”മി. ഡേവിഡ് കാമറൂണ്‍, ഇത് പിന്നോട്ട് നടത്തമാണ്”

Posted on: April 29, 2014 5:39 pm | Last updated: April 29, 2014 at 6:08 pm

david-cameron-220_1774555fമതപരിവര്‍ത്തനവാദം ജനിക്കുന്നു; ശക്തിപ്പെടുന്നു. അന്തരീക്ഷം ശബ്ദമുഖരിതമാകുന്നു. വാദഗതികള്‍ പ്രധാനമായും മൂന്ന് വഴിക്കാണ്. സഹോദരന്‍ അയ്യപ്പനും സി കൃഷ്ണനും മറ്റും ബുദ്ധമതത്തിനു വേണ്ടി നില്‍ക്കുന്നു… എന്നാല്‍ വളരെ പ്രേരണാ ശക്തിയോടു കൂടി എഴുതാന്‍ കഴിവുള്ള സി വി കുഞ്ഞിരാമന്റെ കക്ഷി ക്രിസ്തുമതമാണ്. അത് മൂലം ക്രിസ്ത്യന്‍ മിഷനറിമാരും കൂട്ടത്തില്‍ കൂടിയിരിക്കുന്നു……വിപ്ലവകാരിയും ക്ഷേത്ര പ്രവേശ വാദത്തിന്റെ പ്രധാന വക്താവുമായ ടി കെ മാധവനാകട്ടെ ഹിന്ദുവായിത്തന്നെ ഹിന്ദു മതത്തെ പരിഷ്‌കരിച്ച് വിധേയമാക്കിയാല്‍ മതിയെന്ന പക്ഷക്കാരനാണ്. 

ടി കെ മാധവന്‍ നാരായണ ഗുരുവിനെ കണ്ട് ആവലാതി പറഞ്ഞു. ‘സ്വാമി ഉണര്‍ത്തിവിട്ട സമുദായ ബോധം വഴി തെറ്റി അപ്പാടെ പാഴിലാകുന്ന മട്ടാണ് കാണുന്നത്….. സ്വാമിക്ക് മാത്രമേ എന്തെങ്കിലും ചെയ്യാന്‍ കഴിയൂ’
അങ്ങനെ സ്വാമി ആലുവക്ക് തിരിച്ചു. കുമാരനാശാന്‍ പരിവര്‍ത്തന വാദികളെ വിളിച്ചു കൂട്ടി. സി കൃഷ്ണന്‍ സഹോദരന്‍ അയ്യപ്പന്‍, സി വി കുഞ്ഞിരാമന്‍. അയ്യപ്പനെയാണ് ആദ്യം സ്വാമി നേരിട്ടത്. ‘അയ്യപ്പന്‍, എന്താണ് ഈ മതംമാറ്റ ബഹളം?’
‘നമുക്ക് വഴി നടന്നു കൂടാ. സ്‌കൂളില്‍ ചേര്‍ന്നു കൂടാ. ഹിന്ദു മതം ചുമക്കുന്ന നമുക്ക് ആ ഒറ്റ കാരണം കൊണ്ട് ശിക്ഷ. പോയി തൊപ്പിയിട്ട് കാസിമോ മാമോദിസാ മുക്കി മത്തായിയോ ആയാല്‍ വഴിയും നടക്കാം. സ്‌കൂളിലും കേറാം. പിന്നെന്തിന് സ്വാമീ ഈ നശിച്ച മതം’……?
‘നമ്മുടെ അഭിപ്രായം കുമാരന് അറിയാമല്ലോ. ഇല്ലേ… അയ്യപ്പന് അറിയാമോ നമ്മുടെ അഭിപ്രായം?’
‘അറിയാം തൃപ്പാദങ്ങള്‍ക്ക് ഒരു മതത്തോടും എതിര്‍പ്പില്ല’..
