ലോക്പാല്‍: തീരുമാനമെടുക്കുക അടുത്ത സര്‍ക്കാര്‍

Posted on: April 25, 2014 12:47 am | Last updated: April 24, 2014 at 11:48 pm

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പിന് ശേഷം അധികാരത്തില്‍ വരുന്ന സര്‍ക്കാറാണ് ലോക്പാല്‍ സംബന്ധിച്ച തീരുമാനമെടുക്കുകയെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ചെയര്‍മാനെയും അംഗങ്ങളെയും തീരുമാനിക്കുന്നതില്‍ ധൃതിപ്പെട്ട് തീരുമാനമെടുക്കില്ല. കാലാവധി അവസാനിക്കാനിരിക്കെ തിടുക്കപ്പെട്ട് ലോക്പാലിനെ നിയമിക്കാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ വാദം കേള്‍ക്കവേയാണ് നിലപാട് മയപ്പെടുത്തുന്നതായി കേന്ദ്രം കോടതിയെ അറിയിച്ചത്. ഇതു സംബന്ധിച്ച കേസ് പരിഗണിക്കുന്നതിനിടെ സോളിസിറ്റര്‍ ജനറല്‍ മോഹന്‍ പരാശരന്‍ സര്‍ക്കാര്‍ തീരുമാനം കോടതിയെ അറിയിക്കുകയായിരുന്നു. കേസ് മെയ് അഞ്ചിലേക്ക് മാറ്റി. അതുവരെ ഒരു ഇടക്കാല ഉത്തരവിന്റെ ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.