Connect with us

National

11 സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് ആരംഭിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: പതിനൊന്ന് സംസ്ഥാനങ്ങളിലെ 117 മണ്ഡലങ്ങള്‍ ഇന്ന് ജനവിധി തേടും. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും ഇന്നാണ് തിരഞ്ഞെടുപ്പ്. 2076 സ്ഥാനാര്‍ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. തമിഴ്‌നാട്ടിലെ മുഴുവന്‍ മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും. 39 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്ന വലിയ സംസ്ഥാനവും തമിഴ്‌നാടാണ്. മഹാരാഷ്ട്രയിലെ 19, ഉത്തര്‍പ്രദേശിലെ 12, മധ്യപ്രദേശിലെ 10, ബീഹാര്‍, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലെ ഏഴ് വീതം, അസം, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലെ ആറ് വീതം, രാജസ്ഥാനിലെ അഞ്ച്, ജമ്മു കാശ്മീര്‍, പുതുച്ചേരി എന്നിവിടങ്ങളിലെ ഒന്ന് വീതം മണ്ഡലങ്ങളിലേക്കും ഇന്നാണ് തിരഞ്ഞെടുപ്പ്. 117 സീറ്റുകളില്‍ 37 എണ്ണത്തില്‍ കോണ്‍ഗ്രസും 24 സീറ്റില്‍ ബി ജെ പിയുമാണ് കഴിഞ്ഞ തവണ വിജയിച്ചത്. 179,084,206 വോട്ടര്‍മാരാണ് ഇന്ന് ജനവിധി നിര്‍ണയിക്കുന്നത്. ഇതില്‍ 5.50 കോടി വോട്ടര്‍മാര്‍ തമിഴ്‌നാട്ടിലാണ്. ഇവിടെ 61000 പോളിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. 1.47 ലക്ഷം പോലീസുകാരെയാണ് സുരക്ഷാക്കായി നിയോഗിച്ചിട്ടുള്ളത്. 845 സ്ഥാനാര്‍ഥികളാണ് തമിഴ്‌നാട്ടില്‍ മാത്രം മത്സരിക്കുന്നത്. ഇതില്‍ 55 പേര്‍ വനിതകളാണ്.
മുന്‍ കേന്ദ്രമന്ത്രിമാരായ ദയാനിധി മാരന്‍, എ രാജ, ടി ആര്‍ ബാലു, എസ് ജഗത്രാക്ഷന്‍, ടി കെ എസ് ഇളങ്കോവന്‍ എന്നിവര്‍ ഡി എം കെയില്‍ നിന്നും മുന്‍ കേന്ദ്ര മന്ത്രി മണിശങ്കര്‍ അയ്യര്‍ കോണ്‍ഗ്രസില്‍ നിന്നും പാട്ടാളി മക്കള്‍ കച്ചി നേതാവും മുന്‍ കേന്ദ്ര ആരോഗ്യമന്ത്രിയുമായ ഡോ. അന്‍പുമണി രാംദോസ് എന്നിവര്‍ മത്സരിക്കുന്നു. എം ഡി എം കെ നേതാവ് എം വൈകോയും മത്സരരംഗത്തുണ്ട്. എന്‍ ഡി എയുടെ സഖ്യ കക്ഷിയാണ് എം ഡി എം കെ. ചെന്നൈ സൗത്ത് മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ ജനവിധി തേടുന്നത്. 42 സ്ഥാനാര്‍ഥികളാണ് ഇവിടെയുള്ളത്.
