ക്ഷേത്ര നടയിലെ കല്‍പ്പടവുകള്‍: ജിയോളജി വകുപ്പിന്റെ സഹായം തേടും

Posted on: April 30, 2014 12:22 am | Last updated: April 30, 2014 at 12:22 am
SHARE

JJJതിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്ര പരിസരത്ത് റോഡില്‍ കുഴിയെടുക്കുന്നതിനിടെ വടക്കേ നടയില്‍ കണ്ടെത്തിയ കല്‍പ്പടവുകളില്‍ കാര്യമായൊന്നും കണ്ടെത്താനായില്ലെന്നും വിദഗ്ധ പരിശോധനക്കായി ജിയോളജി വകുപ്പിന്റെ സഹായം തേടുമെന്നും പരിശോധനക്ക് നേതൃത്വം നല്‍കിയ പുരാവസ്തു ഗവേഷകര്‍ അറിയിച്ചു. എന്നാല്‍ കണ്ടെത്തിയ കല്‍പ്പടവുകള്‍ പഴയകാല അവശേഷിപ്പ് മാത്രമാകാനാണ് സാധ്യതയെന്ന് ഇവര്‍ പറഞ്ഞു. പടവുകളുടെ കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനു വേണ്ടിയുള്ള ഖനനം തത്കാലത്തേക്ക് നിര്‍ത്തി.

രണ്ട് മീറ്റര്‍ 40 സെന്റീമീറ്ററിലുള്ള മൂന്ന് കല്‍പ്പടവുകള്‍ മാത്രമേ ഇവിടെ കണ്ടെത്താന്‍ കഴിഞ്ഞുള്ളൂ. ഈ പടവുകള്‍ ഭൂമിക്കടിയിലേക്കോ ക്ഷേത്രത്തിലേക്കോ നീളുന്നില്ല. മൂന്ന് പടവുകള്‍ മാത്രമാണുള്ളത്. ഇനി പടിഞ്ഞാറെ ഭാഗത്തു കണ്ടെത്തിയ ഇഷ്ടികയും വെട്ടുകല്ലുകളും കൊണ്ട് നിര്‍മിച്ച കല്‍പ്പടവുകള്‍ ഇന്നു മുതല്‍ ഖനനം നടത്തിത്തുടങ്ങുമെന്ന് പുരാവസ്തു ഉത്ഖനന വിഭാഗം മേധാവി ബി മോഹനചന്ദ്രന്‍ പറഞ്ഞു. ഈ പടവുകള്‍ മറ്റൊന്നിനെയും സൂചിപ്പിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പണ്ടുകാലത്തുണ്ടായിരുന്ന കെട്ടിടങ്ങളുടെയും കൊട്ടാരങ്ങളുടെയും ബാക്കി ഭാഗമാകാനേ ഇടയുള്ളൂ. ചതുപ്പു നിലങ്ങളാല്‍ ചുറ്റപ്പെട്ട പ്രദേശത്ത് ഉയര്‍ന്നുനിന്ന ഭാഗത്താണ് ക്ഷേത്രം പണികഴിപ്പിച്ചത്. ചുറ്റിലും ഉണ്ടായിരുന്ന പ്രദേശങ്ങളില്‍ മണ്ണിട്ട് ഉയര്‍ത്തിയാണ് റോഡും കടകളും നടപ്പാതകളും നിര്‍മിച്ചത്. ഇവിടെ നിന്ന് ശേഖരിച്ച മണ്ണ് അരിച്ചുനോക്കിയപ്പോള്‍ ചില പുരാതന വസ്തുക്കള്‍ കണ്ടെത്തിയിരുന്നു. കൂടുതല്‍ പരിശോധനക്കായി മണ്ണ് ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം തലസ്ഥാനത്തു പെയ്ത ശക്തമായ മഴയില്‍ മണ്ണ് ചെളിയായി മാറിയതാണ് കാരണം. പടിഞ്ഞാറേ ഭാഗത്തു കണ്ട കല്‍ക്കെട്ടുകള്‍ നീളുന്നുണ്ടോ എന്നറിയാന്‍ ഇന്ന് ഒരു മീറ്റര്‍ നീളത്തില്‍ കുഴിക്കുന്നുണ്ട്. ഇവിടെ നിന്ന് സാമ്പിള്‍ ശേഖരിച്ച് ജിയോളജി വകുപ്പിന്റെ സഹായത്തോടെ പരിശോധിക്കും.
ക്ഷേത്ര സുരക്ഷയുടെ ഭാഗമായി കഴിഞ്ഞ ദിവസം ഓട്ടോമാറ്റിക് ബൊള്ളാര്‍ഡ്‌സും റോഡ് ബ്ലോക്കറുകളും സ്ഥാപിക്കുന്നതിനായി കുഴിയെടുത്തപ്പോഴാണ് കല്‍പ്പടവുകള്‍ കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് പുരാവസ്തു വകുപ്പ് ഇടപെട്ട് കുഴിയെടുക്കല്‍ നിര്‍ത്തിവെപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് കല്‍പ്പടവുകളെ കുറിച്ച് കൂടുതല്‍ പഠനം നടത്താന്‍ തീരുമാനിച്ചത്. അതേസമയം, സുരക്ഷക്കായി ബൊള്ളാര്‍ഡുകളും റോഡ് ബ്ലോക്കറുകളും സ്ഥാപിക്കുന്നതില്‍ കാലതാമസം വരുത്താന്‍ പാടില്ലെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. കല്‍പ്പടവുകളെ കുറിച്ചുള്ള പരിശോധന ഒരാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കും. ഇതിനു ശേഷം സുരക്ഷാ ഉപകരണങ്ങള്‍ മണ്ണിനടിയില്‍ കുഴിച്ചിടുന്നതിനുള്ള നടപടികള്‍ ആരംഭിക്കും. കഴിഞ്ഞ ദിവസം ക്ഷേത്രത്തിന്റെ ഭരണ ചുമതലയുള്ള ജില്ലാ ജഡ്ജി കെ പി ഇന്ദിര കല്‍പ്പടവുകള്‍ കണ്ടെത്തിയ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.