‘അതുതന്നെയാണ് നമ്മുടെ അഭിപ്രായം. വീട് മാറുന്നതു കൊണ്ട് ആളു നന്നാകില്ല. മതമേതായാലും മനുഷ്യന്‍ നന്നാവണം’

ശ്രീനാരായണ ഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കി കെ സുരേന്ദ്രന്‍ എഴുതിയ ഗുരു എന്ന നോവലില്‍ നിന്നാണ് മുകളില്‍ കൊടുത്ത വരികള്‍. കേരളത്തിലെ ഹിന്ദുമത(സാമൂഹിക)പരിഷ്‌കരണ പ്രസ്ഥാനങ്ങളുടെ പിറവിക്ക് മതപരിവര്‍ത്തനം എങ്ങനെയാണ് ഹേതുവായിത്തീര്‍ന്നതെന്നും മതപരിവര്‍ത്തനം ആ പ്രസ്ഥാനങ്ങളെ എങ്ങനെയാണ് സ്വാധീനച്ചതെന്നും ഈ സംഭാഷണ ശകലം അനാവരണം ചെയ്യുന്നു. മതപരിവര്‍ത്തനം ഇന്നും ലോകത്തിന്റെ ചര്‍ച്ചാവിഷയമാണ്. ഏറ്റവും വലിയ സംഘടിത മതമായ ക്രിസ്തുമതത്തില്‍ നിന്നാണ് പലായനം എന്നതിനാല്‍ ആഗോള മാധ്യമങ്ങളുടെ ശ്രദ്ധാപഥത്തിലേക്ക് അത് വലിയ തോതില്‍ കടന്നു വരുന്നു. മാധ്യമങ്ങള്‍ സൃഷ്ടിച്ച പൊതു ബോധം ആഴത്തില്‍ മുറിവേല്‍പ്പിക്കുകയും രാക്ഷസവത്കരിക്കുകയും ചെയ്ത ഇസ്‌ലാമിനെയാണ് പാശ്ചാത്യര്‍ അഭയകേന്ദ്രമായി കാണുന്നത് എന്നത് പ്രശ്‌നത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. കൊളോണിയല്‍ കാലത്ത് രാഷ്ട്രീയ ശക്തി ഉപയോഗിച്ച് എങ്ങനെയാണോ മിഷനറി പ്രവര്‍ത്തനം നടത്തിയത് അതിനേക്കാള്‍ ശക്തമായി ഇവാഞ്ചലൈസ് ചെയ്യപ്പെടുകയാണ് ബ്രിട്ടന്‍ അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങള്‍. ഈ പശ്ചാത്തലത്തിലാണ് കഴിഞ്ഞ ദിവസം ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ നടത്തിയ പ്രസ്താവന പ്രസക്തമാകുന്നത്. അദ്ദേഹം പറഞ്ഞത് ഇതാണ്: ‘ഒരു ക്രിസ്ത്യാനിയായിരിക്കുന്നതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. ഓരോ ബ്രിട്ടീഷുകാരനും ഇത്തരത്തില്‍ അഭിമാനം കൊള്ളണം. ക്രിസ്ത്യാനിയായിരിക്കുന്നതില്‍ നാം ഒരിക്കലും അലസരാകാന്‍ പാടില്ല. ഉദാസീനത പാടില്ല. ക്രിസ്തുമതം നമുക്ക് നല്‍കുന്ന ആശ്വാസവും സുരക്ഷിതത്വവും തിരിച്ചറിയണം. മതത്തിന് നമ്മുടെ രാഷ്ട്രീയ സാമൂഹിക ജീവിതത്തില്‍ കൂടുതല്‍ പങ്ക് നല്‍കേണ്ടതുണ്ട്. ആത്യന്തികമായി ബ്രിട്ടന്‍ ഒരു ക്രിസ്ത്യന്‍ രാഷ്ട്രമാണ്’ ഇത് കാമറൂണ്‍ ആദ്യമായി പറയുന്നതല്ല. മൂന്ന് വര്‍ഷം മുമ്പും ഇത്തരമൊരു പ്രഖ്യാപനം അദ്ദേഹം നടത്തിയിരുന്നു. ഇത്തവണ അല്‍പ്പം കൂടി മുന്നോട്ട് പോയി, മതസംരക്ഷണത്തിന് ഖജനാവില്‍ നിന്ന് തുക പ്രഖ്യാപിക്കുകയും ചെയ്തു അദ്ദേഹം. കത്തീഡ്രലുകളുടെ അറ്റകുറ്റപ്പണക്കായി 20 മില്യണ്‍ പൗണ്ടും(രണ്ട് കോടി) മതപ്രചാരണ അയല്‍ക്കൂട്ടങ്ങള്‍ക്ക് എട്ട് മില്യണ്‍ പൗണ്ടുമാണ് ആദ്യ ഘട്ടത്തില്‍ അനുവദിച്ചത്.
