യൂക്കാലിപ്റ്റസും അക്കേഷ്യയും ഒഴിവാക്കുന്ന പദ്ധതിയില്‍ മരവിപ്പ്

Posted on: April 25, 2014 2:14 am | Last updated: April 25, 2014 at 12:14 am

കല്‍പ്പറ്റ: വരള്‍ച്ചയും കാലാവസ്ഥാ വ്യതിയാനവും സജീവ ചര്‍ച്ചയായ വയനാടന്‍ വനഭൂമിയില്‍ നിന്ന് യൂക്കാലിപ്റ്റസും അക്കേഷ്യയും ഒഴിവാക്കുന്ന പദ്ധതി നടത്തിപ്പില്‍ മരവിപ്പ്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തേക്ക് തോട്ടങ്ങളും യൂക്കാലിപ്റ്റസും അക്കേഷ്യയുമെല്ലാം വലിയ തോതിലുള്ള വരള്‍ച്ചയ്ക്കും മണ്ണിലെ ഈര്‍പ്പം നഷ്ടപ്പെടുന്നതിനും ഇടയാക്കുമെന്ന തിരിച്ചറിവ് സാധാരണക്കാര്‍ക്ക് പോലുമുണ്ട്. ജില്ലയിലെ മൊത്തം വന വിസ്തൃതിയില്‍ മൂന്നിലൊന്നോളം സര്‍ക്കാര്‍ തന്നെ വെച്ചുപിടിപ്പിച്ച തേക്ക് പ്ലാന്റേഷനാണ്. നിക്ഷിപ്ത വനഭൂമിയിലും റിസര്‍വ് വനങ്ങളിലെ ചതുപ്പ് ഭാഗങ്ങളിലുമെല്ലാം മുന്‍പ് നട്ടുപിടിപ്പിച്ച യൂക്കാലിപ്റ്റസുമുണ്ട്.
ലോക ബേങ്ക് സഹായത്തോടെ നടപ്പാക്കിയ സാമൂഹിക വനവല്‍ക്കരണത്തിന്റെ ഭാഗമായാണ് വ്യാപകമായ തോതില്‍ അക്കേഷ്യമരങ്ങളും നട്ടുപിടിപ്പിച്ചത്. ആസ്മ പോലുള്ള രോഗങ്ങള്‍ക്ക് കാരണമാവുന്ന അക്കേഷ്യ മരങ്ങള്‍ക്ക് എതിരെ തുടക്കം മുതല്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ബാണാസുരസാഗര്‍ മലകളില്‍ സാമൂഹിക വനവല്‍ക്കരണ വിഭാഗം നട്ടുപിടിപ്പിച്ച അക്കേഷ്യമരങ്ങള്‍ വെട്ടിക്കൊണ്ട് പ്രതിഷേധ സമരം നടത്തിയ സംഭവവും ഉണ്ടായിട്ടുണ്ട്.
പ്രധാന പാതയോരങ്ങളിലും സാമൂഹിക വനവല്‍ക്കരണ വിഭാഗം അക്കേഷ്യമരങ്ങള്‍ നട്ടിരുന്നു.
