ചമ്രവട്ടം റെഗുലേറ്റര്‍ കം ബ്രിഡ്ജ്; നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഗുരുതര ക്രമകേട്‌

Posted on: May 7, 2014 10:34 am | Last updated: May 7, 2014 at 10:34 am

തിരൂര്‍: ചമ്രവട്ടം റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഗുരുതരമായ ക്രമകേടു നടന്നതായും പദ്ധതിയുടെ നിര്‍മാണത്തില്‍ വ്യാപകമായ അപാകത സംഭവിച്ചതായും വിജിലന്‍സ് സംഘത്തിന്റെ പരിശോധന റിപ്പോര്‍ട്ട്.
ചമ്രവട്ടം റെഗുലേറ്ററില്‍ തുടര്‍ച്ചയായി അനുഭവപ്പെട്ട ചോര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഉയര്‍ന്ന പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ് ചീഫ് എന്‍ജിനീയര്‍ കെ പ്രതാപ രാജിന്റെയും ഡി വൈ എസ് പി സലീമിന്റെയും നേതൃത്വത്തില്‍ ഇന്നലെ പരിശോധന നടന്നത്. പരിശോധനയില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തിയതായി ഡി വൈ എസ് പി സലീം പറഞ്ഞു. പദ്ധതിയുടെ നിര്‍മാണത്തിനായി അടിസ്ഥാനമാക്കിയ ഡിസൈനിന്റെ കാര്യത്തില്‍ അപാകത സംഭവിച്ചതായി പരിശോധനയില്‍ കണ്ടെത്തി. പുഴക്ക് കുറുകെ നിര്‍മിക്കുന്ന പദ്ധതി എന്ന നിലയില്‍ പ്രദേശത്തിന്റെ ഇപ്പോഴത്തെ ഭൂമി ശാസ്ത്ര ഘടന അനുസരിച്ചല്ല നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരിക്കുന്നത്. ഏതാണ്ട് 30 വര്‍ഷം മുമ്പുളള ഭാരതപ്പുഴയുടെ ഘടനക്കനുസരിച്ചാണ് ഡിസൈന്‍ തയ്യാറാക്കിയിരിക്കുന്നതെന്നാണ് വിജിലന്‍സിന്റെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്.
റെഗുലേറ്ററിന് താഴെ അനുഭവപ്പെടുന്ന ചോര്‍ച്ചക്ക് കാരണം നിര്‍മാണത്തിലെ അപാകത മാത്രമാണെന്നാണ് വിജിലന്‍സ് സംഘത്തിന്റെ വിലയിരുത്തല്‍. ഇത് പരിഹരിക്കുകയെന്നത് പ്രയാസകരമാണെന്ന വിലയിരുത്തലാണ് ഇവര്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. പുഴയില്‍ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞ ഈ ഘട്ടത്തില്‍ പോലും ചോര്‍ച്ച അനുഭവപ്പെടുന്നത് നിര്‍മാണ അപാകതയിലെ ഗുരുതരാവസ്ഥയാണ് ചൂണ്ടികാണിക്കുന്നതെന്ന് വിജിലന്‍സ് വൃത്തങ്ങള്‍ പറഞ്ഞു.
നിര്‍മാണത്തിലെ അപാകതയോടൊപ്പം വ്യാപകമായി ക്രമക്കേട് നടന്നതായും വിജിലന്‍സിന്റെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. ഇന്നലെ കാലത്ത് എത്തിയ വിജിലന്‍സ് സംഘം പരിശോധനകള്‍ക്കുശേഷം രാത്രി വൈകിയാണ് തിരിച്ചുപോയത്. ആദ്യം ചമ്രവട്ടം പ്രൊജക്ട് ഓഫീസിലെത്തിയ വിജിലന്‍സ് സംഘം രേഖകള്‍ പരിശോധിച്ചു. തുടര്‍ന്ന് ചോര്‍ച്ച അനുഭവപ്പെടുന്ന റെഗുലേറ്ററിന്റെ ഭാഗങ്ങള്‍ വിശദമായ പരിശോധനക്ക് വിധേയമാക്കി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍ നോട്ടം വഹിച്ച ഉദ്യോഗസ്ഥരില്‍ നിന്ന് വിശദീകരണം തേടി. പരിശോധനയില്‍ കണ്ടെത്തിയ കാര്യങ്ങള്‍ ഉള്‍ക്കൊളളിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കുകയും ഇത് അടുത്ത ദിവസം വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറുകയും ചയ്യും. തുടര്‍ന്നായിരിക്കും ഏത് തരത്തിലുളള അന്വേഷണമാണ് വേണ്ടതെന്ന തീരുമാനം ഉണ്ടാവുക.
ചമ്രവട്ടം റെഗുലേറ്റര്‍ കം ബ്രിഡ്ജ് കമ്മീഷന്‍ ചെയ്ത് ഒരു വര്‍ഷം പിന്നിടുന്നതിന് മുമ്പ് തന്നെ റെഗുലേറ്ററിന് അടിയില്‍ ചോര്‍ച്ച അനുഭവപ്പെട്ടിരുന്നു. ഇത് തുടര്‍ച്ചയായ രണ്ട് വര്‍ഷങ്ങളിലും ആവര്‍ത്തിച്ചു. പുഴയുടെ അടിത്തട്ടിലൂടെ വ്യാപകമായി മണ്ണ് ഒലിച്ചുപോകുന്നതാണ് ചോര്‍ച്ചക്ക് കാരണമെന്നതായിരുന്നു ഇറിഗേഷന്‍ അധികൃതരുടെ നിഗമനം. ചോര്‍ച്ച വ്യാപകമായതോടെ റെഗുലേറ്ററിന് സമാന്തരമായി ഷീറ്റ് പൈലിംഗ് മാത്രമാണ് ശാശ്വത പരിഹാരമെന്ന നിഗമനത്തിലേക്ക് ഇറിഗേഷന്‍ അധികൃതര്‍ എത്തിയിരുന്നു.
എന്നാല്‍ ചോര്‍ച്ചക്ക് കാരണം നിര്‍മാണത്തിലെ അപാകതയാണെന്ന് ചൂണ്ടിക്കാട്ടി പ്രദേശത്തുകാര്‍ കര്‍മ സമിതി രൂപവത്കരിക്കുകയും പ്രക്ഷോഭ പരിപാടികളുമായി രംഗത്തുവരികയും ചെയ്തതോടെയാണ് വിജിലന്‍സ് സംഘം പരിശോധനക്ക് തയ്യാറായത്.