കാമറൂണിന്റെ ഈ മതപ്രഖ്യാപനം രാജ്യത്തെ മുന്‍ നിര എഴുത്തുകാരെയും ആക്ടിവിസ്റ്റുകളെയും ചൊടിപ്പിച്ചിരിക്കുകയാണ്. എഴുത്തുകാര്‍, ശാസ്ത്രജ്ഞര്‍, പ്രക്ഷേപകര്‍, വിദ്യാഭ്യാസ വിചക്ഷണര്‍ തുടങ്ങിയവരടങ്ങിയ 50 അംഗ സംഘം പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതി. ഫിലിപ്പ് പുള്‍മാനെപ്പോലുള്ള ഗ്രന്ഥകാരന്‍മാരും എ സി ഗാര്‍ലിംഗിനെപ്പോലുള്ള തത്വചിന്തകരും കൂട്ടത്തിലുണ്ട്. അതുകൊണ്ടു തന്നെ കത്തിന് വന്‍ മാധ്യമ പ്രാധാന്യമാണ് കൈവന്നത്. തുറന്ന കത്തിന്റെ രത്‌നച്ചുരുക്കം ഇതാണ്: ‘പ്രധാനമന്ത്രിക്ക് അദ്ദേഹത്തിന്റെ വ്യക്തിപരമായ മതപ്രഖ്യാപനം ആകാം. അതില്‍ ചില അനൗചിത്യങ്ങള്‍ ഉണ്ടെങ്കിലും. പക്ഷേ, അദ്ദേഹം സ്വയം മതപ്രചാരകനാകാന്‍ പാടില്ല. ബ്രിട്ടനെ ക്രിസ്ത്യന്‍ രാഷ്ട്രമായി മുദ്ര കുത്തുന്നത് അങ്ങേയറ്റം അപടകരമാണ്. അത് മറ്റു മതസ്ഥരെ അന്യവത്കരിക്കും. വസ്തുതക്ക് നിരക്കാത്തതുമാണ് അത്. രാജ്യത്ത് വ്യവസ്ഥാപിത സഭക്ക് ഭരണഘടനാ പിന്തുണയുണ്ടായിരിക്കാം. പക്ഷേ അതുകൊണ്ട് രാജ്യം ക്രിസ്ത്യന്‍ രാഷ്ട്രമാകില്ല. ബ്രിട്ടന്‍ ബഹുമതമാണ്. ഒരു വേള അത് മതരഹിത രാഷ്ട്രവുമാണ്. വ്യത്യസ്ത മതക്കാരും മതമില്ലാത്തവരും ചേര്‍ന്ന് തിരഞ്ഞെടുത്ത സര്‍ക്കാര്‍ ഇങ്ങനെ ഒരു മതത്തിന്റെതായി പ്രഖ്യാപിക്കുന്നത് ചരിത്രത്തിന്റെ പിന്നോട്ട് നടത്തമാണ്’