മുത്തങ്ങവനത്തിലും തരിയോട് ലേഡീസ് സ്മിത്ത് വനത്തിലും തോല്‍പ്പെട്ടിയിലെ തേക്ക് പ്ലാന്റേഷനിലുമാണ് യൂക്കാലിപ്റ്റസ് കൂടുതലായുള്ളത്. അക്കേഷ്യ ഏറ്റവും കൂടുതല്‍ നട്ടിട്ടുള്ളത് തരിയോട് വനത്തിലാണ്. കുപ്പാടി മുതല്‍ മരക്കടവ് വരെ നീണ്ടുകിടക്കുന്നതാണ് വനം വകുപ്പിന്റെ അധീനതയിലുള്ള ഏറ്റവും വലിയ തേക്ക് പ്ലാന്റേഷന്‍. കാട്ടിക്കുളം മുതല്‍ തിരുനെല്ലി വരെ വ്യാപിച്ചുകിടക്കുന്ന തേക്കുതോട്ടവും വനം വകുപ്പിന് കീഴിലുണ്ട്. യൂക്കാലിപ്റ്റസും അക്കേഷ്യയുമാണ് മണ്ണില്‍ നിന്ന് ഏറ്റവും കൂടുതല്‍ ജലം വലിച്ചെടുക്കുന്ന മരങ്ങള്‍. ചതുപ്പ് കരഭൂമിയാക്കാന്‍ ബ്രിട്ടീഷുകാര്‍ തന്നെയാണ് യൂക്കാലിപ്റ്റസ് മരങ്ങള്‍ വയനാട്ടില്‍ എത്തിച്ചിട്ടുള്ളത്. പിന്നീട് ഗ്വാളിയോര്‍റയേണ്‍സിന് വേണ്ടിയും വയനാടന്‍ വനങ്ങളില്‍ യൂക്കാലിപ്റ്റസ് വ്യാവസായിക അടിസ്ഥാനത്തില്‍ നട്ടുപിടിപ്പിച്ചു. ഈ മൂന്ന് മരങ്ങളും ഉണ്ടാക്കുന്ന കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതി പ്രശ്‌നങ്ങളും ഇപ്പോള്‍ സാധാരണക്കാര്‍ക്കിടയില്‍ പോലും സജീവ ചര്‍ച്ചയാണ്. തരിയോട് നിക്ഷിപ്ത വനത്തില്‍നിന്ന് യൂക്കാലിപ്റ്റസും അക്ക്വേഷ്യയും ഒഴിവാക്കാനുള്ള പദ്ധതികള്‍ക്ക് വനം വകുപ്പ് തുടക്കം കുറിച്ചെങ്കിലും അത് തരിയോട് ഭാഗത്ത് മാത്രമായി ഒതുങ്ങി. ഈ മരങ്ങള്‍ക്ക് പകരമായി മുള്ളില്ലാ മുളകളും ഔഷധച്ചെടികളും ഇരുമ്പകവും വനത്തില്‍ നട്ടുപിടിപ്പിക്കുന്ന പദ്ധതി കഴിഞ്ഞ വര്‍ഷമാണ് തരിയോട് ലേഡിസ്മിത്ത് വനത്തില്‍ ആരംഭിച്ചത്. സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള തരിയോട് വനമേഖലയില്‍ 1351 ഹെക്റ്റര്‍ നിക്ഷിപ്ത വനമാണുള്ളത്. ഇതില്‍ 300 ഹെക്റ്ററോളം പ്രദേശത്താണ് 1990കളില്‍ അക്കേഷ്യ മരം വച്ചുപിടിപ്പിച്ചത്. പ്രകൃതിജലം ഊറ്റിയെടുക്കുന്ന അക്കേഷ്യക്ക് എതിരെ തുടക്കത്തില്‍തന്നെ പ്രതിഷേധമുയര്‍ന്നെങ്കിലും വനംവകുപ്പോ സര്‍ക്കാരോ പരിഗണിച്ചിരുന്നില്ല. തൈനട്ട് ആറാംവര്‍ഷം പിന്നെ 12-ാം വര്‍ഷവുംം 18ാം വര്‍ഷവും മൂന്നു തവണയായി സെലക്ഷന്‍ ഫെല്ലിംഗ് നടത്താമെന്നാണ് കണക്ക്. കഴിഞ്ഞ വര്‍ഷം 110 ഏക്കറില്‍ രണ്ടാംഘട്ടം അക്കേഷ്യ മരംമുറി നടന്നു. ഈ പ്രദേശത്തെ ജലസമ്പത്ത് അക്കേഷ്യ മരങ്ങള്‍ മൂലം ഗണ്യമായി കുറയുന്നതായി ബോധ്യപ്പെട്ടിരുന്നു. ബാണാസുര റിസര്‍വോയറിലെ ജലനിരപ്പിനെയും ഇതിനോട് ചേര്‍ന്നുള്ള വനഭൂമിയിലെ അക്കേഷ്യ മരങ്ങള്‍ ബാധിക്കുന്നതായി കെണ്ടത്തിയിരുന്നു. പൊതു മേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ പേപ്പര്‍മില്ലിലേക്കാണ് അക്കേഷ്യ മരങ്ങള്‍ മുറിച്ചുകൊണ്ടുപോവുന്നത്. മുറിക്കുന്ന ഭാഗത്ത് തുടര്‍ന്നും അക്കേഷ്യ നട്ടുപിടിപ്പിക്കരുതെന്ന പ്രദേശവാസികളുടെ ആവശ്യം കൂടി പരിഗണിച്ചാണ് ഈ മരം സംരക്ഷിക്കേണ്ടതില്ലെന്ന് 2010ല്‍ വനംവകുപ്പ് ഉത്തരവിറക്കിയത്.
