ഉപരിപഠനം: കുട്ടിക്കളിക്ക് വിട്ടുകൊടുക്കാമോ?

Posted on: May 8, 2014 6:00 am | Last updated: May 7, 2014 at 9:25 pm

എല്ലാം ഒരു ഒഴുക്കാണ് ഇവിടെ. കൂടെ ഒഴുകുമ്പോള്‍ എങ്ങോട്ടെന്ന് ആലോചിക്കുന്നവര്‍ വിരളം. വിദ്യാര്‍ഥികള്‍ കരിയര്‍ തിരഞ്ഞെടുക്കുന്ന സമയമാണിത്. ഇത് കുട്ടികള്‍ക്ക് വിട്ടു കൊടുക്കണമെന്നാണ് ഇപ്പോഴത്തെ മന്ത്രം. കുട്ടികളുടെ ആഗ്രഹങ്ങള്‍ക്കും താത്പര്യങ്ങള്‍ക്കുമനുസരിച്ച് കരിയര്‍/ തദനുസൃതമായ ഉപരിപഠനം അവര്‍ തന്നെ തിരഞ്ഞെടുക്കട്ടെ എന്നാണ് എല്ലാവരും പറഞ്ഞു കേള്‍ക്കുന്നത്. വിവരമുള്ളവരും ഇല്ലാത്തവരും ഒന്നു തന്നെ പറയുമ്പോള്‍ രക്ഷിതാക്കളും ആ ഒഴുക്കില്‍ ഒഴുകുന്നു. ഈ ഒഴുക്ക് നിരവധി വിദ്യാര്‍ഥികളെ കൊണ്ടുപോകുന്നത് കരിയര്‍ നാശത്തിലേക്കാണെന്ന് എത്ര പേര്‍ കണ്ടു?
കരിയര്‍ തിരഞ്ഞെടുപ്പില്‍ വിദ്യാര്‍ഥികളുടെ താത്പര്യങ്ങളും ആഗ്രഹങ്ങളുമല്ല സര്‍വ പ്രധാനം, അവരുടെ അഭിരുചികളും ശേഷികളും മൂല്യങ്ങളുമാണ്. കുട്ടികളുടെ ആഗ്രഹങ്ങള്‍ പലപ്പോഴും/ മിക്കപ്പോഴും അവരുടെ അഭിരുചികളോടു ചേര്‍ന്നതാകണമെന്നില്ല, ആകുന്നില്ല. അതിന്റെ കൂടി ഫലമാണ് വിദ്യാഭ്യാസമുണ്ടായിട്ടും എങ്ങോട്ടു പോകണം, എന്തു ചെയ്യണമെന്നറിയാത്ത തൊഴില്‍രഹിതരുടെ വലിയൊരു പട നാട്ടിന്‍ പുറത്ത് പാട്ടുകേട്ടു നടക്കുന്നത്.
വിദ്യാര്‍ഥികളുടെ താത്പര്യങ്ങള്‍ പ്രധാനം തന്നെ. പക്ഷേ, ആ താത്പര്യങ്ങള്‍ എങ്ങനെ രൂപപ്പെടുന്നു? എസ് എസ് എല്‍ സി കഴിഞ്ഞ നൂറുകണക്കിന് വിദ്യാര്‍ഥികളോട് കരിയര്‍ സെലക്ഷന്റെ കാര്യത്തില്‍ സംസാരിച്ചതിന്റെ അനുഭവത്തില്‍ പറയാം, തീര്‍ത്തും അപ്രസക്തമായ പശ്ചാത്തലത്തില്‍ നിന്നാണ് ഭൂരിപക്ഷത്തിന്റെയും താത്പര്യങ്ങള്‍ ഉണ്ടാകുന്നത്. ഒരു ഉദാഹരണം, കുട്ടിക്ക് അതീവ താത്പര്യം വിമാനത്താവളത്തിലെ വേലക്കാരനാകാന്‍ (ഈ ജോലിക്ക് കുറേക്കൂടെ മൊഞ്ചുള്ള പേരു വേണമെങ്കില്‍ പറയാം, പേരിലാണല്ലോ എല്ലാം മറഞ്ഞിരിക്കുന്നത്). അവനോട് ആരോ പറഞ്ഞിട്ടുണ്ട് അതിനു വലിയ സാധ്യതയാണെന്ന്. അതൊരു തീവ്രമായ ആഗ്രഹമായിരുന്നു ആ കുട്ടിക്ക്. പാവം മക്കള്‍!! പക്വതയെത്തും മുമ്പ് ജീവിതം നിര്‍ണയിക്കുന്നതിന്റെ ഭാരം അവരുടെ തലയിലിട്ട് നാം ഒഴിഞ്ഞുമാറുന്നു!