ബ്രിട്ടന്‍, ക്രിസ്ത്യന്‍ ചരിത്രവും സംസ്‌കാരവും മൂല്യബോധവും കാത്തുസൂക്ഷിക്കുന്ന രഷ്ട്രമാണെന്നതില്‍ ആര്‍ക്കും സംശയമില്ല. അതൊരു പുതിയ കാര്യവുമല്ല. പക്ഷേ പ്രധാനമന്ത്രി അത് ഇപ്പോള്‍ ഉച്ചത്തില്‍ പറയുന്നത് എന്ത് കൊണ്ടാണ്? അത് മനസ്സിലാക്കാന്‍ അല്‍പ്പം സ്ഥിതിവിവരക്കണക്കുകളാകാം. ബ്രിട്ടനില്‍ രണ്ടാമത്തെ വലിയ മതസമൂഹമാണ് മുസ്‌ലിംകള്‍. ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന മതവും അത് തന്നെ. 15 വര്‍ഷം കൊണ്ട് മുസ്‌ലിം ജനസംഖ്യയില്‍ 75 ശതമാനമാണ് വളര്‍ച്ചയുണ്ടായത്. 2001ല്‍ രാജ്യത്തെ മുസ്‌ലിം ജനസംഖ്യ രണ്ട് ശതമാനമായിരുന്നു. 2011ല്‍ അത് 4.8 ശതമാനമായി വര്‍ധിച്ചു. ഇതില്‍ 48ശതമാനം പേരും 25 വയസ്സിന് താഴെയുള്ളവരാണെന്നതും ശ്രദ്ധേയമാണ്. ബ്രിട്ടനില്‍ നടക്കുന്ന മതപരിവര്‍ത്തനത്തിന്റെ 90 ശതമാനവും ഇസ്‌ലാമിലേക്കാണ്. ഇതില്‍ ഏറിയ കൂറും വനിതകളാണ്. ഇനി ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് പുറത്തു വിട്ട കണക്ക് കൂടി പരിശോധിക്കാം. ചര്‍ച്ചില്‍ വരുന്നവരുടെ എണ്ണം കുത്തനെ ഇടിയുകയാണത്രേ. 95 ശതമാനം പേരും ഇക്കാര്യത്തില്‍ വിമുഖരാണ്. സാധാരണ ഞായറാഴ്ച കുര്‍ബാനക്ക് മൊത്തം പള്ളികളിലുമായി എത്തുന്നത് എട്ട് ലക്ഷത്തില്‍ താഴെ പേര്‍ മാത്രമാണ്. ചില ചര്‍ച്ചുകളില്‍ ഒരു ഡസന്‍ പോലും തികയുന്നില്ല. 10 വര്‍ഷത്തിനിടെ ക്രിസ്ത്യാനികളുടെ എണ്ണത്തില്‍ 40 ലക്ഷം പേരുടെ കുറവുണ്ടായി. ചെറുപ്പക്കാര്‍ക്കിടയില്‍ നിന്ന് മതം അതിവേഗം അപ്രത്യക്ഷമാകുന്നുവെന്നും സഭ പുറത്തു വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. പലരും മതരഹിതരാകാന്‍ താത്പര്യപ്പെടുന്നു. മതേതരത്വത്തിന്റെ അര്‍ഥം മതരാഹിത്യമാണെന്ന പാശ്ചാത്യ മൂല്യ ബോധം വിനയായിരിക്കുന്നുവെന്ന് ചുരുക്കം.
