വര്‍ഗീയ ശക്തികള്‍ക്കെതിരെ നിലപാട് കര്‍ക്കശമാക്കണം

Posted on: April 29, 2014 6:00 am | Last updated: April 28, 2014 at 11:57 pm

SIRAJ.......കഴിഞ്ഞ വര്‍ഷം രാജ്യത്ത് വര്‍ഗീയ കലാപങ്ങളില്‍ വന്‍ വര്‍ധനവുണ്ടായതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രചാരണ രംഗത്ത് ബി ജെ പി കൂടുതല്‍ ശ്രദ്ധയൂന്നിയ ഉത്തര്‍ പ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, ബീഹാര്‍, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഇത് കൂടുതലെന്നും മന്ത്രാലയം വ്യക്തമാക്കുകയുണ്ടായി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ നേട്ടമുണ്ടാക്കുന്നതിന് വര്‍ഗീയ ധ്രുവീകരണം ശക്തിപ്പെടുത്തുകയായിരുന്നു വര്‍ഗീയ സംഘര്‍ഷങ്ങളിലൂടെ വര്‍ഗീയ പ്രസ്ഥാനങ്ങള്‍ ലക്ഷ്യമിട്ടതെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി രാജ്യത്ത് അരങ്ങേറുന്ന വര്‍ഗീയ സംഘര്‍ഷങ്ങള്‍ ബി ജെ പിയുടെ വളര്‍ച്ച ലക്ഷ്യമിട്ട് സംഘ് പരിവാര്‍ സംഘടിപ്പിക്കുന്നതാണെന്ന് മുമ്പേ ബോധ്യപ്പെട്ടതാണ്. വിശ്വ ഹിന്ദുപരിഷത്ത്, ബജ്‌റംഗ് ദള്‍, അഭിനവ് ഭാരത്, സനാതന്‍ സന്‍സ്ഥ തുടങ്ങിയ കാവി ഭീകരസേനകളാണ്, കേണല്‍ പുരോഹിതിനെപ്പോലുള്ള സൈനിക ഉദ്യോഗസ്ഥരില്‍നിന്ന് പരിശീലനം നേടി രാജ്യത്താകെ സ്‌ഫോടനപരമ്പര സൃഷ്ടിക്കുന്നതെന്നും ഹൈദരാബാദ്, മക്കാ മസ്ജിദ്, മാലേഗാവ്, അജ്മീര്‍, സംഝോത എക്‌സ്പ്രസ് എന്നിവിടങ്ങളില്‍ നടന്ന സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ ഇവരാണെന്നും ഭീകര വിരുദ്ധ സ്‌ക്വാഡ് മേധാവിയായിരുന്ന ഹേമന്ത് കര്‍ക്കരെയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി സുഷീല്‍ കുമാര്‍ ഷിന്‍ഡെയും മന്ത്രി പി ചിദംബരവും നേരത്തെ ഇക്കാര്യം വെളിപ്പെടുത്തുകയുമുണ്ടായി.
അയോധ്യാ സംഭവത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള പരീക്ഷണം വിജയം കണ്ടതോടെയാണ് രാജ്യത്ത് വര്‍ഗീയ സംഘര്‍ഷങ്ങളുടെ എണ്ണത്തില്‍ അഭൂതപൂര്‍വമായ വര്‍ധനവുണ്ടായത്. ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തില്‍ വര്‍ഗീയ കുഴപ്പങ്ങള്‍ സൃഷ്ടിച്ച ശേഷം, ഉത്തരവാദിത്വം ന്യൂനപക്ഷ മതവിഭാഗങ്ങളുടെ പേരില്‍ കെട്ടിവെക്കുന്ന കുത്സിത തന്ത്രമാണിവിടെ പയറ്റുന്നത്. നിയമപാലകരും ഭരണകൂടങ്ങളും മാധ്യമങ്ങളും അവരുടെ പ്രചാരണം ഏറ്റുപിടിക്കുകയും ചെയ്തു. പോലീസിലും സൈന്യത്തിലും സംഘ്പരിവാറിനുള്ള സ്വാധീനം ഇതിന് സഹായകവുമായി. 