ഉത്തര കൊറിയ ആണവ പരീക്ഷണ ടണല്‍ അടച്ചുപൂട്ടി

Posted on: April 25, 2014 2:09 am | Last updated: April 25, 2014 at 12:09 am

പ്യോംഗ്യാംഗ്: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ രണ്ട് ദിവസത്തെ ഏഷ്യന്‍ സന്ദര്‍ശനത്തിന്റെ മുന്നോടിയായി ഉത്തര കൊറിയ ആണവ പരീക്ഷണ ടണല്‍ അടച്ചുപൂട്ടി. ഉത്തര കൊറിയ നാലാമത്തെ ആണവ പരീക്ഷണത്തിന് തയ്യാറായിക്കൊണ്ടിരിക്കുകയാണെന്ന് കഴിഞ്ഞ ആഴ്ച ദക്ഷിണ കൊറിയയുടെ പ്രതിരോധ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഉത്തരകൊറിയയുടെ ആണവ പരീക്ഷണ സ്ഥലങ്ങളില്‍ വര്‍ധിച്ചുവരുന്ന പ്രവര്‍ത്തനങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു ആഭ്യന്തര മന്ത്രാലയത്തിന്റെ ഈ മുന്നറിയിപ്പ്.
ഡിറ്റനേറ്റര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ ആണവ പരീക്ഷണ ടണലിനുള്ളില്‍ വെച്ചതിന് ശേഷമാണ് ടണല്‍ അടച്ചുപൂട്ടിയിരിക്കുന്നതെന്ന് അധികൃതര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. രഹസ്യാന്വേഷണ വിഭാഗങ്ങളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ദക്ഷിണ കൊറിയ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം എപ്പോഴാണ് ആണവ ടണല്‍ അടച്ചുപൂട്ടിയതെന്ന് കൃത്യമായ സമയം പറയാനാകില്ലെന്നും ദക്ഷിണ കൊറിയന്‍ അധികൃതര്‍ പറഞ്ഞു.
2006, 2009,2013 വര്‍ഷങ്ങളില്‍ ഉത്തരകൊറിയ ആണവ പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. ഒബാമയുടെ ഏഷ്യന്‍ സന്ദര്‍ശനത്തെ അപകടകരമായ നീക്കമെന്നാണ് നേരത്തെ ഉത്തര കൊറിയ വിശേഷിപ്പിച്ചിരുന്നത്. ഇത് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സംഘര്‍ഷം വര്‍ധിപ്പിക്കുമെന്നും ഉത്തര കൊറിയ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം, ഉത്തരകൊറിയയുടെ പ്രവര്‍ത്തനങ്ങള്‍ പതിറ്റാണ്ടുകളായി പുലര്‍ത്തിപ്പോരുന്ന അന്താരാഷ്ട്ര കീഴ്‌വഴക്കങ്ങള്‍ക്ക് എതിരാണെന്ന് ടോക്കിയോയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഒബാമ ചൂണ്ടിക്കാട്ടി.