കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ കര്‍ഷകരില്‍ നിന്ന് പണം പിരിക്കുന്നെന്ന്

Posted on: April 28, 2014 11:19 am | Last updated: April 28, 2014 at 11:19 am

കാളികാവ്: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ നിന്ന് കാര്‍ഷിക മേഖലയെ ഒഴിവാക്കാനെന്ന പേരില്‍ പഞ്ചായത്ത് അധികൃതര്‍ നടത്തുന്ന പണപ്പിരിവിനെതിരെ സി പി എം രംഗത്ത്. ചോക്കാട് പഞ്ചായത്ത് പ്രസിഡന്റിന്റെ നടപടിക്കെതിരെയാണ് സി പി എം ലോക്കല്‍ കമ്മറ്റി രംഗത്ത് വന്നിട്ടുള്ളത്.
വനാതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളിലെ കര്‍ഷകരില്‍ നിന്നാണ് പണം വാങ്ങിയിട്ടുള്ളത്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ നിന്ന് ഒഴിവാക്കാന്‍ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ ഭൂപടം തയ്യാറാക്കുന്നതിന് വേണ്ടി വരുന്ന ചിലവിലേക്കാണ് പണം ഈടാക്കുന്നത്. മറ്റ് പഞ്ചായത്തുകള്‍ ഇതിന് വേണ്ട ചിലവ് സ്വന്തമായി വഹിക്കുമ്പോഴാണ് ചോക്കാട് പഞ്ചായത്ത് ഇതിന് വേണ്ടി പണം പിരിക്കുന്നത്.
പതിറ്റാണ്ടുകളോളം കൈവശം വെച്ച് പോരുകയും റബ്ബര്‍, വാഴ, കമുങ്ങ്, തെങ്ങ്, തുടങ്ങിയ കൃഷികള്‍ ചെയ്ത് പോരുകയും ചെയ്യുന്ന സ്ഥലങ്ങള്‍ വനമായി മാറുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. കര്‍ഷകരുടെ ആവശ്യത്തെ ചൂഷണം ചെയ്താണ് പഞ്ചായത്ത് പ്രസിഡന്റും സംഘവും പണം പിരിക്കുന്നതെന്ന് സി പി എം ആരോപിച്ചു. സി പി എം ചോക്കാട് ലോക്കല്‍ സെക്രട്ടറി ടി സുരേഷ്‌കുമാര്‍, ഏരിയാ സെന്റര്‍ അംഗം ഇ പത്മാക്ഷന്‍, എം കെ അഹമ്മദ് കുട്ടി എന്നിവര്‍ പറഞ്ഞു. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. എന്നാല്‍ 29 ന് മുമ്പായി റിപ്പോര്‍ട്ട് അയക്കണമെന്ന ജില്ലാ കലക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍ക്കുള്ള കൂലി കൊടുക്കാനാണ് പണം വാങ്ങിയതെന്നും, കലക്ടറേറ്റില്‍ നിന്ന് ഇതിനുള്ള ചിലവ് കിട്ടുന്നില്ലെന്നും ചോക്കാട് പഞ്ചായത്ത് പ്രസിഡന്റ് ആനിക്കോട്ടില്‍ ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
എല്ലാ കര്‍ഷകരില്‍ നിന്നും പണം വാങ്ങിയിട്ടില്ലെന്നും വന്‍കിടക്കാരില്‍ നിന്ന് മാത്രമാണ് പണം വാങ്ങിയിട്ടുള്ളതെന്നും ഞായറാഴ്ച അടക്കമുള്ള ദിവസങ്ങളില്‍ ജോലി എടുത്താണ് ഭൂപടം തയ്യാറാക്കുന്നത് പൂര്‍ത്തീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇതിന് പ്രത്യേകം ചിലവൊന്നും വരുന്നില്ലെന്നും പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ രണ്ട് ദിവസം ഈ ജോലി മാത്രം ചെയ്താണ് കാളികാവ് പഞ്ചായത്തില്‍ ഭൂപടം തയ്യാറാക്കിയതെന്നും പഞ്ചായത്ത് പ്രസിഡന്റ് ആലിപ്പറ്റ ജമീല പറഞ്ഞു.