ഒരു കൂട്ടം സ്ഥിതിവിവരങ്ങള്‍ കൂടി കണക്കിലെടുക്കേണ്ടതുണ്ട്. 2007ന് ശേഷം സുരക്ഷാ വിഭാഗം പുറത്തു വിട്ട കണക്ക് പ്രകാരം ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ നടക്കുന്ന യൂറോപ്യന്‍ യൂനിയന്‍ രാജ്യം യു കെയാണ്. ഏറ്റവും അക്രമസാകത്മായ രാജ്യമായി ബ്രിട്ടന്‍ മാറിയെന്നാണ് യുറോസ്റ്റാറ്റ് പുറത്ത് വിടുന്ന കണക്ക്. യു കെയില്‍ ഒരു ലക്ഷത്തിന് 2,000 കുറ്റകൃത്യങ്ങള്‍ നടക്കുമ്പോള്‍ യു എസില്‍ ഇത് 466 മാത്രമാണത്രേ.
ചിത്രം വ്യക്തമാണ്. ബ്രിട്ടനിലെ കറുത്ത വര്‍ഗക്കാരും വരുമാന ശ്രേണിയില്‍ താഴെയുള്ളവരും അതൃപ്തരും അരക്ഷിതരുമാണ്. അവരുടെ മതം ആഘോഷങ്ങളില്‍ അഭിരമിക്കുമ്പോള്‍ തൊട്ടപ്പുറത്ത് മറ്റൊരു സമൂഹം ആന്തരികമായ പരിവര്‍ത്തനത്തിന് വിധേയമാകുകയാണ്. അവരുടെ ജീവിതം തന്നെ മാറുകയാണ്. വല്ലാത്തൊരു ഐക്യബോധം അവരില്‍ പടരുന്നു. മനശ്ശാന്തി അവര്‍ക്ക് കരഗതമാകുന്നു. അവരുടെ മതം ചിലത് ചെയ്യരുതെന്ന് ശഠിക്കുന്നു. ചിലത് ചെയ്യണമെന്നും. അവിടെ തീര്‍പ്പുകളുണ്ട്. പരിഹാരങ്ങളുണ്ട്. അത്‌കൊണ്ട് മനുഷ്യര്‍ വലിയ തോതില്‍ പുതിയ വിശ്വാസസംഹിതയിലേക്ക് പ്രവേശിക്കുന്നു. ഡേവിഡ് കാമറൂണിനെപ്പോലുള്ളവര്‍ ഈ മാറ്റത്തില്‍ വേവലാതി കൊള്ളുന്നവരാണ്. രാഷ്ട്രീയ അതിര്‍ത്തികള്‍ മായ്ച്ചു കളഞ്ഞ കൊളോണിയല്‍ കാലം മുതല്‍ നവ കൊളോണിയല്‍ കാലം വരെ ക്രിസ്ത്യന്‍ മതപ്രചാരണത്തിന് വിയര്‍ത്ത ഭരണകൂടമാണ്. ഇപ്പോള്‍ സ്വന്തം മണ്ണില്‍ തന്നെ മതവ്യാപനത്തിന് തിരിച്ചടി നേരിടുന്നു. സ്ത്രീസ്വാതന്ത്ര്യത്തിന്റെ പേരില്‍ വല്ലാതെ പഴി കേട്ട ഒരു മതവിശ്വാസത്തിലേക്ക് വനിതകള്‍ കൂട്ടമായി ഒഴുകുന്നത് എങ്ങനെ വ്യാഖ്യാനിക്കും?
