ശബരിമലയില്‍ തന്ത്രിയുടെ മകള്‍ ദര്‍ശനം നടത്തിയതായി വിജിലന്‍സ് റിപ്പോര്‍ട്ട്

Posted on: April 29, 2014 12:21 am | Last updated: April 29, 2014 at 12:21 am

പത്തനംതിട്ട: ശബരിമലയില്‍ തന്ത്രിയുടെ മകള്‍ ദര്‍ശനം നടത്തിയതായി ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്. ഈ മാസം 16നാണ് സംഭവം. ശബരിമല മേല്‍ശാന്തി പി എന്‍ നാരായണന്‍ നമ്പൂതിരിയുടെ പതിനൊന്ന് വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയെയാണ് വിഷു ദിവസം ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ അനുവദിച്ചത്.
രാവിലെ പമ്പയില്‍ നിന്ന് ഇവര്‍ മല കയറി തുടങ്ങിയപ്പോള്‍ തന്നെ ഗണപതി കോവിലിന് സമീപം പോലീസ് തടഞ്ഞിരുന്നു. മേല്‍ശാന്തിയുടെ മകളാണെന്ന് പറഞ്ഞ് പമ്പയില്‍ ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന എസ് ഐ കയറ്റി വിടുകയായിരുന്നു. 11 മണിയോടെ ഇവര്‍ മല കയറി സന്നിധാനത്തെത്തി. മേല്‍ശാന്തിയുടെ മുറിയില്‍ വിശ്രമിച്ച കുട്ടി പടി പൂജക്കായി വെളിയില്‍ ഇറങ്ങിയപ്പോള്‍ അയ്യപ്പ സേവാസംഘം പ്രവര്‍ത്തകര്‍ പ്രായത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് ദേവസ്വം ഗാര്‍ഡുമാരുടെ സഹായത്തോടെ കുട്ടിയെ സന്നിധാനത്തുള്ള മേല്‍ശാന്തിയുടെ മുറിയിലേക്ക് മാറ്റി. വിവാദം ഭയന്ന് പിന്നീട് കുട്ടിയെ വെളിയില്‍ ഇറക്കിയില്ല. ഉത്രം വിഷു ഉത്സവം സമാപനം കുറിച്ച് നട അടച്ച ശനിയാഴ്ച്ച രാത്രി 12 ന് മേല്‍ശാന്തിയുടെ ഭാര്യാസഹോദരന്‍ വനം വകുപ്പിന്റെ അനുമതി വാങ്ങി കുട്ടിയെ ട്രാക്ടറില്‍ പമ്പയില്‍ എത്തിക്കുകയായിരുന്നു.
ദേവസ്വം ബോര്‍ഡിന്റെ ഫോട്ടോഗ്രാഫറായ ഉണ്ണി സന്നിധാനത്ത് നില്‍ക്കുന്ന പെണ്‍കുട്ടിയുടെ ചിത്രം എടുത്തിരുന്നു. ഇതറിഞ്ഞ ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥര്‍ ചിത്രങ്ങള്‍ ക്യാമറയില്‍ നിന്നും ഡിലീറ്റ് ചെയ്യിപ്പിച്ചിരുന്നു. ശബരിമലയിലെ സി സി ടി വികളിലെല്ലാം മേല്‍ശാന്തിയുടെ മകള്‍ സന്നിധാനത്തെത്തിയതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.
സംഭവം വിവാദമായതോടെ അന്വേഷണം നടത്താന്‍ ദേവസ്വം സെക്രട്ടറി ജ്യോതിലാലിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. പത്ത് വയസ്സിനും അന്‍പത് വയസ്സിനുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തരുതെന്നാണ് വിശ്വാസം. എന്നാല്‍ മേല്‍ശാന്തിയുടെ മകളെന്ന പരിഗണനയില്‍ 11 വയസ്സുള്ള കുട്ടിയെ സന്നിധാനത്ത് കടത്തിയെന്ന ആരോപണവുമായി അയ്യപ്പ സേവാ സംഘം രംഗത്തെത്തുകയും ദേവസ്വം മന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. മകള്‍ ദര്‍ശനം നടത്തിയത് വിജിലന്‍സ് മുമ്പാകെ മേല്‍ശാന്തി സമ്മതിച്ചതായാണ് സൂചന.