1993ലെ മഹാരാഷ്ട്ര കലാപത്തെക്കുറിച്ചന്വേഷിച്ച ശ്രീകൃഷ്ണ കമ്മീഷനടക്കം പല അന്വേഷണ ഏജന്‍സികളും പോലീസിലെ സംഘ് പരിവാര്‍ സ്വാധീനത്തെക്കുറിച്ചു മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അര്‍ഹിക്കുന്ന ഗൗരവത്തോടെ അത് മുഖവിലക്കെടുത്തില്ല. കാര്യങ്ങള്‍ ബോധ്യപ്പെട്ടിട്ടും മതേതര കക്ഷികള്‍ സംഘ്പരിവാറിനു നേരെ കര്‍ശന നിലപാട് കൈക്കൊള്ളുന്നതിന് പകരം മൃദുഹിന്ദുത്വത്തിന്റെ പേരില്‍ അയഞ്ഞ നിലപാട് സ്വീകരിക്കുകയോ തലോടുകയോ ആണുണ്ടായത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി മുസാഫര്‍ നഗറില്‍ ഹിന്ദുത്വ സംഘടനകള്‍ ആസൂത്രണം ചെയ്ത കലാപത്തില്‍ അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാറും കേന്ദ്ര ഭരണകൂടവും എടുത്ത നിലപാടുകളില്‍ ഇത് പ്രകടമാണ്.
പാക്കിസ്ഥാന്‍ സഹായത്തോടെ ഇന്ത്യയിലെ മുസ്‌ലിം തീവ്രവാദികളാണ് രാജ്യത്ത് സ്‌ഫോടനങ്ങളും വര്‍ഗീയ കലാപങ്ങളും സംഘടിപ്പിക്കുന്നതെന്നായിരുന്നു നേരത്തെ ഉത്തരവാദപ്പെട്ടവരുടെ വിലയിരുത്തല്‍. മുസ്‌ലിം തീവ്രവാദം രാജ്യത്തെമ്പാടും വിശേഷിച്ചും മാധ്യമങ്ങളില്‍ ആശങ്കയോടെ ചര്‍ച്ച ചെയ്യപ്പെടാനിടയാക്കിയത് ഈ മുന്‍വിധിയാണ്. ഹിന്ദുത്വ സംഘടനകളാണ് ഇതിന്റെ ആസുത്രകരെന്ന് ബോധ്യപ്പെട്ടിട്ടും അവരെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ രാജ്യത്തെ പൊതുധാരാ മാധ്യമങ്ങളും വക്താക്കളും വിമുഖത പ്രകടിപ്പിക്കുന്നുവെന്നതാണ് ഏറ്റവും ദുഃഖകരം. വര്‍ഗീയ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ എപ്പോഴെങ്കിലും നേര്‍വഴിക്കു നീങ്ങുകയും മുസ്‌ലിം തീവ്രവാദികളില്‍ നിന്ന് ഹിന്ദുത്വ ഭീകരരിലേക്ക് മുന നീളുകയും ചെയ്താല്‍ അന്വേഷണം പെട്ടെന്ന് മരവിക്കുന്നതും ഇതിന്റെ പരിണതിയാണ്. ഹിന്ദുത്വ ശക്തികള്‍ ഉയര്‍ത്തിവിട്ട ഇസ്‌ലാമോഫോബിയ പൊതുധാരയില്‍ അത്രയും ആഴത്തിലാണ് വേരൂന്നിയത്. സര്‍ക്കാറിന്റെയും അന്വേഷണ ഏജന്‍സികളുടെയും തെറ്റായ ഈ നിലപാട് തിരുത്തുകയും ഹിന്ദുത്വ ഭീകരത ശക്തമായ നിരീക്ഷണത്തിന് വിധേയമാക്കുകയുമാണ് അവരുടെ മുന്നേറ്റത്തിന് തടയിടാനും വര്‍ഗീയാസ്വാസ്ഥ്യങ്ങള്‍ നിയന്ത്രിക്കാനുമുള്ള മാര്‍ഗം. മൃദുഹിന്ദുത്വ സമീപനത്തിന്റെ പേരില്‍ ഇനിയും അയഞ്ഞ നിലപാട് തുടര്‍ന്നാല്‍ ഗുരുതരമായ ഭവിഷ്യത്ത് രാജ്യം അനുഭവിക്കേണ്ടി വരും.

ALSO READ  യെസ് ബേങ്കിന്റെ തകര്‍ച്ചയും ബേങ്കിംഗ് മേഖലയും