Connect with us

Wayanad

സംഘ ശക്തി തെളിയിച്ച മലനാടന്‍ കൂട്ടായ്മ

Published

|

Last Updated

കല്‍പ്പറ്റ: കേരളീയ മുസ്്‌ലിം മുന്നേറ്റത്തില്‍ അറുപതാണ്ട് പിന്നിട്ട സമസ്ത കേരള സുന്നീയുവജന സംഘത്തിന്റെ വാര്‍ഷിക പ്രഖ്യാപന സമ്മേളനം വയനാടിന്റെ ചരിത്ര താളുകളില്‍ പുതിയ അധ്യായം രചിക്കുന്നതായി.
പ്രഖ്യാപനത്തെ നെഞ്ചിലേറ്റാന്‍ സംസ്ഥാനത്തെ വിവിധ സോണുകളില്‍ നിന്നും ഇന്നലെ ഉച്ചയോടെതന്നെ പ്രവര്‍ത്തകര്‍ പ്രത്യേകം സംഘടിപ്പിച്ച വാഹനങ്ങളിലും മറ്റുമായി എത്തിയിരുന്നു.
വൈകുന്നേരത്തോടെ വിവിധ സോണുകളില്‍ പ്രത്യേക ക്ഷണിക്കപ്പെട്ടവരും ജില്ലക്കകത്തും നിന്നും എത്തിയ പ്രവര്‍ത്തകരെയും ഉള്‍ക്കൊള്ളാനാകാതെ നഗരി വീര്‍പ്പുമുട്ടി.
പ്രകൃതി സുന്ദരമായ കല്‍പറ്റ ബൈപാസിന്റെ ഓരത്താണ് വിശാലമായ വേദി ഒരുക്കിയിരുന്നത്. ചരിത്രത്തിലെ മറ്റൊരു മുന്നേറ്റമാകുന്നതിന്റെ കരുത്ത് തെളിയിക്കുകയായിരുന്നു സമ്മേളനം. സദസ്സിന്റെ അച്ചടക്കം ഏവരെയും ആകര്‍ഷിച്ചു.
നഗരിയില്‍ സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍ പതാക ഉയര്‍ത്തി. അഞ്ച് മണിയോടെ വേദിയിലെത്തിയ നേതാക്കളെ ബൈത്തുകളുടെ ഈരടികളോടെയാണ് പ്രവര്‍ത്തകര്‍ എതിരേറ്റത്. സയ്യിദലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തി. മഗ്‌രിബ് നിസ്‌കാരം പന്തലില്‍ നിന്നു നിര്‍വഹിച്ചു. തുടര്‍ന്ന് കാന്തപുരം ഉസ്താദ് സമ്മേളന പ്രഖ്യാപനം നടത്തി. പ്രഖ്യാപനം തക്ബീര്‍ ധ്വനികളോടെ പ്രവര്‍ത്തകര്‍ ഏറ്റെടുത്തു. സംഗമംമറ്റു സമ്മേളനങ്ങളില്‍ നിന്നും വേറിട്ട അനുഭവം പ്രവര്‍ത്തകരിലുണ്ടാക്കി.
സയ്യിദ് ഖലീലുല്‍ ബുഖാരി, എസ് വൈ എസ് സംസ്ഥാന അധ്യക്ഷന്‍ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്്‌ലിയാര്‍, പേരോട് അബ്ദുര്‍റഹ്്മാന്‍ മുസ്്്‌ലിയാര്‍, വണ്ടൂര്‍ അബ്ദുര്‍റഹ്്മാന്‍ ഫൈസി, സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി, കെ കെ അഹമ്മദ്കുട്ടി മുസ്്്‌ലിയാര്‍, വി പി എം ഫൈസി വില്ല്യാപള്ളി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, കെ അബ്ദുല്‍ കലാം,പി ഹസന്‍ ഉസ്താദ് തുടങ്ങിയ നേതാക്കളുടെയും സാന്നിധ്യം വേദിയെ സമ്പന്നമാക്കി.
ജില്ലയിലെ സാന്ത്വനം വളണ്ടിയര്‍മാരുടെ പ്രവര്‍ത്തനവും സമ്മേളനത്തിന് മുതല്‍കൂട്ടായി. സമ്മേളനത്തിനുള്ള ഒരുക്കങ്ങളും പ്രചാരണങ്ങളും വളരെ ചുരുങ്ങിയ സമയത്തിനുള്ള വളരെ ശാസ്ത്രീയമായ രീതിയില്‍ ഒരുക്കാനും സംഘാടക സമിതിയും നേതാക്കളും പരിശ്രമിച്ചത് പ്രശംസിക്കപ്പെടുന്നതായി.
ജില്ലയില്‍ ആദ്യമായെത്തിയ സംസ്ഥാന പ്രഖ്യാപനം ചരിത്ര സംഭവമാക്കാന്‍ സുന്നീ സംഘ കുടുംബം ഒന്നായി ഏറ്റെടുത്തതോടെ സംഗമം ഐതിഹാസികമാകുകയായിരുന്നു.
മലപ്പുറം താജുല്‍ഉലമ നഗറില്‍ 2015 ഫെബ്രുവരി 27,28. മാര്‍ച്ച് ഒന്ന് തീയതികളില്‍ നടക്കുന്ന സമാപന സമ്മേളന പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമെന്ന പ്രതിജ്ഞയോടെയാണ് പ്രഖ്യാപന സമ്മേളനത്തില്‍ നിന്നും ആവേശം ഉള്‍ക്കൊണ്ട് പ്രവര്‍ത്തകര്‍ വേദി വിട്ടത്. ഇനി ഒരു വര്‍ഷക്കാലം എസ് വൈ എസിനായി സമര്‍പ്പിക്കാന്‍.