നമ്മുടെ മക്കള്‍ പാവങ്ങളാണ്, നിഷ്‌കളങ്കര്‍. ജീവിതം ഏത് ദിശയില്‍ ഒഴുകണമെന്ന ഏറ്റവും നിര്‍ണായകമായ തിരഞ്ഞെടുപ്പ് നടക്കുന്ന ഘട്ടങ്ങളിലൊന്നാണ് എസ് എസ് എല്‍ സി കഴിഞ്ഞ ഘട്ടം. അത്തരമൊരു ഘട്ടത്തില്‍ ഏറ്റവും ശരിയായ തീരുമാനങ്ങളെടുക്കാന്‍ പ്രാപ്തരായിരിക്കില്ല ഭൂരിപക്ഷവും. ചുറ്റുവട്ടങ്ങളില്‍ നിന്നുള്ള ഒട്ടും ആധികാരികതയും ശാസ്ത്രീയതയും ഇല്ലാത്ത കേട്ടുകേള്‍വികളും പ്രലോഭനങ്ങളുമാണ് അവരുടെ താത്പര്യം രൂപപ്പെടുത്തുന്നത്. പണം മാത്രമാണ്/ വേണമെങ്കില്‍ അല്‍പ്പം അന്തസ്സും കരിയര്‍ തിരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡം എന്ന് അവര്‍ തെറ്റിദ്ധരിക്കുന്നു.
ബ്രേക്ക്ഫാസ്റ്റിന് എന്താണ് വിഭവം എന്ന് ചോദിച്ചാല്‍ നമ്മുടെ നാട്ടില്‍ ഉത്തരം മൂന്ന് നാല് ഓപ്ഷനില്‍ തീരും; ദോശ, പുട്ട്, ഇഡ്ഡലി. ഇതു പോലെയാണ് മിക്കവരുടെയും മുന്നിലെ കരിയര്‍ ഓപ്ഷന്‍സും; മെഡിസിന്‍, എന്‍ജിനീയറിംഗ്, അക്കൗണ്ടിംഗ്, ബിസിനസ് മാനേജ്‌മെന്റ്. തീര്‍ന്നു. കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍ കേട്ടാല്‍ പലപ്പോഴും കണ്‍ഫ്യൂഷന്‍ മാത്രം ബാക്കിയാകും. കുറേ കോഴ്‌സുകളുടെയും സ്ഥാപനങ്ങളുടെയും പേരുകള്‍ പഠിക്കാം. അവയുടെ ഭൗതിക സാധ്യതകളും. ഓരോ വിദ്യാര്‍ഥിയും കരിയര്‍ തിരഞ്ഞെടുപ്പില്‍ പരിഗണിക്കേണ്ട സ്വന്തം വ്യക്തിവിശേഷങ്ങളെക്കുറിച്ചോ തന്റെ മനസ്സിനോടും ആത്മാവിനോടും മൂല്യങ്ങളോടും അഭിരുചികളോടും ഇണങ്ങുന്ന കരിയര്‍ എങ്ങനെ തിരഞ്ഞെടുക്കാമെന്നതിനെക്കുറിച്ചോ ഒരു ദിശയും ലഭിക്കണമെന്നില്ല.