ഈ മതപരിവര്‍ത്തനങ്ങള്‍ക്ക് തടയിടേണ്ടത് വിപണിയുടെ കൂടി ആവശ്യമാണ്. ഇസ്‌ലാം വിപണിയെ വെല്ലുവിളിക്കുന്നുണ്ട്. സ്ത്രീകളുടെ ശരീരം സൗന്ദര്യവര്‍ധക വസ്തുക്കളുടെ പരസ്യപ്പലകയായി അധഃപതിക്കുന്നതിനെ അത് വിലക്കുന്നു. അത് മുന്നോട്ടു വെക്കുന്ന വസ്ത്ര, ആഭരണ, സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ തികച്ചും വ്യത്യസ്തമാണ്. മദ്യമടക്കമുള്ളവയുടെ ഉപഭോക്തൃ വൃത്തം ചുരുക്കുന്നതിലാണ് ഓരോ പരിവര്‍ത്തനവും കലാശിക്കുന്നത്. വിപണികേന്ദ്രീകൃത വ്യവസ്ഥിതിക്ക് ബദല്‍ മുന്നോട്ട് വെക്കുന്ന ഇസ്‌ലാമിന്റെ വ്യാപനം വിശാലമായ അര്‍ഥത്തില്‍ നിലവിലുള്ള സാമ്പത്തിക അധികാര ഘടനയെ പൊളിച്ചെഴുതാന്‍ പര്യാപ്തമാണ്. പാശ്ചാത്യ മാധ്യമങ്ങള്‍ ഭരണകൂടങ്ങളുടെ പിന്തുണയോടെ പ്രചരിപ്പിച്ചുറപ്പിച്ച ഇസ്‌ലാം പേടിയെന്ന ആയുധത്തിന്റെ മുനയൊടിഞ്ഞിരിക്കുന്നുവെന്നു കൂടി ഈ വീട് മാറ്റങ്ങള്‍ക്ക് അര്‍ഥമുണ്ട്. അതുകൊണ്ട് വെറുതെ ആഹ്വാനം ചെയ്ത് അടങ്ങിയിരിക്കുകയല്ല കാമറൂണിന്റെ ബ്രിട്ടന്‍. മുസ്‌ലിംകളെ സംശയത്തിന്റെ നിഴലില്‍ തളച്ചിടാന്‍ നിരന്തരം പരിശോധനയില്‍ നിര്‍ത്തുന്നു. ഭീകരവിരുദ്ധ വിഭാഗത്തിന്റെ ചോദ്യം ചെയ്യലിന് വിധേയനാകാത്ത മുസ്‌ലിം യുവാവ് ഇല്ലെന്ന് തന്നെ പറയാം. മുസ്‌ലിം മാനേജ്‌മെന്റിന് കീഴിലുള്ള സ്‌കൂളുകള്‍ അടച്ച് പൂട്ടല്‍ ഭീഷണിയിലാണ്. തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന സിലബസ് ആണെന്നാണ് ആരോപണം. മസ്ജിദുകള്‍ കര്‍ശന നിരീക്ഷണത്തിലാണ്. ഇങ്ങനെ വരിഞ്ഞ് മുറുക്കി ഒരു തീവ്രവാദിയെ എങ്കിലും സൃഷ്ടിക്കാനാകുമോയെന്നാണ് നോട്ടം. ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍, അധ്യാപകര്‍, അഭിഭാഷകര്‍ തുടങ്ങിയവര്‍ക്ക് തീവ്രവാദ നിരീക്ഷണമെന്ന രഹസ്യ ചുമതല നല്‍കിയിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ വിവരം.
പിന്‍കുറി: കാമറൂണിന്റെ മതപ്രഖ്യാപന വാര്‍ത്തക്ക് താഴെ ഓണ്‍ലൈനില്‍ വന്ന കമന്റുകള്‍ വായിച്ചാല്‍ മനസ്സിലാകും അതിന്റെ അന്താരാഷ്ട്രമാനം. ഇന്ത്യയില്‍ നിന്നുള്ള കമന്റുകളിലൊന്ന് ഇങ്ങനെ: ‘കാമറൂണിന് അഭിനന്ദനം. അങ്ങേക്ക് സത്യം പറയാന്‍ ധൈര്യമുണ്ടായിരിക്കുന്നു. തിരഞ്ഞെടുപ്പൊന്ന് കഴിയട്ടെ. ഇവിടെയുമുണ്ടാകും സത്യം പറയാന്‍ കെല്‍പ്പുള്ള പ്രധാനമന്ത്രി.’

ALSO READ  അമേരിക്ക ഇത്രക്ക് ദുര്‍ബലമാണോ?