സുധീരന്‍ പ്രസിഡന്റായത് കമ്മ്യൂണിറ്റി ക്വാട്ടയില്‍ നിന്ന്: വെള്ളാപ്പള്ളി

Posted on: April 29, 2014 12:07 am | Last updated: April 29, 2014 at 12:07 am
SHARE

കൊല്ലം: വി എം സുധീരന്‍ സമ്മതിച്ചില്ലെങ്കിലും അദ്ദേഹം കെ പി സി സി പ്രസിഡന്റായത് കമ്മ്യൂണിറ്റി ക്വാട്ടയില്‍ നിന്ന് തന്നെയാണെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മദ്യം, കരിമണല്‍ തുടങ്ങിയ വിഷയങ്ങളില്‍ കെ പി സി സി പ്രസിഡന്റ് വി എം സുധീരന്റെ നിലപാട് പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്ത് എസ് എന്‍ ട്രസ്റ്റ് സെക്രട്ടറിയായി ചുമതലയേറ്റ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
സുധീരനോട് വ്യക്തിപരമായി സ്‌നേഹവും ബഹുമാനവുമുണ്ട്. കോണ്‍ഗ്രസിലെ ഈഴവര്‍ക്ക് വംശനാശം സംഭവിക്കുന്നത് കൊണ്ടാണ് കോണ്‍ഗ്രസ് നേതൃത്വം അദ്ദേഹത്തെ നേതൃസ്ഥാനത്ത് കൊണ്ടുവന്നത്. മദ്യത്തിന്റെ കാര്യത്തില്‍ മാത്രമല്ല, കരിമണലിന്റെ കാര്യത്തിലും സുധീരന്റെ നിലപാട് സാമാന്യ യുക്തിക്ക് നിരക്കുന്നതല്ല. കോടികളുടെ സമ്പത്താണ് പുറത്ത് കിടക്കുന്നത്. അതില്‍ നിന്ന് കോടികള്‍ മോഷ്ടിച്ച് കൊണ്ടുപോകുന്നു. കട്ടുപോയാലും നാടിന് മുതലാക്കാന്‍ പാടില്ലെന്ന സമീപനം ഉത്തരവാദപ്പെട്ടവര്‍ തിരുത്തണം. സ്പിരിറ്റ് ഒഴുകിയാലും കുഴപ്പമില്ല ബാറുകള്‍ പൂട്ടണം എന്ന സമീപനം തെറ്റാണ്. കോണ്‍ഗ്രസ് നേതൃത്വവും യു ഡി എഫ് ഘടക കക്ഷികളും പ്രായോഗിക നിലപാടിനൊപ്പമാണ്. പക്ഷേ സുധീരന്‍ മാത്രം മറ്റൊരു നിലപാട് സ്വീകരിക്കുകയാണ്. ഇത് പറയാനും തിരുത്താനും ‘ഭരണകക്ഷിക്ക് കഴിയുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
നിലവാരമില്ലെങ്കില്‍ എന്തിന് ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയെന്ന് ഉത്തരവാദപ്പെട്ടവര്‍ വ്യക്തമാക്കണം. ലൈസന്‍സ് നല്‍കിയ സ്ഥിതിക്ക് നിലവാരമുണ്ടാക്കാന്‍ ബാറുകള്‍ക്ക് സമയം നല്‍കണം. ഒരു മുന്നറിയിപ്പുമില്ലാതെ ബാറുകള്‍ പൂട്ടിയപ്പോള്‍ ആയിരക്കണക്കിന് തൊഴിലാളികളുടെ ഉപജീവനം മുട്ടി. കൈയടി കിട്ടാന്‍ വേണ്ടി സത്യങ്ങള്‍ മറച്ചുവെക്കുന്ന ശീലം തനിക്കില്ല. ബാറുടമകള്‍ക്ക് കോടതിയില്‍ കേസ് വാദിക്കുന്ന വക്കീലാണ് തനിക്കും എസ് എന്‍ ഡി പി യോഗത്തിനുമെതിരെ കോടതിയില്‍ കേസുകള്‍ വാദിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.