കുട്ടിയോടു ചോദിക്കൂ, എന്തു പഠിക്കാനാണ് മോന്റെ ആഗ്രഹം? മിക്കവാറും കുട്ടികള്‍ക്ക് ഉത്തരമുണ്ടാകും. പക്ഷേ, കുറച്ചു കൂടി മുന്നോട്ടു ചോദിക്കുക. എന്തു കൊണ്ടാണ് ഇതിനോടു താത്പര്യം? ഇതു പഠിച്ചാല്‍ എന്താകാമെന്നാണു കരുതുന്നത്? ആ ലക്ഷ്യത്തിനു എന്തു മേന്മയും മഹത്വവുമാണ് കാണുന്നത്? ഇങ്ങനെ ഏതാനും ഉപചോദ്യങ്ങള്‍. വേഗം അതൊരു ശൂന്യതയില്‍ അവസാനിക്കും, മിക്കപ്പോഴും. കുട്ടിയല്ലേ, അവര്‍ക്കത്രയൊക്കെയല്ലേ അറിയൂ എന്നാണോ? എങ്കില്‍, അറിവില്ലായ്മയുടെയും അനുഭവമില്ലായ്മയുടെയും ആ വലിയ ശൂന്യതയില്‍ നിന്നല്ല, ഭൗതിക ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ തിരഞ്ഞെടുപ്പ് കുട്ടികള്‍ നടത്തേണ്ടത്. അവിടെയല്ല വേണ്ടപ്പെട്ടവരെല്ലാം നിന്റെ ഇഷ്ടം എന്നു പറഞ്ഞു ഒഴിഞ്ഞുമാറേണ്ടത്. പ്രത്യക്ഷത്തില്‍ ആ ഒഴിഞ്ഞുമാറല്‍ കുട്ടിക്ക് സ്വാതന്ത്ര്യത്തിന്റെ ഒരു സുഖം നല്‍കിയേക്കുമെങ്കിലും.
കുട്ടിയുടെ മേല്‍ രക്ഷിതാക്കളുടെ ഇഷ്ടം അടിച്ചേല്‍പ്പിക്കുന്ന ‘ഫ്യൂഡല്‍ വ്യവസ്ഥ’ തിരിച്ചു വരണമെന്നല്ല അര്‍ഥം. കുട്ടിയുടെ താത്കാലിക താത്പര്യങ്ങളേക്കാളേറെ അവന്റെ അഭിരുചികള്‍, ശേഷികള്‍, മൂല്യങ്ങള്‍, സാധ്യതകള്‍ എന്നിവക്ക് യോജിക്കുന്ന ഉപരിപഠനം, അവന്റെ താത്പര്യങ്ങള്‍ മാനിച്ചുകൊണ്ട്, രക്ഷിതാക്കളും അധ്യാപകരും നിര്‍ദേശിച്ചു കൊടുക്കണമെന്നാണ്. അതിനു സ്വയം കഴിയില്ലെങ്കില്‍ വിദഗ്‌ധോപദേശം സംഘടിപ്പിച്ചു നല്‍കണം. തന്റെ പാഷനോടു ചേരുന്ന, തന്റെ പ്രകൃതത്തോടും മൂല്യങ്ങളോടും ഇണങ്ങുന്ന കരിയര്‍ ഒരു കുട്ടിക്കും താത്പര്യമാകാതെ വരില്ല. പക്ഷേ, പ്രലോഭനങ്ങളില്‍ നിന്നും കേട്ടുകേള്‍വികളില്‍ നിന്നും വന്നുചേര്‍ന്ന അപ്രസക്തമായ മോഹങ്ങളുണ്ടെങ്കില്‍ അവയെ വകഞ്ഞു മാറ്റി തന്റെ വഴിയെക്കുറിച്ചു ബോധ്യപ്പെടുത്തുന്ന കരിയര്‍ കൗണ്‍സലിംഗ് ലഭിക്കേണ്ടി വന്നേക്കാം.
