Connect with us

Kannur

കള്ളവോട്ട്: കണ്ണൂരിലെ സി പി എം കേസിനെതിരെ കോണ്‍ഗ്രസ് നിയമ നടപടിക്ക്

Published

|

Last Updated

കണ്ണൂര്‍: യു ഡി എഫ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തുവെന്ന സി പി എം ഫയല്‍ ചെയ്ത കേസിനെതിരെ കോണ്‍ഗ്രസ് നിയമനടപടിക്ക്. എരുവേശിയിലെ സി പി എം ലോക്കല്‍ സെക്രട്ടറി കെ പി കുമാരനാണ് തളിപ്പറമ്പ് മജിസ്‌ട്രേറ്റ് കോടതിയില്‍ യു ഡി എഫ് കള്ളവോട്ട് ചെയ്‌തെന്നാരോപിച്ച് കേസ് ഫയല്‍ ചെയ്തത്. എരുവേശി പഞ്ചായത്തിലെ 110ാം നമ്പര്‍ ബൂത്തില്‍ ക്രമ നമ്പര്‍ 98 മുതല്‍ 761 വരെയുള്ള വ്യത്യസ്ത നമ്പറുകളിലായി കെ കെ ഷൈജു മുതല്‍ പ്രിയേഷ് വരെയുള്ള 15 പേരുടെ വോട്ട് കള്ളവോട്ട് ചെയ്തുവെന്നാണ് സി പി എം പരാതി.
ഈ കേസിനെതിരെ നിയമ നടപടിക്ക് തീരുമാനിച്ചതായി ഡി സി സി പ്രസിഡന്റ് കെ സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സി പി എമ്മിനെതിരെ ഉയര്‍ന്നുവന്ന കള്ളവോട്ട് കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള ആസൂത്രിത തന്ത്രം മാത്രമാണിതെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.
പരാതിയില്‍ പറയുന്ന കെ കെ ഷൈജു മുതല്‍ പ്രിയേഷ് വരെയുള്ള 15 പേരുടെ വോട്ട് അവര്‍ തന്നെയാണ് ചെയ്തത്. വോട്ട് ചെയ്തതിന്റെ രേഖയായി ചെയ്യുന്നതിന് മുമ്പായി അവര്‍ ഒപ്പ് വെച്ച രജിസ്റ്റര്‍ മാത്രം പരിശോധനക്ക് വിധേയമാക്കിയാല്‍ കാര്യം വ്യക്തമാകും. ഒപ്പ് തെറ്റാണെങ്കില്‍ വിരലടയാള പരിശോധനക്ക് വിധേയരാക്കണമെന്ന് കോടതിയോട് ആവശ്യപ്പെടുമെന്നും ഡി സി സി പ്രസിഡന്റ് പറഞ്ഞു.
ഒരാള്‍ സ്വന്തം വോട്ട് ചെയ്യുകയും താന്‍ വോട്ട് ചെയ്തിട്ടില്ലെന്നും തന്റെ വോട്ട് മറ്റൊരാള്‍ ചെയ്തുവെന്ന് കോടതിയോട് പറയുകയും ചെയ്താല്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കലാണത്. ജനപ്രാതിനിധ്യ നിയമ വ്യവസ്ഥയെ ദുരുപയോഗം ചെയ്യുകയും കള്ളവോട്ട് ചെയ്യാത്ത ഒരാളെ ബോധപൂര്‍വം സമൂഹത്തിന് മുന്നില്‍ അപമാനിക്കുകയുമാണ് ഇതിലൂടെ ചെയ്തത്. ഇത് ക്രിമിനല്‍ കുറ്റനടപടിക്ക് വിധേയമാണ്.
ഈ മാസം പത്തിന് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നുവെന്ന കോണ്‍ഗ്രസിന്റെ പരാതി അന്ന് ഉച്ച മുതല്‍ രാത്രി വരെ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും ജില്ലാ വരണാധികാരികള്‍ക്കും നല്‍കിയിട്ടുണ്ട്. 16 പരാതികളാണ് ഇതു സംബന്ധിച്ച് നല്‍കിയത്. 103 ബൂത്തുകളിലായി യു ഡി എഫ് ബൂത്ത് ഏജന്റുമാരെ മര്‍ദിക്കുകയും കള്ളവോട്ട് രേഖപ്പെടുത്തുകയും ചെയ്തതായി പരാതി നല്‍കിയിട്ടുണ്ട്. ഈ സമയത്തൊന്നും പരാതി ഉന്നയിക്കാത്ത സി പി എം 15 ദിവസത്തിന് ശേഷമാണ് കള്ളവോട്ട് പരാതിയുമായി രംഗത്തുവരുന്നത്.
എരുവേശിയിലെ 109ാം നമ്പര്‍ ബൂത്തിലെ എ എസ് ഡി ലിസ്റ്റില്‍പ്പെട്ട 58 പേരുടെ വോട്ട് കള്ളവോട്ടായി 19 പേര്‍ ചെയ്‌തെന്നും ഓഫീസര്‍മാരും ബി എല്‍ ഒ, പോലീസുള്‍പ്പെടെ ഒമ്പത് പേര്‍ ഒത്താശ ചെയ്തുവെന്നുമാണ് എരുവേശി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ജോസഫ് കൊടുകാപ്പള്ളി നല്‍കിയ പരാതിയില്‍ പറയുന്നത്. ഈ കേസില്‍ വികൃതമായ മുഖം രക്ഷിക്കാനാണ് സി പി എമ്മിന്റെ പുതിയ കേസെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.

 

Latest