Connect with us

Malappuram

ഇരട്ടിലാഭം വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത വീട്ടമ്മ അറസ്റ്റില്‍

Published

|

Last Updated

വണ്ടൂര്‍: ഇരട്ടിലാഭം വാഗ്ദാനം ചെയ്ത് ബന്ധുക്കളില്‍ നിന്നും പരിചയക്കാരില്‍ നിന്നും പണം തട്ടിയെടുത്ത വീട്ടമ്മ അറസ്റ്റില്‍. കുറ്റിയില്‍ ഏവാടന്‍ മൈമൂനത്തി(50)നെയാണ് വണ്ടൂര്‍ പോലീസ് പിടികൂടിയത്.
പള്ളിക്കുന്ന് പാറഞ്ചേരി നുസ്‌റത്ത് നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. സാമ്പത്തിക ബാധ്യത തീര്‍ക്കാനെന്ന പേരില്‍ കടം വാങ്ങിയ പണവും ആഭരണങ്ങളും തിരിച്ചുനല്‍കാന്‍ വൈകിയതിനാല്‍ ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പണവും ആഭരണങ്ങളുമായി മുങ്ങിയ ഇവരെ മഞ്ചേരിയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ മൈമൂനത്തിന്റെ ഭര്‍ത്താവിന് പങ്കുണ്ടെന്ന് പോലീസ് പറഞ്ഞു. ഇയാളെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പരാതിക്കാരിയുടെ രണ്ട് ലക്ഷം രൂപയും 20 പവന്‍ സ്വര്‍ണ്ണാഭരണങ്ങളുമാണ് മൈമൂനത്ത് തട്ടിയെടുത്തത്. ഈ പണം എന്തുചെയ്‌തെന്ന് അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ മാര്‍ച്ച് പത്തിനാണ് മൈമൂനത്ത് നുസ്‌റത്തില്‍ നിന്ന് പണം വാങ്ങിയത്.
ഏപ്രില്‍ 30നകം തിരിച്ചുനല്‍കാമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ നിശ്ചിത തീയതി കഴിഞ്ഞും പണം തിരിച്ചു ലഭിക്കാത്തതിനാല്‍ വിശ്വാസവഞ്ചനക്കെതിരെ കേസ് കൊടുക്കുകയായിരുന്നു.
അതെസമയം തൃശൂരിലും മറ്റും പ്രവര്‍ത്തിക്കുന്ന ചിട്ടികമ്പനികളുമായി ചേര്‍ന്ന് തട്ടിപ്പ് നടത്തുന്ന സംഘത്തിലൊരാളാണ് മൈമൂനയെന്ന് പ്രാഥമിക വിവരം ലഭിച്ചിട്ടുണ്ട്. വിവിധ ചിട്ടി കമ്പനികളില്‍ വലിയ തുക നല്‍കി ചേരുകയും ആദ്യഘട്ടത്തില്‍ തന്നെ പണം വാങ്ങുന്നതുമാണ് രീതി. ജാമ്യത്തിനായി പരിചയക്കാരില്‍ നിന്ന് ആധാരവും സ്വര്‍ണ്ണാഭരണങ്ങളും വാങ്ങി ചിട്ടികമ്പനിയില്‍ നല്‍കുകയും ചെയ്യും.
പിന്‍വലിച്ച പണം എടുത്ത് പണം വാങ്ങിയവര്‍ക്ക് നല്‍കുകയും ചെയ്താണ് ഇത്രകാലം പ്രവര്‍ത്തിച്ചതെന്നും അറിയുന്നു .ഇതിനിടെ പലരും മൈമൂനത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.
കുടുംബിനികള്‍ പലരും ഭര്‍ത്താക്കന്മാര്‍ അറിയാതെയാണ് പണവും ആഭരണങ്ങളും നല്‍കിയിട്ടുമുള്ളത്. ഒരു കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായും സൂചനയുണ്ട്.

Latest