ഞാനൊരു കുട്ടി. എനിക്കു പാട്ട് പാടാനറിയില്ല, സ്വരമാധുരിയും താളബോധവുമില്ല. എനിക്കു പാട്ട് ചേരില്ലെന്നു ബോധവുമില്ല, പക്ഷേ പാട്ടിനിപ്പോള്‍ ഭയങ്കര സാധ്യതയാണെന്നു എല്ലാവരും പറയുന്നു, റിയാലിറ്റി ഷോകളില്‍ എന്നെപ്പോലുള്ളവര്‍ തിളങ്ങുന്ന കാഴ്ച എന്നെ മോഹിപ്പിക്കുകയും ചെയ്യുന്നു. എന്നെ എന്റെ പാട്ടിനു വിട്ടാല്‍ ഉറപ്പ്, ഞാന്‍ പാട്ടിനു പോകും. (രക്ഷിതാക്കളും അധ്യാപകരും പാട്ടിനു വിടില്ലെന്നു കരുതേണ്ട, പാട്ടിനിപ്പോള്‍ ഭയങ്കര സാധ്യതയാണെന്നു എല്ലാവരും പറഞ്ഞാല്‍ മതി). കുറേ കഴിയുമ്പോള്‍ തകര്‍ന്ന സ്വപ്‌നങ്ങളുമായി, പഠിച്ചിട്ടൊന്നും വലിയ കാര്യമില്ലെന്നു പറഞ്ഞ് തെരുവില്‍ ഞാന്‍ മൂളിപ്പാട്ടും പാടി നടക്കും. സ്‌കൂളിലെ പരിമിത സാഹചര്യത്തിലും മറ്റുള്ളവരെ സഹായിക്കാനും സേവന കാര്യങ്ങളില്‍ ഒരു മടിയുമില്ലാതെ മുഴുകാനും ഞാന്‍ കാണിക്കുന്ന താത്പര്യം ദീര്‍ഘദര്‍ശിയായ ഒരു ഗുരുവിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. പാട്ട് പഠിക്കാന്‍ പോകാനിരിക്കുമ്പോള്‍ അദ്ദേഹം എന്നെ വിളിച്ചു. എന്റെ ഉള്ളിലെ സാമൂഹിക സേവകനെ എനിക്കു കാണിച്ചു തന്നു. സേവനസമയത്തു ഞാന്‍ അനുഭവിക്കുന്ന ആനന്ദം എന്നെ തൊട്ടു കാണിച്ചു. മഹാന്മാരായ ചില സേവകരുടെ കൊച്ചു കഥകള്‍ പറഞ്ഞു തന്നു. വരുമാനം ഇച്ചിരി കുറഞ്ഞാലും അതെന്റെ ജീവിതത്തിനു നല്‍കാന്‍ പോകുന്ന അര്‍ഥവും ആനന്ദവും വ്യക്തമാക്കി തന്നു. ഒടുവില്‍ പ്രൊഫഷനല്‍ മേന്മയോടെ സാമൂഹിക സേവനം ചെയ്യാന്‍ ഞാനേതു വഴിക്ക് ഉപരിപഠനം നടത്തണമെന്നും വരച്ചു കാണിച്ചു. എസ് എസ് എല്‍ സിക്കു മികച്ച ഗ്രേഡ് നേടിയ ഞാന്‍ പ്ലസ് ടുവിന് ഹ്യൂമാനിറ്റീസ് എടുക്കുമ്പോള്‍ എന്നേക്കാള്‍ കുറഞ്ഞ ഗ്രേഡ് വാങ്ങിയവര്‍ സയന്‍സും കൊമേഴ്‌സും പഠിക്കുന്നതു കൊണ്ട് എനിക്കൊന്നും വരാനില്ലെന്നും ബോധ്യപ്പെടുത്തി. തെറ്റായ ദിശയില്‍ ആഡംബര വാഹനത്തില്‍ പോകുന്നതല്ല, കാളവണ്ടിയിലെങ്കിലും ശരിയായ ദിശയില്‍ പോകുന്നതാണു ബുദ്ധിയെന്നു എനിക്കു വേഗം ബോധ്യപ്പെടുമായിരുന്നു. (ഹ്യൂമാനിറ്റീസും മികച്ച പഠനശാഖ തന്നെ. പക്ഷേ, സമൂഹത്തിനൊരു കണ്ണുണ്ടല്ലോ).
രണ്ട് സാങ്കല്‍പ്പിക സാഹചര്യങ്ങള്‍, ഒന്നാമത്തേത് വിദ്യാര്‍ഥിയുടെ അപ്രസക്തമായ താത്പര്യത്തിന് വിടുന്നതിന്റെ അപ്രസക്തി കാണിക്കുന്നു. രണ്ടാമത്തേതു വിദ്യാര്‍ഥിക്ക് അഭിരുചിയും പാഷനുമുള്ള കരിയറില്‍ ശരിയായ താത്പര്യം ഉണര്‍ത്തി അവന്റെ ജീവിതം അര്‍ഥപൂര്‍ണമാക്കുന്നതിനെ കാണിക്കുന്നു. മിക്കവാറും വിദ്യാര്‍ഥികളുടെ നിലവിലുള്ള താത്പര്യം കുമിളകളായിരിക്കും. ഈ ദിശയില്‍ ഒരു ചെറിയ സെഷന്‍ ക്ലാസ് നല്‍കുമ്പോഴേക്ക,് എന്റെ താത്പര്യം ആകെ മാറി എന്നു വിദ്യാര്‍ഥികളുടെ പക്ഷത്തു നിന്ന് പ്രതികരണം വന്നതാണനുഭവം. ആ താത്പര്യങ്ങള്‍ക്കു അടിത്തറയില്ലായിരുന്നു എന്നല്ലേ അര്‍ഥം?
