Connect with us

Kerala

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു: മുന്നു മരണം

Published

|

Last Updated

എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ ട്രാക്ക് വെള്ളത്താല്‍ മൂടിയപ്പോള്‍

തിരുവനന്തപുരം/ കൊച്ചി: കേരളത്തിന്റെ തെക്കന്‍ തീരത്ത് ശക്തിപ്പെട്ട ന്യൂനമര്‍ദം മധ്യ കേരളത്തിലേക്കും വ്യാപിച്ചതോടെ സംസ്ഥാനവ്യാപകമായി മഴയും കനത്തു. മഴയെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ ഇന്നലെ മൂന്ന് പേര്‍ മരിച്ചു. രണ്ട് ദിവസമായി തുടരുന്ന മഴയില്‍ മണ്ണിടിഞ്ഞു വീണ് തിരുവനന്തപുരം ബാലരാമപുരം നെല്ലിമൂട് കുഴിപ്പള്ളം സ്വദേശിനി ഓമന, മലപ്പുറം പെരിന്തല്‍മണ്ണയില്‍ മരക്കൊമ്പ് പൊട്ടിവീണ് മേലേപൂപ്പലം തുന്നകാരന്‍ യഅ്ഖൂബ് (46), കോഴിക്കോട് ഇരുവഴിഞ്ഞിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് മുക്കം പൂളപ്പൊയില്‍ അബ്ദുല്‍ലത്വീഫ് (34) എന്നിവരാണ് മരിച്ചത്. കൊച്ചിയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതോടെ ട്രെയിന്‍ ഗതാഗതം താറുമാറായി. ന്യൂനമര്‍ദത്തെ തുടര്‍ന്ന് മലബാറിലും കനത്ത മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.
മഴക്കെടുതി നേരിടാനുള്ള പ്രാഥമിക സഹായമെന്ന നിലക്ക് എഴുപത് കോടിയുടെ അടിയന്തര സഹായം കേന്ദ്രത്തോട് കേരളം ആവശ്യപ്പെട്ടു. റവന്യൂ മന്ത്രി അടൂര്‍ പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡല്‍ഹിയിലെത്തി കേന്ദ്ര മന്ത്രിമാരായ സുശീല്‍കുമാര്‍ ഷിന്‍ഡെ, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരെ കണ്ട് സഹായം അഭ്യര്‍ഥിച്ചത്.
എറണാകുളം ജില്ലയില്‍ വ്യാപകമായ നാശനഷ്ടങ്ങളാണുണ്ടായത്. റോഡ്, റെയില്‍ ഗതാഗതം താറുമാറായി. എറണാകുളം സൗത്ത് സ്റ്റേഷനിലെ ആറ് ട്രാക്കുകളും വെള്ളത്തില്‍ മുങ്ങി. ഇതോടെ സ്റ്റേഷനിലെ സിഗ്നല്‍ സംവിധാനം താറുമാറായി. ഇതേത്തുടര്‍ന്ന് ആറ് പാസഞ്ചര്‍ ട്രെയിനുകളാണ് ഇന്നലെ റദ്ദാക്കിയത്. എറണാകുളം – ഗുരുവായൂര്‍, എറണാകുളം-ആലപ്പുഴ, ഗുരുവായൂര്‍- തൃശൂര്‍, തൃശൂര്‍- ഗുരുവായൂര്‍ തുടങ്ങിയ ട്രെയിനുകളാണ് റദ്ദാക്കിയത്. ദീര്‍ഘദൂര ട്രെയിനുകള്‍ ഉള്‍പ്പെടെയുള്ളവ മണിക്കൂറുകള്‍ വൈകി. ട്രാക്കില്‍ നിന്ന് വെള്ളം നീക്കാനുള്ള ശ്രമം തുടരുകയാണ്. സൗത്ത് സ്റ്റേഷന്‍ വഴി പോകേണ്ട പല ട്രെയിനുകളും നോര്‍ത്ത് സ്റ്റേഷന്‍ വഴിയാണ് പോയത്. ന്യൂഡല്‍ഹി – തിരുവനന്തപുരം കേരള, തിരുവനന്തപുരം – ഷൊര്‍ണൂര്‍ വേണാട് എന്നിവ നോര്‍ത്ത് സ്റ്റേഷനിലെത്തി സര്‍വീസ് നടത്തി.
നാഗര്‍കോവില്‍ – മംഗലാപുരം ഏറനാട്, ആലപ്പുഴ – ധന്‍ബാദ് ട്രെയിനുകള്‍ ഒന്നര മണിക്കൂര്‍ വൈകി. കോട്ടയം ഭാഗത്തു നിന്നുള്ള പാസഞ്ചര്‍ ട്രെയിനുകള്‍ തൃപ്പൂണിത്തുറയിലും ആലപ്പുഴ ഭാഗത്തു നിന്നുള്ളവ കുമ്പളത്തും തൃശൂര്‍ ഭാഗത്തു നിന്നുള്ളവ ഇടപ്പള്ളിയിലും യാത്ര അവസാനിപ്പിച്ചു. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട ട്രെയിനുകളും വൈകുമെന്ന് റെയില്‍വേ അറിയിച്ചു. പല ട്രെയിനുകളുടെയും സമയക്രമത്തില്‍ മാറ്റമുണ്ട്. എറണാകുളം വഴി കടന്നുപോവേണ്ട ട്രെയിനുകള്‍ പല സ്റ്റേഷനുകളില്‍ പിടിച്ചിട്ടിരിക്കുകയാണ്. കൊച്ചി മെട്രൊ റെയില്‍ നിര്‍മാണത്തെയും മഴ ബാധിച്ചു.
വടക്കന്‍ കേരളത്തില്‍ ബുധനാഴ്ച മുതലാണ് കനത്ത മഴ ആരംഭിച്ചത്. കോഴിക്കോടിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ ഭീതിയും പരന്നിട്ടുണ്ട്.

 

Latest