കേരളത്തിലെ മാമ്പഴ ഉത്പാദനം ഇരുപത് ശതമാനമായി ചുരുങ്ങി

Posted on: April 28, 2014 11:11 am | Last updated: April 28, 2014 at 11:11 am

mangoകണ്ണൂര്‍: ഉയര്‍ന്ന ചൂടുമൂലം സംസ്ഥാനത്തെ മാങ്ങ ഉത്പാദനത്തില്‍ ഇക്കുറിയും ഗണ്യമായ കുറവ്. ആഗോള വിപണിയില്‍ നേരത്തെയെത്തി പണം കൊയ്യുന്ന കേരളത്തിലെ മുന്തിയ ഇനം മാങ്ങകളുടെ ഉത്പാദനത്തില്‍ ഇതുവരെ ഒരിക്കലുമുണ്ടാകാത്ത വിധത്തിലുള്ള കുറവാണ് ഇത്തവണയുണ്ടായത്.

ഏറ്റവും കൂടുതല്‍ മാങ്ങ ഉത്പാദിപ്പിക്കുന്ന പാലക്കാട് ജില്ലയിലാണ് കാലാവസ്ഥാ വ്യതിയാനം മാവുകളെ കാര്യമായി ബാധിച്ചത്. കാസര്‍കോട്, കണ്ണൂര്‍, തൃശൂര്‍ ജില്ലകളിലും മാമ്പഴ ഉത്പാദനത്തിലുണ്ടായ വലിയ കുറവ് ഇതുമായി ബന്ധപ്പെട്ട് ജീവിക്കുന്ന നൂറുകണക്കിന് കര്‍ഷകര്‍ക്ക് തിരിച്ചടിയായി.
കാലാവസ്ഥാ മാറ്റവും കടുത്ത ചൂടും കേരളത്തിലെ കൃഷിക്കാരെ മൊത്തത്തില്‍ ബാധിക്കുന്ന പ്രശ്‌നമാണെങ്കിലും പ്രതിവര്‍ഷം 400 കോടി രൂപയുടെ മാമ്പഴ കയറ്റുമതി ചെയ്യുന്ന പാലക്കാട് ജില്ലയെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചത്.
പാലക്കാട്ടെ മുതലമട, കൊല്ലങ്കോട് പഞ്ചായത്തുകളില്‍പ്പെട്ട ഏതാണ്ട് 4000 ഹെക്ടറിലധികം വരുന്ന കൃഷിയിടങ്ങളില്‍ ഇത്തവണയുണ്ടായ വിളശോഷണം കനത്ത സാമ്പത്തിക നഷ്ടമാണുണ്ടാക്കിയതെന്ന് കൃഷി വകുപ്പ് വിലയിരുത്തുന്നു. 20 ശതമാനമായി മാമ്പഴ ഉത്പാദനം ഇവിടെ കുറഞ്ഞതായാണ് വിലയിരുത്തപ്പെടുന്നത്.
സേലം കഴിഞ്ഞാല്‍ ഏഷ്യയില്‍ ഏറ്റവുമധികം മാമ്പഴം കൃഷി ചെയ്യുന്ന ഇവിടെ നിന്ന് വിവിധ തരത്തിലുള്ള 45,000 ടണ്‍ മാമ്പഴമാണ് വിവിധയിടങ്ങളിലേക്ക് കയറ്റിയയക്കുന്നത്. മുതലമടയുടെ മാത്രം പ്രത്യേകതയായ സിന്ദൂരം, അല്‍ഫോണ്‍സ, കിളിമൂക്കന്‍, നീലന്‍, ബന്‍ഗനപ്പള്ളി മാങ്ങകള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുമെല്ലാം വന്‍ ആവശ്യക്കാരാണുള്ളത്.
ഏപ്രില്‍ അവസാനം വരെ ഇവിടെ നിന്ന് മാങ്ങ പറിച്ചെടുത്ത് വിപണിയിലെത്തിക്കും. ഇത്തവണ അല്‍ഫോണ്‍സ, ബന്‍ഗനപ്പള്ളി, സിന്ദൂരം പോലുള്ള മാങ്ങകള്‍ക്ക് കിലോക്ക് 200 ഉം കിളിമൂക്കന്‍, തോട്ടാപ്പൂരി പോലുള്ളവക്ക് 75 രൂപ വരെയും വില ലഭിച്ചിരുന്നു.