ഹോബി ജോലിയായാല്‍ പിന്നെ ഒരിക്കലും ജോലി ചെയ്യേണ്ട എന്നാണു തത്വം. വെറുതെ/ ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെയാണു നാം ഹോബികള്‍ ചെയ്യുന്നത്. ചെയ്യാനിഷ്ടമുള്ള കാര്യമായിരിക്കും അത്. ഹോബി ചെയ്യുമ്പോള്‍ ആനന്ദമുണ്ടാകുന്നു. കുറേ നേരം ചെയ്താലും മടുപ്പ് തോന്നുന്നില്ല. കാരണം അതു നമ്മുടെ ഉള്ളിന്റെയുള്ളിലെ താത്പര്യങ്ങളോട് ചേര്‍ന്നു നില്‍ക്കുന്നു. വായിക്കുന്നത് ഹോബിയായ ആള്‍ക്ക് വായനയാണ് ജോലിയായി കിട്ടിയതെങ്കില്‍, ചിത്രരചനയും ഡിസൈനിംഗും താത്പര്യമുള്ളയാള്‍ ആര്‍ട്ടിസ്റ്റാകുന്നെങ്കില്‍, അറിയുന്നത് പറഞ്ഞു കൊടുക്കുന്നത് ആനന്ദം നല്‍കുന്നയാള്‍ അധ്യാപകനാകുന്നുവെങ്കില്‍, അവര്‍ക്കൊരിക്കലും ജോലി ഭാരമാകുന്നില്ല, ഹോബി പോലെ സന്തോഷം നല്‍കും. ഇഷ്ടപ്പെടുന്ന കാര്യം ചെയ്യുകയാണല്ലോ ജീവിതത്തിന്റെ ഭൗതിക ലക്ഷ്യം/സന്തോഷം. അതിനാല്‍ ശമ്പളം/പ്രതിഫലം ഒരു ബോണസാകുന്നു. അധ്യാപനം പോലെ, ആതുര സേവനം പോലെ സ്വയം മഹത്വമുള്ള കാര്യങ്ങളെങ്കില്‍, ജീവിതത്തിനു ആത്മീയമായ സംതൃപ്തിയും കൈവരുന്നു. ജീവിതം വിജയമാണെന്നും സന്തോഷകരമാണെന്നും നിര്‍വൃതിയുണ്ടാകുന്നു.
വിദ്യാര്‍ഥികളുടെ അഭിരുചികള്‍ നിര്‍ണയിച്ച്, അവര്‍ക്കേതു മേഖലയില്‍ തിളങ്ങാനാകുമെന്നു നിര്‍ദേശിക്കാന്‍ സഹായിക്കുന്ന നിരവധി മനഃശാസ്ത്ര സങ്കേതങ്ങള്‍ ലഭ്യമാണ്. ഹൊവാര്‍ഡ് ഗാര്‍ഡ്‌നറുടെ മള്‍ട്ടിപ്പിള്‍ ഇന്റലിജന്‍സ് തിയറി അതില്‍ പ്രധാനം. മനുഷ്യര്‍ക്കു ഒരു തരം ബുദ്ധിയല്ല ഉള്ളതെന്നും ഒമ്പത് വ്യത്യസ്ത തരം ബുദ്ധിശക്തികളുണ്ടെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. മ്യൂസിക്കല്‍, വിഷ്വല്‍, വെര്‍ബല്‍, ലോജിക്കല്‍, കൈനസ്‌തെറ്റിക്, ഇന്റര്‍പേഴ്‌സനല്‍, ഇന്‍ട്രാ പേഴ്‌സനല്‍, നാച്ച്വറലിസ്റ്റിക്, എക്‌സിസ്‌റ്റെന്‍ഷ്യല്‍ എന്നിങ്ങനെ. (വിശദ പഠനത്തിന്റെ വേദിയല്ലാത്തതു കൊണ്ട് വിശദീകരണം ഒഴിവാക്കുന്നു) എല്ലാവര്‍ക്കും ഇതില്‍ വ്യത്യസ്ത ബുദ്ധിശേഷികള്‍ കൂടിയും കുറഞ്ഞും ഉണ്ടായിരിക്കും. ഒരു വിദ്യാര്‍ഥിക്ക് ഏത് ബുദ്ധിശേഷികളാണ് പ്രബലം എന്നു