്നുള്ളവരാണ്. ഇവരില്‍ തന്നെ ഏറെയും വൃദ്ധരും. 12പേര്‍ താത്കലിക ജീവനക്കാര്‍. നാട്ടുകാരായി രണ്ട് പേര്‍മാത്രം. വിവിധ കമ്പനികള്‍ക്കാവശ്യമായ ട്രാന്‍സ്‌ഫോര്‍മറാണ് ഇവിടെ നിര്‍മിക്കുന്നത്. കമ്പനിയിലെ സൗകര്യങ്ങല്‍ ഉപയോഗപ്പെടുത്താതെ എറണാകുളത്തെ കമ്പനിയില്‍ നിന്നും എത്തിച്ച് എടരിക്കോട് കെല്ലിന്റെ സീല്‍ പതിച്ച് വില്‍പ്പന നടത്തുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഇതെ ചൊല്ലി കഴിഞ്ഞ ദിവസം നാട്ടുകാര്‍ രംഗത്തിറങ്ങുകയും ഇവിടെക്ക് ട്രാന്‍സ്‌ഫോര്‍മറുമായി എത്തിയ വാഹനം തടയുകയും ചെയ്തിരുന്നു.
എറണാകുളത്തെ യൂണിറ്റിന്റെ സബ് യൂണിറ്റായാണ് ഇതിപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. പുറത്ത് നിന്നും ട്രന്‍സ്‌ഫോര്‍മര്‍ ഇറക്കുമ്പോള്‍ 10,000 രൂപ വരെ ഇവര്‍ക്ക് ലഭിക്കും. ഈ ലാഭക്കൊതിയാണ് സ്വകാര്യ ലോബിക്ക് ആശ്വാസമാകുന്നത്.
എടരിക്കോട് കെല്ലിന്റെ സാധനത്തിന് ഏറെ ആവശ്യക്കാരുണ്ടായിട്ടും ഈ നിലയില്‍ പുറത്ത് നിന്നും ട്രാന്‍സ് ഫോര്‍മര്‍ ഇറക്കുന്നതോടെ സ്ഥാപനം കുളം തോണ്ടുകയാണ് ചെയ്യുന്നത്. അമിത ലാഭമാണ് ഇതിലൂടെ ലോബി ലക്ഷ്യമിടുന്നത്.
ഇവിടെ ട്രാന്‍സ്‌ഫോര്‍മര്‍ നിര്‍മിക്കുമ്പോള്‍ ഈ ലാഭം കുറയുമെന്നതാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതിന് ഇവരെ പ്രേരിപ്പിക്കുന്നത്. നിലവില്‍ തൊഴിലാളികളുണ്ടെങ്കിലും ഇവര്‍ക്ക് ഇപ്പോള്‍ കാര്യമായ തൊഴിലില്ല. 12പേര്‍ നിത്യ കൂലിക്കാരായതിനാല്‍ ഇവര്‍ വെറുതെ ഇരിക്കേണ്ട അവസ്ഥയാണിപ്പോള്‍. വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ മണ്ഡലവും വ്യവസായ വകുപ്പ് മന്ത്രിയുടെ സമീപ മണ്ഡലുമാണ് കമ്പനി ഉള്‍ക്കൊള്ളുന്ന പ്രദേശം. ഇവര്‍ക്ക് പോലും ഇതില്‍ താത്പര്യമില്ലെന്നാണ് ആരോപണം.
കമ്പനി വൈവിധ്യ വത്കരിക്കുന്നതിന്റെ ഭാഗമായി 8.5 കോടി രൂപ ചെലവില്‍ കാസ്റ്റ് റസിന്‍ ട്രാന്‍സ്‌ഫോര്‍മറുകള്‍ ഉത്പാദിപ്പിക്കാന്‍ ആധുനിക പ്ലാന്റ് നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.
ഇതിന്റെ ശിലാസ്ഥാപനം 2013 മെയ് ആറിന് മന്ത്രിപ്പടയുടെ ചടങ്ങില്‍ നിര്‍വഹിച്ചതല്ലാതെ മറ്റൊന്നും ഇവിടെ ഉണ്ടായില്ല. ഒരു വര്‍ഷം പൂര്‍ത്തിയായിട്ടും ഇതിന്ന് ശ്രമിക്കാത്തതും അവഗണനയായി ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇന്ന് സ്ഥാപനത്തില്‍ ഇന്റര്‍വ്യൂ നടക്കുന്നുണ്ട്. ഇത് പക്ഷേ നിയന്ത്രണ ബോഡി പോലും അറയുന്നില്ലെന്നും ആരോപിക്കപ്പെടുന്നു.
വ്യവസായ വകുപ്പിന്റെ കടുത്ത അനാസ്ഥയായും ഇതിനെ ചൂണ്ടിക്കാണിക്കുന്നു. കമ്പനി ചില ലോബികള്‍ കൈയടക്കുന്നതിനെതിരെ വിവിധ സംഘടനകള്‍ ഇതിനകം രംഗത്തെത്തിയിട്ടുണ്ട്. സമര പരിപാടികളുമായി മുന്നോട്ട് പോകാനാണ് ഇവരുടെ തീരുമാനം .എടരിക്കോട് കെല്ലിനെ കൊല്ലുന്ന നിലപാടില്‍ നിന്നും പിന്‍മാറണമെന്ന് പുതുപ്പറമ്പ് ഗ്രീന്‍ ആര്‍മി ആവശ്യപ്പെട്ടു. നാസര്‍ പുതുപ്പറമ്പ് അധ്യക്ഷത വഹിച്ചു.

Latest