Connect with us

Wayanad

പൂക്കളുടെ മഹോത്സവത്തിന് ഊട്ടി ഒരുങ്ങി

Published

|

Last Updated

ഗൂഡല്ലൂര്‍: ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഊട്ടി പുഷ്പമഹോത്സവം മെയ് അവസാന വാരം നടക്കും. ഇതിനായി ഊട്ടി നഗരം ഒരുങ്ങിക്കഴിഞ്ഞു. പച്ച വിരിച്ച പരവതാനിയില്‍ വിവിധ വര്‍ണ വിസ്മയക്കാഴ്ചകള്‍ തീര്‍ക്കുകയാണിവിടെ. ചരിത്രത്തില്‍ ഇടം നേടിയ പുഷ്പനഗരിയിലേക്ക് വിനോദസഞ്ചാരികളുടെ പ്രവാഹമാണ്.
പതിനായിരക്കണക്കിന് പുഷ്പങ്ങളുടെ വൈവിധ്യമൊരുക്കിയാണ് ഇത്തവണ ഊട്ടി സഞ്ചാരികളുടെ മനം കവരുക. തമിഴ്‌നാട് ഗവര്‍ണറുടെ വേനല്‍കാല വസതിയോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്നതാണ് സസ്യോദ്യാനം. അടുത്ത മാസം 23, 24, 25 തീയതികളിലാണ് 118ാമത് പുഷ്പ മേള നടക്കുന്നത്. സംസ്ഥാന കൃഷിവകുപ്പ്, ടൂറിസം വകുപ്പ്, ജില്ലാ ഭരണകൂടം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മേള.
ബംഗളൂരു, മൈസൂര്‍ എന്നിവിടങ്ങളില്‍ നിന്നും വിദേശത്ത് നിന്നുമാണ് മഹോത്സവത്തിനായുള്ള പൂക്കളുടെ ശേഖരം എത്തിയിരിക്കുന്നത്. ചെന്നൈ സെക്രട്ടേറിയറ്റ്, രാജ്ഭവന്‍, പാര്‍ലിമെന്റ്, പ്രാവുകള്‍, വിവിധതരം പക്ഷികള്‍ തുടങ്ങിയവയുടെ മാതൃകകള്‍ പൂക്കളില്‍ തീര്‍ക്കും. മലകളുടെ റാണിയായ നീലഗിരിക്ക് ഇത് വസന്തത്തിന്റെ കാലമാണ്. വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്മാരാണ് പുഷ്പങ്ങള്‍ കൊണ്ട് വര്‍ണവിസ്മയം തീര്‍ക്കുക.
ജര്‍ബറ, ലില്ലിയം, ഡാലിയ, കാര്‍ണീഷ്യം, മേരിഗോള്‍ഡ് തുടങ്ങിയ ഇനങ്ങളിലെ പൂക്കള്‍കൊണ്ടാണ് കലാരൂപങ്ങള്‍ സൃഷ്ടിക്കുന്നത്. പുഷ്പമേളയുടെ ഒരുക്കങ്ങള്‍ തുടങ്ങിയതായി തമിഴ്‌നാട് ടൂറിസം വകുപ്പ് അധികൃതര്‍ അറിയിച്ചു. ദിനംപ്രതി ആയിരക്കണക്കിന് സഞ്ചാരികളാണ് ഊട്ടിയില്‍ എത്തുന്നത്. 1847ല്‍ ബ്രിട്ടീഷുകാരാണ് സസ്യോദ്യാനം സ്ഥാപിച്ചത്. 22 ഹെക്ടര്‍ വിസ്തൃതിയുള്ള സ്ഥലത്ത് 3500ല്‍പ്പരം ഇനങ്ങളിലെ സസ്യങ്ങളാണ് വളരുന്നത്. വിദേശ സസ്യങ്ങളും ഇവിടെ വളരുന്നുണ്ട്. മെയ് 3, 4 തിയതികളില്‍ കോത്തഗിരി നെഹ്‌റു പാര്‍ക്കില്‍ ഏഴാമത് പച്ചക്കറി മേള നടക്കും. മെയ് 10, 11 തിയതികളില്‍ ഊട്ടി വിജയനഗരം റോസ് ഗാര്‍ഡനില്‍ പതിനൊന്നാമത് റോസാപൂ പ്രദര്‍ശനം നടക്കും. മെയ് 17, 18 തീയതികളില്‍ കുന്നൂര്‍ സിംസ് പാര്‍ക്കില്‍ അന്‍പത്തിയാറാമത് പഴവര്‍ഗമേള നടക്കും. മെയ് 31ന് ഗൂഡല്ലൂരില്‍ അഞ്ചാമത് സുഗന്ധ്യവ്യഞ്ജന പ്രദര്‍ശനമേളയും നടക്കും. വേനല്‍ ചൂട് ശക്തമായതോടെ വേനലവധി ആഘോഷിക്കാനായി പുഷ്പ മേളക്ക് മുമ്പ് തന്നെ ഊട്ടിയിലേക്ക് ആയിരക്കണക്കിന് സഞ്ചാരികളാണ് എത്തുന്നത്. കേരളത്തില്‍ നിന്നുള്ള സഞ്ചാരികളാണ് ഏറെയും.

Latest