ഉത്തര്‍പ്രദേശിലെ മഥുരയിലും ഇന്നാണ് തിരഞ്ഞെടുപ്പ്. 16.5 ലക്ഷം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 12 സ്ഥാനാര്‍ഥികളും മത്സരിക്കുന്നു. ബി ജെ പിയുടെ താര സ്ഥാനാര്‍ഥി ഹേമാമാലിനിയാണ് ശ്രദ്ധാകേന്ദ്രം. ഛത്തീസ്ഗഢിലെ മൂന്നാമത്തെയും അവസാനത്തെയും ഘട്ടമാണ് ഇന്ന്. പത്ത് സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടക്കുന്ന മധ്യപ്രദേശില്‍ 118 സ്ഥാനാര്‍ഥികള്‍ മത്സര രംഗത്തുണ്ട്. 17 പേര്‍ വനിതാ സ്ഥാനാര്‍ഥികളാണ്. 69 ലക്ഷം വോട്ടര്‍മാണ് വോട്ടെടുപ്പില്‍ പങ്കെടുക്കുക. വിധിഷ, ദേവാസ്, ഇന്‍ഡോര്‍, ഉജ്ജയ്ന്‍, റത്‌ലം, മണ്ടസൂര്‍, കണ്ടാവ, ഖാര്‍ഗോം, ബേതുല്‍ എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 19,446 പോളിംഗ് ബൂത്തുകള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്.
അസമില്‍ 74 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. 94 ലക്ഷം വോട്ടര്‍മാരാണ് ബൂത്തിലെത്തുക. ഗുവാഹത്തി, നാഗോണ്‍, ദിബുരി, ബെര്‍പെത, കൊക്രജാര്‍ സീറ്റുകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസ,് ബി ജെ പി, അസം ഗണപരിഷത്, എ ഐ യു ഡി എഫ്, എ എ പി, തൃണമൂല്‍ കോണ്‍ഗ്രസ്, ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട്, സമാജ്‌വാദി പാര്‍ട്ടി എന്നിവരാണ് മത്സര രംഗത്തുള്ളത്. 200 കമ്പനി കേന്ദ്ര സേനയെയും രണ്ട് ഹെലികോപ്ടറുകളും ഇവിടെ സുരക്ഷയുടെ ഭാഗമായി നിയോഗിച്ചു. 100 മൈക്രോ ഒബ്‌സര്‍വര്‍മാരെയും നിയോഗിച്ചു. രാജസ്ഥാനില്‍ ആല്‍വാര്‍, ഭരത്പൂര്‍, ദൗസ, ടോന്‍ക് സവായ് മധോപൂര്‍, കരോളി ദോല്‍പൂര്‍ മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ്. 80 ലക്ഷം വോട്ടര്‍മാരാണ് ഇവിടെ വിധിയെഴുതുക. 81 സ്ഥാനാര്‍ഥികളും മത്സരരംഗത്തുണ്ട്.
കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ്, നമോ നാരായണ്‍ മീണ, ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീന്‍, ബി ജെ പിയുടെ മന്‍ഹന്ത് ചന്ദ്രകാന്ത് തുടങ്ങിയവരാണ് പ്രമുഖ സ്ഥാനാര്‍ഥികള്‍. 4200 പോലീസുകാരെയാണ് ഇവിടെ സുരക്ഷക്ക് നിയോഗിച്ചത്. 114 കമ്പനി കേന്ദ്ര സേനയും രംഗത്തുണ്ട്.
പശ്ചിമ ബംഗാളിലെ ആറ് മണ്ഡലങ്ങളിലായി 83 ലക്ഷം വോട്ടര്‍മാര്‍ ഇന്ന് വോട്ടെടുപ്പില്‍ പങ്കെടുക്കും. 78 സ്ഥാനാര്‍ഥികളാണ് ഇവിടെ മത്സരിക്കുന്നത്. രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയുടെ മകന്‍ അഭിജിത്, അബു ഹാഷിം ഖാന്‍ ചൗധരി, േമൗസും നൂര്‍ എന്നിവര്‍ കോണ്‍ഗ്രസിന്റെ പ്രമുഖ സ്ഥാനാര്‍ഥികളാണ്. പ്രശ്‌സ്ത ബാന്‍ഡ് ഗായഗകന്‍ സൗമിത്രാ റായ് തൃണമൂല്‍ സ്ഥാനാര്‍ഥിയാണ്. മുന്‍ കേന്ദ്ര മന്ത്രി പ്രിയാരഞ്ജന്‍ ദാസ് മുന്‍ഷിയുടെ ഭാര്യ കോണ്‍ഗ്രസ് ടിക്കറ്റിലും സഹോദരന്‍ തൃണമൂല്‍ ടിക്കറ്റിലും റായ്ഗഞ്ചില്‍ നിന്ന് വിധിയെഴുതും. 17 സ്ഥാനാര്‍ഥികളാണ് ഇവിടെ മത്സര രംഗത്തുള്ളത്. റായ്ഗഞ്ച്, മല്‍ദാഹ ഉത്തര്‍, ജാര്‍ഗിപൂര്‍, മുര്‍ഷിദാബാദ്, ബലുര്‍ഗത്.

 

Latest