കാട്ടാനശല്യം പ്രദേശത്ത് രൂക്ഷമായ സാഹചര്യം കൂടി പരിഗണിച്ചാണ് വനംമേഖലയുടെ ബെല്‍ട്ട് ഏരിയകളില്‍ മുള്ളില്ലാ മുളകള്‍ വച്ചുപിടിപ്പിക്കാന്‍ വനംവകുപ്പും ബാംബു കോര്‍പറേഷനും ധാരണയായത്. ഇതിനായി ജില്ലയില്‍ ുള്ളില്ലാമുളയുടെ നഴ്‌സറിയി തയ്യാറാക്കി. കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നും ഷിമോഗയില്‍നിന്നുമാണ് ഇതിന്റെ മദര്‍ ബെഡുകള്‍ കൊണ്ടുവന്നത്. 45,000 തൈകള്‍ ആദ്യ വര്‍ഷം വെച്ചുപിടിപ്പിക്കാനായിരുന്നു ലക്ഷ്യമിട്ടത്. എന്നാല്‍ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. പശ്ചിമഘട്ട വികസനപദ്ധതിയുടെ ഫണ്ടുപയോഗിച്ച് 30,000 ഇരുമ്പകം തൈകള്‍ നടാനും പദ്ധതിയിട്ടിരുന്നു. തരിയോട് എലിക്കയിലാണ് ഒരുകാലത്ത് വയനാട്ടില്‍ സുലഭമായിരുന്ന ഇരുമ്പകം നട്ടിട്ടുള്ളത്. റെയില്‍വേ സ്ലീപ്പറുകള്‍ക്കായി ഉപയോഗിക്കുന്ന ബലം കൂടിയ മരമാണ് ഇരുമ്പകം. മരത്തില്‍നിന്നുതന്നെ മുളപൊട്ടി വീഴുന്ന ഇരുമ്പകത്തിന്റെ വിത്തുശേഖരണം പ്രയാസകരമാണ്. കൊട്ടിയൂര്‍, ചന്ദനത്തോട്, വെട്ടുതോട് തുടങ്ങിയ സ്ഥലങ്ങളില്‍നിന്നാണ് ഇതിന്റെ വിത്തുകള്‍ ശേഖരിച്ചത്. കല്‍പറ്റ റെയ്ഞ്ചിലെ സുഗന്ധഗിരി സെക്ഷനിലും ഇരുമ്പകം നട്ടിട്ടുണ്ട്. എന്നാല്‍ തേക്കും യൂക്കാലിപ്റ്റസും വരള്‍ച്ചയ്ക്ക് ആക്കംകൂട്ടിയ കുപ്പാടി മുതല്‍ മരക്കടവ് വരകെ നീണ്ടുകിടക്കുന്ന വനഭൂമിയില്‍ ഈ പദ്ധതി നടപ്പാക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല.