ഉത്തര മലബാറില്‍ കെ എസ് ആര്‍ ടി സി ലാഭത്തിലേക്ക്

Posted on: May 7, 2014 12:25 am | Last updated: May 7, 2014 at 12:25 am

ksrtc1കണ്ണൂര്‍: കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട്, വയനാട് ജില്ലകളുള്‍ക്കൊള്ളുന്ന കെ എസ് ആര്‍ ടി സിയുടെ കോഴിക്കോട് മേഖലയിലെ ബസ് സര്‍വീസുകള്‍ വന്‍ ലാഭത്തിലേക്ക്. മുമ്പൊരിക്കലുമില്ലാത്ത വിധം ജനങ്ങള്‍ കെ എസ് ആര്‍ ടി സി ബസുകളെ ആശ്രയിക്കുന്നുവെന്ന് കോഴിക്കോട് മേഖലയില്‍ നിന്നുള്ള കെ എസ് ആര്‍ ടി സി യുടെ വരുമാനത്തിന്റെ ഏറ്റവും പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു.

കഴിഞ്ഞ വര്‍ഷമുണ്ടായ ബസ് സര്‍വീസുകളേക്കാള്‍ കൂടുതല്‍ സര്‍വീസുകള്‍ ഇത്തവണ തുടങ്ങിയിട്ടും നഷ്ടമില്ലെന്നു മാത്രമല്ല, ലാഭത്തിലേക്കെത്തിക്കാന്‍ കെ എസ് ആര്‍ ടി സിക്ക് കഴിഞ്ഞുവെന്നാണ് വിലയിരുത്തപ്പെടുന്നത്. യാത്രക്കാര്‍ക്ക് ഏറ്റവും പ്രിയം കെ എസ് ആര്‍ ടി സിയുടെ ടൗണ്‍ ടു ടൗണ്‍ സര്‍വീസുകളാണെന്നും വ്യക്തമായിട്ടുണ്ട്. മറ്റു സര്‍വീസുകളേക്കാള്‍ കെ എസ് ആര്‍ ടി സിക്ക് ഏറ്റവും ഗുണകരമായി മാറുന്നത് കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് റൂട്ടുകളിലെ സര്‍വീസുകളാണ്.
2013 ഏപ്രിലില്‍ തലശ്ശേരി യൂനിറ്റില്‍ നിന്ന് പ്രതിദിനം എട്ട് ടൗണ്‍ ടു ടൗണ്‍ ബസുകള്‍ സര്‍വീസ് നടത്തിയിടത്ത് 2014ല്‍ പതിനഞ്ച് ബസുകളാണ് നിരത്തിലിറക്കിയത്. കഴിഞ്ഞ വര്‍ഷം ഏപ്രിലിലേതിനേക്കാള്‍ തലശ്ശേരി ഡിപ്പോയില്‍ നിന്നുമാത്രം 12,95,869 രൂപ അധിക വരുമാനമുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. കണ്ണൂര്‍, ഡിപ്പോയില്‍ നിന്ന് പ്രതിദിനം രണ്ട് ടി ടി ബസുകളാണ് കഴിഞ്ഞ വര്‍ഷം കോഴിക്കോട്ടേക്ക് സര്‍വീസ് നടത്തിയിരുന്നതെങ്കില്‍ 2014ല്‍ ഇത് അഞ്ചായി വര്‍ധിച്ചു. 6,73,657 രൂപയുടെ അധിക വരുമാനമാണ് കണ്ണൂരിലുണ്ടായത്.
വടകരയില്‍ നിന്ന് നാല് ബസുകള്‍ സര്‍വീസ് നടത്തിയത് ഈ വര്‍ഷം ഒമ്പതായി ഉയര്‍ന്നപ്പോള്‍ 4,68,125 രൂപയുടെ വര്‍ധനയുണ്ടായി. 2014ല്‍ കണ്ണൂര്‍ – കോഴിക്കോട് ടൗണ്‍ ടു ടൗണ്‍ ബസുകളുടെ സര്‍വീസില്‍ നിന്നുമാത്രം 24,37,651 രൂപയുടെ വര്‍ധനയുണ്ടായതായാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.
കണ്ണൂര്‍, കോഴിക്കോട്, വടകര, തലശ്ശേരി, കാസര്‍കോട് റൂട്ടുകളിലെ ടൗണ്‍ ടു ടൗണ്‍ സര്‍വീസുകള്‍ യാത്രക്കാര്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്നവയാണെന്ന് നേരത്തെ ഒരു സ്വകാര്യ ഏജന്‍സി നടത്തിയ പഠനത്തിലും വ്യക്തമായിരുന്നു. അതിനിടെ കണ്ണൂരില്‍ ബസ് സമരമുണ്ടായ വ്യാഴാഴ്ച കോഴിക്കോട് മേഖലക്ക് മുപ്പത് ലക്ഷത്തിന്റെ അധിക വരുമാനമുണ്ടായിട്ടുണ്ട്.
1.8291 കോടിയാണ് കെ എസ് ആര്‍ ടി സിക്ക് വ്യാഴാഴ്ച ഒരു ദിവസം മാത്രമുണ്ടായ വരുമാനം. കണ്ണൂര്‍ – കാസര്‍കോട്, കണ്ണൂര്‍ – കോഴിക്കോട് ടൗണ്‍ ടു ടൗണ്‍ സര്‍വീസില്‍ നിന്നാണ് വരുമാനത്തിന്റെ നല്ലൊരു ഭാഗവും ലഭ്യമായതെന്നും കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നു.