Connect with us

International

അധികാരദുര്‍വിനിയോഗം: തായ് പ്രധാനമന്ത്രി കോടതിയില്‍ ഹാജരായി

Published

|

Last Updated

യിംഗ്‌ലക്ക് ഷിനാവത്ര

ബാങ്കോക്ക്: അധികാരദുര്‍വിനിയോഗം നടത്തിയെന്ന കേസില്‍ സ്വന്തം ഭാഗം വിശദീകരിക്കാന്‍ തായ്‌ലന്‍ഡ് പ്രധാനമന്ത്രി യിംഗ്‌ലക്ക് ഷിനാവത്ര ഭരണഘടനാ കോടതിയില്‍ ഹാജരായി. 2011ല്‍ ദേശീയ സുരക്ഷാ മേധാവിയെ അനധികൃതമായി മാറ്റിയതിനാല്‍ ഷിനാവത്രയുടെ പാര്‍ട്ടിക്ക് ഏറെ ഗുണമുണ്ടായെന്ന് സെനറ്റര്‍മാര്‍ പരാതി നല്‍കുകയായിരുന്നു. കുറ്റക്കാരിയെന്ന് കണ്ടെത്തിയാല്‍ സ്ഥാനം നഷ്ടമാകുന്നതിന് പുറമെ അഞ്ച് വര്‍ഷത്തേക്ക് രാഷ്ട്രീയ പ്രവര്‍ത്തനവും വിലക്കപ്പെടും. ഇന്നാണ് കോടതി വിധി.
കോടതി മുന്‍വിധിയോടെ പെരുമാറുന്നുവെന്നും അധികാരഭ്രഷ്ടയാക്കാനുള്ള ഉന്നത ഗൂഢാലോചനയാണ് കേസെന്നുമാണ് ഷിനാവത്രയുടെ പാര്‍ട്ടിയുടെ നിലപാട്. കാവല്‍ പ്രധാനമന്ത്രിയാകാന്‍ സമ്മതിക്കാതെ മന്ത്രിസഭയെയും നിരോധിച്ചാല്‍ ഗുരുതര പ്രശ്‌നങ്ങളുണ്ടാകുമെന്ന് മന്ത്രിമാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചെങ്കുപ്പായക്കാര്‍ എന്നറിയപ്പെടുന്ന സര്‍ക്കാര്‍ അനുകൂലികള്‍ തെരുവിറങ്ങും. നഗരവാസികളും മധ്യവര്‍ഗവും സര്‍ക്കാറിനെതിരെ പ്രതിഷേധ പരിപാടികളുമായി രംഗത്തുവന്നതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം തായ്‌ലന്‍ഡില്‍ ഭരണപ്രതിസന്ധിയുണ്ടായിരുന്നു. തുടര്‍ന്ന് ഫെബ്രുവരിയില്‍ തിരഞ്ഞെടുപ്പ് നടത്തിയിരുന്നു. ഷിനാവത്ര ജയിക്കുമെന്ന് ഉറപ്പായതിനെ തുടര്‍ന്ന് ജനങ്ങള്‍ വീണ്ടും തെരുവിലിറങ്ങുകയും തിരഞ്ഞെടുപ്പ് റദ്ദാക്കുകയും ചെയ്തിരുന്നു.
ദേശീയ സുരക്ഷാ മേധാവി തവില്‍ പ്ലീന്‍സ്‌രിയെ 2011ലാണ് ഷിനാവത്ര സര്‍ക്കാര്‍ മാറ്റിയത്. മുന്‍ സര്‍ക്കാര്‍ നിയമിച്ച അദ്ദേഹത്തെ വീണ്ടും തത്സ്ഥാനത്ത് നിയമിച്ചെങ്കിലും അദ്ദേഹം സര്‍ക്കാറിനെ പരസ്യമായി വിമര്‍ശിക്കാന്‍ ആരംഭിച്ചു. എല്ലാ ആരോപണങ്ങളും നിഷേധിക്കുന്നുവെന്ന് ഷിനാവത്ര പറഞ്ഞു. നിയമം ലംഘിച്ചിട്ടില്ല. ആ നടപടിയിലൂടെ ഒരു നേട്ടവും ഉണ്ടാക്കിയിട്ടുമില്ല. താവിലിനെ മാറ്റിയത് രാജ്യത്തിന്റെ നന്മക്ക് വേണ്ടിയായിരുന്നു. ഷിനാവത്ര കോടതിയില്‍ പറഞ്ഞു. നെല്‍ കൃഷിക്ക് സബ്‌സിഡി നല്‍കിയില്ലെന്ന ഗുരുതര ആരോപണവും ഷിനാവത്ര നേരിടുന്നുണ്ട്. അഴിമതി നടത്തിയതിനാലാണ് സബ്‌സിഡി നല്‍കാന്‍ സാധിക്കാതിരുന്നത് എന്നാണ് വിമര്‍ശകര്‍ പറയുന്നത്. പുറത്താക്കപ്പെട്ട നേതാവും ഷിനാവത്രയുടെ സഹോദരനുമായ തക്‌സിന്‍ ഷിനാവത്രയാണ് ഭരണം നിയന്ത്രിക്കുന്നതെന്ന വിമര്‍ശവും ശക്തമാണ്. ഗ്രാമമേഖലകളില്‍ ഷിനാവത്രയുടെ പാര്‍ട്ടിയായ ഫ്യൂ തായ് പാര്‍ട്ടിക്ക് ശക്തമായ പിന്തുണയുണ്ട്.

Latest