Connect with us

International

ഉക്രൈനിനെ റഷ്യ അസ്ഥിരപ്പെടുത്തുന്നു: യു എസ്

Published

|

Last Updated

വാഷിംഗ്ടണ്‍/ മോസ്‌കോ/ കീവ്: ഉക്രൈനിന്റെ കിഴക്കന്‍ മേഖലയില്‍ അശാന്തിയും അസ്ഥിരതയും വിതക്കുകയാണ് റഷ്യയെന്ന് അമേരിക്ക. ഉക്രൈനിലെ പ്രതിസന്ധി ലഘൂകരിക്കാന്‍ റഷ്യ സഹായിക്കാത്തപക്ഷം കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി മുന്നറിയിപ്പ് നല്‍കി. അതേസമയം, കിഴക്കന്‍ മേഖലയിലെ പ്രക്ഷോഭകാരികള്‍ക്കെതിരെ നടത്തുന്ന സൈനിക നടപടി ഗൗരവ കുറ്റമാണെന്നും ഇതിന് ഉക്രൈന്‍ പിഴയൊടുക്കേണ്ടി വരുമെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് പറഞ്ഞു. മൂന്നാം ലോക മഹായുദ്ധം ആരംഭിക്കുക എന്നതാണ് റഷ്യയുടെ ആവശ്യമെന്ന് ഉക്രൈന്‍ പ്രധാനമന്ത്രി ആഴ്‌സെനി യാത്‌സെന്‍യൂക് ആരോപിച്ചു.
ഉക്രൈനിന്റെ ഇടക്കാല ഭരണകൂടത്തെ കെറി പ്രശംസിച്ചു. ഏപ്രില്‍ 17ലെ ജനീവ കരാറിനെ ഉക്രൈന്‍ മാനിച്ചതിനെ കെറി അഭിനന്ദിച്ചു. എന്നാല്‍, ശ്രദ്ധതിരിച്ച് വഞ്ചന നടത്തുകയാണ് റഷ്യ. ഉക്രൈനിനെ അസ്ഥിരപ്പെടുത്താനാണ് മോസ്‌കോ ശ്രമിക്കുന്നത്. സര്‍ക്കാര്‍ ഓഫീസുകള്‍ പിടിച്ചെടുത്ത പ്രക്ഷോഭകാരികളെ പിന്തിരിപ്പിക്കാന്‍ റഷ്യക്ക് സാധിച്ചിട്ടില്ല. ഇക്കാര്യം ശരിയാണെന്ന് യു എസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. ജനീവ കരാര്‍ പ്രകാരം അവരെ നിരായുധരാക്കാനും സാധിച്ചിട്ടില്ല. പുടിന്റെ ഭാവനകളാണ്, ഉക്രൈനില്‍ നടക്കുന്ന കാര്യങ്ങളായി റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലപാട് മാറ്റിയില്ലെങ്കില്‍ കനത്ത ഉപരോധം ഏര്‍പ്പെടുത്തുമെന്ന് കെറി ഭീഷണി മുഴക്കി.
ഉക്രൈന്‍ സൈന്യത്തിന്റെ റെയ്ഡിനെ തുടര്‍ന്ന്, അതിര്‍ത്തിയില്‍ സൈനിക പരിശീലനം തുടങ്ങാന്‍ റഷ്യ ഉത്തരവിട്ടു. അതിര്‍ത്തിയില്‍ നിലയുറപ്പിച്ച പതിനായിരക്കണക്കിന് റഷ്യന്‍ സൈനികര്‍ ഒരു കിലോമീറ്റര്‍ അതിര്‍ത്തിക്കുള്ളിലേക്ക് കടന്നിട്ടുണ്ടെന്ന് ഉക്രൈന്‍ പ്രതിരോധ മന്ത്രി മിഖായേല്‍ കോവല്‍ കുറ്റപ്പെടുത്തി. റഷ്യയും അമേരിക്കയും വാക്‌പോര് നടത്തുന്ന പശ്ചാത്തലത്തിലാണ് ഈ വാര്‍ത്ത.
സ്വന്തം പൗരന്‍മാര്‍ക്കെതിരെ യുദ്ധക്കുറ്റം നടത്തുകയാണ് ഉക്രൈനെന്ന ആരോപണം റഷ്യ ആവര്‍ത്തിച്ചു. സൈനികമായും രാഷ്ട്രീയമായും രാജ്യത്ത് അധിനിവേശം നടത്തുകയാണ് റഷ്യയെന്ന് ഉക്രൈന്‍ തിരിച്ചടിച്ചു. ഈ സംഘര്‍ഷം യൂറോപ്പിലൊന്നാകെ പടര്‍ത്താനാണ് റഷ്യയുടെ പദ്ധതിയെന്നും ഉക്രൈന്‍ ആരോപിച്ചു. അതേസമയം, തുറമുഖനഗരമായ ഒഡേസ്സയിലെ ചെക്ക്‌പോയിന്റില്‍ സ്‌ഫോടനം നടന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്ലോവിയന്‍സ്‌ക് നഗരത്തില്‍ വ്യാഴാഴ്ച ഉക്രൈന്‍ കമാന്‍ഡോകള്‍ വ്യാപകമായി നടത്തിയ തിരച്ചിലില്‍ രണ്ട് പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടിരുന്നു.

Latest