കണ്ടെത്തുകയാണ് പ്രധാനം. വെര്‍ബല്‍ലിംഗ്വിസ്റ്റിക് ഇന്റലിജന്‍സ് (ഭാഷാപരമായ ബുദ്ധി) വളരെ കുറഞ്ഞ കുട്ടിക്ക് ഭാഷാവിഷയങ്ങളില്‍ തിളങ്ങാന്‍ കഴിയണമെന്നില്ല. ലോജിക്കല്‍മാത്തമാറ്റിക്കല്‍ ഇന്റലിജന്‍സ് (യുക്തിപരവും ഗണിതപരവുമായ ബുദ്ധി) കുറവുള്ള വിദ്യാര്‍ഥിക്ക് സൂക്ഷ്മമായ യുക്തി ആവശ്യമാകുന്ന കരിയറുകള്‍ ഭാരമായേക്കും. ഇന്റര്‍പേഴ്‌സണല്‍ ഇന്റലിജന്‍സ് (സാമൂഹിക ശേഷികള്‍) കുറവുള്ള കുട്ടി മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് ആയി വിജയിക്കാന്‍ വിയര്‍ക്കും.
കുട്ടിക്കു ഏറ്റവും പ്രബലമായി നില്‍ക്കുന്ന മൂന്ന് ബുദ്ധിശേഷികള്‍ ഉപയോഗപ്പെടുത്താന്‍ പറ്റുന്ന കരിയറാണു തിരഞ്ഞെടുത്തു നല്‍കുന്നതെങ്കില്‍ വലിയ വിജയമാകാന്‍ സാധ്യത കൂടുതലാണ്. മനഃശാസ്ത്ര വിദഗ്ധര്‍ക്ക് ഇക്കാര്യത്തില്‍ സഹായിക്കാന്‍ കഴിയും. മള്‍ട്ടിപ്പിള്‍ ഇന്റലിജന്‍സ് അളക്കാനുള്ള ടെസ്റ്റുകളും ആക്റ്റിവിറ്റികളും ഇന്റര്‍നെറ്റിലും മറ്റും എല്ലാവര്‍ക്കും ലഭ്യമാണ്.
അഭിരുചിയും കഴിവുമുള്ള എല്ലാ കാര്യവും ആനന്ദകരമാകണമെന്നില്ല. ഓരോരുത്തരുടെയും ഉള്ളിന്റെയുള്ളില്‍ കൊതിയുള്ള/ ആത്മനിര്‍വൃതി തരുന്ന കാര്യങ്ങള്‍ കണ്ടെത്താനാകുമ്പോഴാണ് കരിയര്‍ സെലക്ഷന്‍ ഫലപ്രദമാകുക. കുട്ടിയുടെ/നമ്മുടെ പാഷന്‍ എന്താണെന്നു കണ്ടെത്താനും മനഃശാസ്ത്ര ടെക്‌നിക്കുകളും സങ്കേതങ്ങളും ലഭ്യമാണ്. ലളിതമായി ഇങ്ങനെയും മനസ്സിലാക്കാം: ഏത് കാര്യം ചെയ്യുമ്പോഴാണ് ഏറ്റവും ആത്മനിര്‍വൃതി ലഭിക്കുന്നത്? എന്തു ചെയ്യുമ്പോഴാണ് ഒട്ടും മടുപ്പ് അനുഭവപ്പെടാതെ ഏറെ നേരം തുടരാനാവുന്നത്? ജോലി ആവശ്യമില്ലാത്ത വിധം ഇഷ്ടം പോലെ പണമുണ്ടെന്നും ആഗ്രഹിക്കുന്ന എന്തും ചെയ്യാന്‍ അവസരമുണ്ടെന്നും സങ്കല്‍പ്പിച്ച്, എങ്കില്‍ എന്താകാനാണ് താത്പര്യപ്പെടുന്നത്? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉള്ളില്‍ നിന്നു കിട്ടുന്ന ഉത്തരങ്ങള്‍ സൂചിപ്പിക്കുന്നത് നിങ്ങളുടെ പാഷനെയാണ്. നേരത്തെ പറഞ്ഞ ഉദാഹരണങ്ങളും ഇതോടു ചേര്‍ത്തു വായിക്കാം. സ്വന്തം പാഷനായിരിക്കണം/ അതിനോടു നീതി പുലര്‍ത്തുന്നതായിരിക്കണം തിരഞ്ഞെടുക്കുന്ന കരിയര്‍.