വിപണിയില്‍ ഇത് നല്ല വിലയായിരുന്നുവെങ്കിലും കയറ്റിയയക്കാന്‍ മാങ്ങ ലഭിച്ചില്ല. കടുത്ത ചൂടായതിനാല്‍ വിളവെത്തും മുമ്പേ മാങ്ങയുടെ ആകൃതി മാറി ചുരുണ്ട് കേടുവന്ന് വീഴുകയായിരുന്നുവെന്ന് മുതലമടയിലെ കര്‍ഷകനായ കെ ശിവാനന്ദന്‍ പറഞ്ഞു. നഷ്ടം കൂടിയ സാഹചര്യത്തില്‍ ഇവിടുത്തെ കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ വര്‍ഷവും മഴയെ ആശ്രയിച്ചാണ് മാവ് പൂക്കുന്നത്. മഴയുടെ ദൗര്‍ലഭ്യം മൂലം മാവുകള്‍ ഡിസംബര്‍ മാസത്തില്‍ പൂക്കാന്‍ തുടങ്ങിയില്ലെന്ന് മാത്രമല്ല, ഉണ്ടായ പൂവുകള്‍ കൊഴിഞ്ഞുപോകുകയും ചെയ്തു. മാങ്ങയെ മാത്രം ആശ്രയിച്ചുപോകുന്ന ഇവിടുത്തെ കര്‍ഷകര്‍ക്ക് കാലാവസ്ഥ ചതിച്ചതോടെ സീസണ്‍ പകുതിയായപ്പോള്‍ തന്നെ ഉണ്ടായ നഷ്ടം 60 കോടി കവിയുമെന്നാണ് പറയുന്നത്. കാസര്‍കോടന്‍, പുളിയന്‍, ചെനയന്‍, ഗോമാങ്ങ, നാരന്‍ തുടങ്ങി നാട്ടുപേരിലറിയപ്പെടുന്ന കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലും മാങ്ങ ഉത്പാദനം തീര്‍ത്തും കുറഞ്ഞതായാണ് കണക്കാക്കുന്നത്. മാമ്പഴത്തില്‍ കണ്ണൂരിന്റെ രുചിക്കൂട്ടായ കുറ്റിയാട്ടൂര്‍ മാങ്ങയുടെ ഉത്പാദനവും വന്‍തോതില്‍ കുറഞ്ഞു.
കണ്ണൂര്‍ ജില്ലയില്‍ പ്രതിവര്‍ഷം 4050 കോടി രൂപയുടെ കുറ്റിയാട്ടൂര്‍ മാങ്ങയാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. കുറ്റിയാട്ടൂര്‍ പഞ്ചായത്തില്‍ മാത്രം 20 കോടിയുടെ മാങ്ങ ലഭിക്കാറുണ്ട്. 300 ഹെക്ടറിലായി ഇവിടെ ഏഴായിരം ടണ്‍ മാങ്ങ ഉത്പാദിപ്പിക്കുന്നുണ്ട്. ഏറ്റവും അടുത്ത കാലത്തായി വിദേശത്തേക്ക് കൂടി കയറ്റിയയക്കുന്ന കുറ്റിയാട്ടൂര്‍ മാങ്ങയുടെ ഉത്പാദനത്തെയും ചൂട് തന്നെയാണ് ബാധിച്ചത്.
രാത്രികാലത്ത് നല്ല തണുപ്പും പകല്‍ ചൂടുമാണ് മാവ് നന്നായി പൂത്ത് കായ്ക്കാന്‍ വേണ്ട കാലാവസ്ഥ. എന്നാല്‍ പകലും രാത്രിയും ഒരു പോലെ ചൂടുണ്ടാകുകയും ഇടമഴ പെയ്യേണ്ട കാലത്ത് പെയ്യാതിരിക്കുകയുമെല്ലാം ചെയ്യുന്നതാണ് മാവ് കൃഷിയെ കാര്യമായി ബാധിക്കുന്നത്. കേരളത്തിലെ ഉത്പാദനക്കുറവ് കണക്കിലെടുത്ത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉത്പാദിപ്പിക്കുന്ന മാങ്ങകള്‍ ഇവിടേക്ക് വ്യാപകമായി ഇറക്കുമതി ചെയ്തു തുടങ്ങിയിട്ടുണ്ട്.
അതേസമയം, മാങ്ങ പഴുപ്പിക്കാനും കേടാകാതിരിക്കാനുമെല്ലാം ഉപയോഗിക്കുന്ന കാത്സ്യം കാര്‍ബൈഡ്, എത്രാല്‍ സ്‌പ്രേ എന്നിവ ഇത്തരത്തില്‍ ഇറക്കുമതി ചെയ്യുന്ന മാമ്പഴങ്ങളില്‍ വ്യാപകമായുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.