മാഹിയില്‍ 70.15 ശതമാനം പോളിംഗ്

Posted on: April 25, 2014 12:44 am | Last updated: April 24, 2014 at 11:45 pm

തലശ്ശേരി: പുതുച്ചേരി ലോക്‌സഭാ മണ്ഡലത്തില്‍ പെട്ട മാഹിയില്‍ 70.15 ശതമാനം പോളിംഗ്. തുടക്കത്തില്‍ ആദ്യത്തെ രണ്ട് മണിക്കൂറില്‍ ആകെ 15 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. ചില ബൂത്തുകളില്‍ മാത്രമാണ് കുറച്ചുപേരുടെയെങ്കിലും ക്യൂ ഉണ്ടായിരുന്നത്.
14-ാം നമ്പര്‍ ചെമ്പ്ര ബൂത്തില്‍ പോളിംഗ് 50 മിനുട്ട് വൈകി രാവിലെ 7.50ഓടെയാണ് തുടങ്ങിയത്. യന്ത്രത്തകരാറിനെ തുടര്‍ന്നാണ് വോട്ടിംഗ് വൈകാനിടയാക്കിയത്. പന്തക്കല്‍, ചാലക്കര, അവറോത്ത്, ചെമ്പ്ര ബൂത്തുകളിലാണ് തിരക്കനുഭവപ്പെട്ടത്. പ്രശ്‌ന ബാധിത ബൂത്തുകളില്‍ രണ്ടിടങ്ങളില്‍ ഐ പി ക്യാമറകളും രണ്ടിടത്ത് മൈക്രോ ഒബ്‌സര്‍വര്‍മാരുടെയും സേവനം ലഭ്യമാക്കിയിട്ടുണ്ട്. 30സ്ഥാനാര്‍ഥികള്‍ ഉണ്ടായിരുന്ന മണ്ഡലത്തില്‍ രണ്ട് മെഷീനുകളിലാണ് സ്ഥാനാര്‍ത്ഥികളുടെ പേരു വിവരവും രേഖപ്പെടുത്തിയിരുന്നത്. വോട്ടിംഗ് കമ്പാര്‍ട്ട്‌മെന്റില്‍ പരസ്പരം മാറ്റിവെച്ച പള്ളൂര്‍ 25-ാമത് ബൂത്തില്‍ രാവിലെ ഒന്നര മണിക്കൂര്‍ വോട്ട് ചെയ്തവരില്‍ ചിലരെ ആശയക്കുഴപ്പത്തിലാക്കി. പൊതുവെ സമാധാനപരമായാണ് പോളിംഗ് നടന്നത്.