വിദ്യാര്‍ഥികളുടെ മൂല്യങ്ങള്‍ കൂടി കണക്കിലെടുക്കേണ്ടതുണ്ട്. ജീവിതത്തെയും അതിലെ ജയപരാജയങ്ങളെയും നിര്‍ണയിക്കുന്നതില്‍ മൂല്യങ്ങള്‍ക്ക് മൗലികമായ പങ്കുണ്ട്. മികച്ച അഭിരുചിയുണ്ടായാലും തന്റെ മൂല്യങ്ങളോടു നീതി പുലര്‍ത്താത്ത കരിയര്‍ തിരഞ്ഞെടുത്ത വിദ്യാര്‍ഥി എന്നും മനഃസംഘര്‍ഷത്തില്‍ ഉരുകിയേക്കും. സെക്യുലറാകാന്‍ എത്ര പ്രലോഭനങ്ങളുണ്ടെങ്കിലും കൂടുതല്‍ കൂടുതല്‍ ആത്മീയതയിലേക്കു ചായാന്‍ പ്രവണതയുള്ള പുതിയ തലമുറയാണ് നമ്മുടെത് എന്നോര്‍ക്കേണ്ടതുണ്ട്. അവരുടെ ആത്മീക മൂല്യങ്ങളെ കൂടി സംതൃപ്തമാക്കുന്ന കരിയര്‍ തിരഞ്ഞെടുപ്പാണ് നടക്കുന്നതെങ്കില്‍ ജീവിതത്തിനു മധുരം കൂടും.
ഇതെല്ലാം പരിഗണിച്ചു ഉപരിപഠനം തിരഞ്ഞെടുക്കുന്നത് വിദ്യാര്‍ഥിക്കു സ്വയം സാധ്യമല്ലെന്നു വ്യക്തം. മിക്ക അധ്യാപകരും രക്ഷിതാക്കളും ഇക്കാര്യത്തില്‍ അപൂര്‍ണരായിരിക്കാം. ശരിയായ ദിശ കാണിക്കാന്‍ കഴിയുന്നവരിലേക്കു റഫര്‍ ചെയ്യാന്‍ അവര്‍ക്കാകും/ആകണം. വിദ്യാഭ്യാസത്തിനും അനുബന്ധകാര്യങ്ങള്‍ക്കുമായി യഥേഷ്ടം പണം ചെലവഴിക്കുന്ന നമുക്ക്, ആ വിദ്യാഭ്യാസത്തിനു ശരിയായ ദിശ നിര്‍ണയിക്കാന്‍ വേണ്ടി ഇച്ചിരി പണം മുടക്കി പ്രൊഫഷണല്‍ സേവനവും ഇക്കാര്യത്തില്‍ തേടാവുന്നതാണ്. സാമൂഹിക സംഘടനകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കുറേക്കൂടി ചെയ്യാനാകും. അവസാനഘട്ടത്തില്‍ നല്‍കുന്ന കരിയര്‍ ഗൈഡന്‍സ് കണ്‍ഫ്യൂഷനു പകരം ഓരോ വിദ്യാര്‍ഥിയെയും പഠിക്കാനും ആവശ്യമായ ഗൈഡന്‍സ് നല്‍കാനും സ്‌കൂളുകള്‍ക്ക് കഴിയണം. അധ്യാപകര്‍ക്ക് അതിനാവശ്യമായ കോച്ചിംഗുകള്‍ നല്‍കാം. മനഃശാസ്ത്ര വിദഗ്ധരുടെയും പ്രൊഫഷണലുകളുടെയും സേവനം തേടാം. എ പ്ലസുകളുടെ എണ്ണം കൂട്ടാന്‍ നടത്തുന്ന അധ്വാനത്തിന്റെ ചെറു ഭാഗം മതിയാകും ജീവിതത്തില്‍ എ പ്ലസ് നേടാനുള്ള കോച്ചിംഗ് നല്‍കാന്‍. വര്‍ഷങ്ങളോളം കുട്ടികള്‍ കൂടെയുണ്ടല്ലോ.
മുസ്‌ലിം സമുദായത്തിനും ഇസ്‌ലാമിക സ്ഥാപനങ്ങള്‍ക്കും കുറേക്കൂടി പ്രസക്തമായ ഉത്തരവാദിത്വങ്ങളുണ്ട്. നമുക്ക് ജീവിതം ഇതല്ലല്ലോ. ഏറ്റവും ചുരുങ്ങിയത് ഇത് മാത്രമല്ലല്ലോ. കുട്ടികളുടെ കരിയര്‍ തിരഞ്ഞെടുപ്പില്‍ അവരുടെ പാരത്രിക വിജയം കൂടി നമുക്കു പരിഗണിക്കാം. അങ്ങനെയൊരു തലമുണ്ടാകുമ്പോള്‍ പഠനത്തിനും ജോലിക്കും കൂടുതല്‍ സംതൃപ്തിയും മധുരവും കൈവരും. എപ്പോഴും മുഖ്യധാരയുടെ ഒഴുക്കിനൊപ്പം അലസമായി ഒഴുകേണ്ടവരല്ല മുസ്‌ലിംകള്‍.
ഡോക്ടറാകാന്‍ നമ്മുടെ കൂട്ടത്തില്‍ നിന്ന് ധാരാളം മക്കള്‍ വരുന്നുണ്ട്. ആതുരസേവനവും പരിചരണവും അവരുടെ അഭിരുചിയോടിണങ്ങുന്നതും സംതൃപ്തി നല്‍കുന്നതുമെങ്കില്‍ വളരെ നല്ലത്. ആ സദുദ്ദേശ്യത്തോടെ അത് ചെയ്യുമ്പോള്‍ ഇരുലോകത്തും പുണ്യകരം. എന്നാലും, എന്തേ നമുക്കിടയില്‍ നിന്ന് ആല്‍ബര്‍ട്ട് ഷ്വീറ്റ്‌സര്‍മാര്‍ ഉണ്ടാകുന്നില്ല? ആഫ്രിക്കയുടെ അജ്ഞതയുടെ അന്ധകാരത്തില്‍ ആതുര സേവനത്തോടൊപ്പം ഒരു ജനതയെ ഉയിര്‍പ്പിച്ചെടുക്കാന്‍ യത്‌നിച്ച നൊബേല്‍ ജേതാവാണല്ലോ ഷ്വീറ്റ്‌സര്‍. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍, അറിവും അര്‍ഥവും ഇല്ലാതെ പുഴുക്കളെപ്പോലെ ജീവിക്കുന്ന കോടിക്കണക്കിനു സഹോദരങ്ങളില്ലേ നമുക്ക്? അവിടെപ്പോയി അവരുടെ ആത്മാവിനും ശരീരത്തിനും ചികിത്സ നല്‍കുന്നത് എത്ര മനോഹരമായൊരു കരിയറായിരിക്കും! നമ്മുടെ നേതൃത്വം ഇന്ത്യയിലെ പിന്നാക്ക മേഖലകളെ സമുദ്ധരിക്കാന്‍ വലിയ പ്രൊജക്ടുകള്‍ തയ്യാറാക്കുന്ന കാലത്തു വിശേഷിച്ചും.
ഡോക്ടര്‍മാര്‍ക്കു മാത്രമല്ല, ഏതു കരിയര്‍ തിരഞ്ഞെടുക്കുന്നവര്‍ക്കു മുന്നിലും ഇത്തരം മഹത്തായ സാധ്യതകളുണ്ട്. കുട്ടികളുടെ ഉള്ളിന്റെയുള്ളില്‍ ഇത്തരം മഹാത്മാക്കള്‍ കുടിയിരിക്കുന്നുമുണ്ട്. അവര്‍ക്കു കിട്ടാത്തത് ശരിയായ ദിശാബോധമാണ്. കല്ലിനുള്ളില്‍ ശില്‍പ്പത്തെ കണ്ടെത്തി കൊത്തിയെടുക്കുന്ന ശില്‍പ്പിയെപ്പോലെ, മക്കള്‍ക്കുള്ളിലെ മനോഹരമായ സാധ്യതയെ കണ്ടെത്തി കൊത്തിമിനുക്കിയെടുക്കാന്‍ നമുക്കാകുമ്പോഴാണ് നമ്മുടെ അധ്വാനം ഫലപ്രദമാകുന്നത്, മക്കളുടെയും.